പനാജി: ഗോവയിൽ യുവാവിനെ കൊലപ്പെടുത്തി കഷണങ്ങളാക്കി വനത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ യുവതിയടക്കം നാലു പേരെ അറസ്റ്റ് ചെയ്തു. ഒരു മാസം മുൻപാണ് കൽപന ബസു(31) ഭർത്താവായ ബസുവരാജ് ബസുവിനെ കൊലപ്പെടുത്തിയത്. വീട്ടിലുണ്ടായ ചെറിയ കലഹത്തെ തുടർന്ന് ഭർത്താവിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് കൽപന പൊലീസിന് മൊഴി നൽകി.അതിന് ശേഷം ഭർത്താവിന്‍റെ മൂന്ന് സുഹൃത്തുക്കളെ വിളിച്ചുവരുത്തുകയായിരുന്നു. മൃതദേഹം വെട്ടിമുറിക്കാനും കാട്ടിലുപേക്ഷിക്കാനും ഇവർ സ്വയം സന്നദ്ധത പ്രകടിപ്പിക്കുകയായിരുന്നു.
ബസുവരാജിന്‍റെ സുഹൃത്തുക്കളായ മൂന്നുപേരിൽ ഒരാളുടെ ഭാര്യ പൊലീസിന് നൽകിയ വിവരത്തെ തുടർന്നാണ് സംഭവം പുറത്തായത്. തന്‍റെ ഭർത്താവ് അസ്വാഭാവികമായി പെരുമാറുന്നുണ്ടെന്ന തോന്നൽ ശക്തമായതിനെ തുടർന്ന് ഭാര്യ ഇക്കാര്യം പൊലീസിനെ അറിയിക്കുകയായിരുന്നു. സംശയത്തെ തുടർന്ന് ചോദ്യം ചെയ്തപ്പോൾ ഇയാൾ കൊലപാതകവിവരം പൊലീസിനോട് വെളിപ്പെടുത്തി. എന്നാൽ ആരുടെ ഭാര്യയാണ് പരാതി നൽകിയതെന്ന വിവരം പൊലീസ് പുറത്തുവിട്ടിട്ടില്ല.
വീട്ടിൽ വെച്ചാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്ന് യുവതി മൊഴി നൽകി. മൃതദേഹം മൂന്നായി മുറിച്ചതിന് ശേഷം ചാക്കുകളിലാക്കി ഗോവ-കർണാടക അതിർത്തിയിലെ വനത്തിൽ ഉപേക്ഷിക്കുകയായിരുന്നു. പ്രദേശത്ത് തെരച്ചിൽ നടത്തിയ പൊലീസിന് മൃതദേഹത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെടുക്കാൻ കഴിഞ്ഞു. ഇത് ഫോറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ട്.
കൽപന ബസുവിനേയും ഭർത്താവിന്‍റെ സുഹൃത്തുക്കളായ സുരേഷ് കുമാർ, അബ്ദുൽ കരീം ഷെയ്ഖ്, പങ്കജ് പവാർ എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. നാലുപേരും കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു.
കൽപനക്കും ബസുവരാജ് ബസുവിനും പ്രായപൂർത്തിയാകാത്ത രണ്ടു മക്കളുണ്ട്.