ആടിനെ മോഷ്ടിക്കാൻ കയറിയത് പുലിയെ പിടിക്കാൻ വെച്ച കൂട്ടിൽ, രാത്രി മുഴുവൻ പുലിക്കെണിയിൽ കുടുങ്ങി കള്ളൻ
text_fieldsലക്നോ: പുലിയെ പിടികൂടാൻ വെച്ച കൂട്ടിൽ കുടുങ്ങിയത് കള്ളൻ. ഉത്തർപ്രദേശിലെ ബഹ്റൈച്ചിലാണ് രസകരമായ സംഭവം നടന്നത്. നാട്ടുകാർക്ക് തലവേദനയായ പുലിയെ പിടിക്കാൻ വനംവകുപ്പ് സ്ഥാപിച്ച കൂടിലാണ് കള്ളൻ കുടുങ്ങിയത്.
ഉംറി ഗ്രാമത്തിലെ ഫഖർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞദിവസം രാത്രിയാണ് പുലിക്കെണിയിൽ വെച്ചിരുന്ന ആടിനെ മോഷ്ടിക്കാനാണ് കള്ളൻ കയറിയത്. പ്രദേശവാസിയായ പ്രദീപ് കുമാർ രാത്രി ഗ്രാമീണർ ഉറങ്ങിയ സമയത്ത് ആടിനെ മോഷ്ടിക്കാൻ കൂട്ടിലേക്ക് കയറുകയായിരുന്നു. ഇതോടെ കൂടിന്റെ ഓട്ടോമാറ്റിക് ഡോർ അടഞ്ഞു. ഒരുവിധത്തിലും പുറത്തിറങ്ങാനാവാത്ത അവസ്ഥയിലായി പിന്നീട് ഇയാൾ.
ഡോർ തുറക്കാൻ പലതവണ ശ്രമിച്ചിട്ടും നടക്കാതെവന്നതോടെ മൊബൈൽ ഫോണെടുത്ത് പരിചയമുള്ളവരെ വിളിച്ച് ഇയാൾ വിവരം പറഞ്ഞു. ഇതോടെ നാട്ടുകാർ കൂടിനടുത്തെത്തുകയും വനംവകുപ്പിനെ വിവരമറിയിക്കുകയും ചെയ്തു. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പുലർച്ചെയോടെ കൂട് തുറന്ന ശേഷം കള്ളനെ പുറത്തിറക്കി.
എന്തിനാണ് അകത്തുകയറിയതെന്ന് ഉദ്യോഗസ്ഥർ ചോദിച്ചപ്പോൾ കൂട് നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ടോ എന്നും ആട് സുരക്ഷിതനാണോ എന്നും അറിയാൻ കയറിയതാണെന്നായിരുന്നു ഉത്തരം.
ബുധനാഴ്ച വൈകുന്നേരം കരിമ്പിൻ തോട്ടത്തിൽ വെച്ച് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ അതേ ഗ്രാമത്തിലെ 55കാരിയായ ശാന്തി ദേവി കൊല്ലപ്പെട്ടതിനെ തുടർന്ന് പ്രദീപിന്റെ വീട്ടിൽ നിന്ന് വെറും 500 മീറ്റർ അകലെയാണ് പുലിക്കെണി സ്ഥാപിച്ചിരുന്നത്. ഗ്രാമവാസികൾ പുലിയെ ഭയപ്പെടുത്തി ഓടിക്കാൻ ശ്രമിച്ചെങ്കിലും ഗുരുതരമായി സ്ത്രീ പിന്നീട് മെഡിക്കൽ കോളേജിലെ ചികിത്സക്കിടെ മരിച്ചു.
കൂട്ടിൽ കയറാൻ ശ്രമിക്കുന്നത് വളരെയധികം അപകടം സൃഷ്ടിക്കുമെന്ന് ഡി.എഫ്.ഒ രാം സിങ് യാദവ് പ്രതികരിച്ചു. കൂടിന്റെ കട്ടിയുള്ള വാതിൽ ദേഹത്ത് പതിച്ചിരുന്നെങ്കിൽ മാരകമായ പരിക്കുകൾ ഉണ്ടാകുമായിരുന്നു. മാത്രമല്ല, പുള്ളിപ്പുലി സമീപത്തുണ്ടായിരുന്നെങ്കിൽ കൂടുതൽ അപകടം ആയേനെ എന്നും അദ്ദേഹം പറഞ്ഞു. പുലിയെ പിടിക്കാൻ സ്ഥാപിച്ച കെണിയിൽ നിന്ന് മാറി നിൽക്കണമെന്ന് പ്രദേശവാസികളോട് അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

