ഗോധ്ര കേസ്: അപ്പീലുകൾ മേയ് ആറിനും ഏഴിനും പരിഗണിക്കും
text_fieldsന്യൂഡൽഹി: 2002ലെ ഗോധ്ര ട്രെയിൻ തീവെപ്പ് കേസിൽ ഗുജറാത്ത് സർക്കാർ ഉൾപ്പെടെ നൽകിയ അപ്പീലുകളിൽ മേയ് ആറിനും ഏഴിനുമായി അന്തിമവാദം കേൾക്കുമെന്ന് സുപ്രീംകോടതി. കേസിൽ കുറ്റക്കാരിലൊരാൾക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് ഹെഗ്ഡെ തന്റെ കക്ഷിക്കുവേണ്ടിയുള്ള വാദങ്ങൾ പുതുക്കി സമർപ്പിക്കണമെന്ന് ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, രാജേഷ് ബിന്ദൽ എന്നിവർ ആവശ്യപ്പെട്ടു.
ഇത് മേയ് മൂന്നിനകം നൽകണം. വാദം നടക്കുന്ന ദിവസങ്ങളിൽ മറ്റു കേസുകൾ പ്രത്യേക സാഹചര്യത്തിലല്ലാതെ കേൾക്കില്ലെന്നും ജസ്റ്റിസ് മഹേശ്വരി വ്യക്തമാക്കി. ഇക്കാര്യം ബെഞ്ച് രജിസ്ട്രിയുടെ ശ്രദ്ധയിൽപെടുത്തി. 2002 ഫെബ്രുവരി 27ന് ഗോധ്രയിൽ സബർമതി എക്സ്പ്രസിന്റെ എസ് -ആറ് കോച്ചിൽ തീപടർന്ന് 59 പേരാണ് കൊല്ലപ്പെട്ടത്. ഇതിനു പിന്നാലെയാണ് ഗുജറാത്തിൽ രാജ്യത്തെ നടുക്കിയ മുസ്ലിം വിരുദ്ധ കലാപമുണ്ടായത്.
കേസ് പരിഗണിച്ച ഗുജറാത്ത് ഹൈകോടതിയുടെ 2017ലെ വിധിക്കെതിരെ നിരവധി അപ്പീലുകളാണ് സുപ്രീം കോടതിയിലെത്തിയത്. നിരവധിപേരുടെ ശിക്ഷ ശരിവെച്ച ഹൈകോടതി 11 പേരുടെ വധശിക്ഷ ജീവപര്യന്തമാക്കിയിരുന്നു. ഈ നടപടിയാണ് ഗുജറാത്ത് സർക്കാർ ചോദ്യംചെയ്തത്. 11 പേർക്കും വധശിക്ഷ നൽകണമെന്നാണ് ഗുജറാത്ത് സർക്കാർ പരമോന്നത കോടതിയിൽ ആവശ്യപ്പെട്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

