Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പട്ടികവർഗ സംവരണ നടപടികൾ തടഞ്ഞ ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഗോവ സർക്കാർ

text_fields
bookmark_border
പട്ടികവർഗ സംവരണ നടപടികൾ തടഞ്ഞ ഹൈകോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഗോവ സർക്കാർ
cancel

പനാജി: 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പട്ടികവർഗക്കാർക്ക് നിയമസഭയിൽ സംവരണം ഉറപ്പാക്കുന്നതിനെതിരായ ബോംബെ ഹൈകോടതി ഉത്തരവിൽ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി ഗോവ സർക്കാർ. പട്ടികവർഗ വിഭാഗത്തിന്റെ ജനസംഖ്യാ കണക്കുകൾ പ്രസിദ്ധീകരിക്കുന്നത് തടഞ്ഞ ഹൈകോടതിയുടെ ഇടക്കാല ഉത്തരവ് നീക്കണമെന്നാണ് സർക്കാറിന്റെ ആവശ്യം.

ഇതിനായി ഈ ആഴ്ചതന്നെ പ്രത്യേകാനുമതി ഹരജി സമർപ്പിക്കുമെന്ന് ഗോവ എൻ.ആർ.ഐ കമീഷണർ നരേന്ദ്ര സാവായ്കർ പി.ടി.ഐയോട് പറഞ്ഞു. ബുധനാഴ്ചയോടെ ഹരജി നൽകാനാണ് നീക്കം. ഹൈകോടതി ഉത്തരവിനെത്തുടർന്ന് നിയമനടപടികൾ ആലോചിക്കാൻ ഗോവ നിയമസഭാ സ്പീക്കർ ഗണേഷ് ഗാവോങ്കർ, കലാ-സാംസ്കാരിക മന്ത്രി രമേശ് തവദ്കർ, നരേന്ദ്ര സാവായ്കർ എന്നിവരടങ്ങുന്ന സംസ്ഥാന പ്രതിനിധിസംഘം തിങ്കളാഴ്ച ഡൽഹിയിലെത്തിയിരുന്നു. പട്ടികവർഗക്കാർക്ക് നിയമസഭയിൽ സംവരണം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ കോടതി ഉത്തരവോടെ തടസ്സപ്പെട്ടേക്കുമെന്ന ആശങ്കയെ തുടർന്നാണ് സർക്കാർ നിയമപരമായ വഴികൾ സ്വീകരിക്കുന്നത്.

കഴിഞ്ഞയാഴ്ചയാണ് ബോംബെ ഹൈകോടതിയുടെ പനാജി ബെഞ്ച് പട്ടികവർഗ ജനസംഖ്യാ കണക്കുകൾ വിജ്ഞാപനം ചെയ്യുന്നതിൽനിന്ന് സെൻസസ് കമീഷണറെ തടഞ്ഞത്. 2026നുശേഷം നടക്കുന്ന ആദ്യ ഔദ്യോഗിക സെൻസസിന്റെ അടിസ്ഥാനത്തിലല്ലാതെ പട്ടികവർഗ ജനസംഖ്യ കണക്കാക്കാനാവില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ജസ്റ്റിസുമാരായ വാൽമീകി മെനേസസ്, അമിത് എസ്. ജാംസന്ദേക്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

'റീഅഡ്ജസ്റ്റ്മെന്റ് ഓഫ് റെപ്രസന്റേഷൻ ഓഫ് ഷെഡ്യൂൾഡ് ട്രൈബ്സ് ഇൻ അസംബ്ലി കോൺസ്റ്റിറ്റുവൻസീസ് ഓഫ് ദ സ്റ്റേറ്റ് ഓഫ് ഗോവ ആക്ട്, 2025' എന്ന നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യംചെയ്തുള്ള ഹരജി പരിഗണിക്കവെയായിരുന്നു നടപടി. 2025 ആഗസ്റ്റിൽ പാർലമെന്റ് പാസാക്കിയ നിയമം 2026 ആഗസ്റ്റിലാണ് പ്രാബല്യത്തിൽ വന്നത്. ഗോവയിലെ പട്ടികവർഗ ജനസംഖ്യ നിർണയിക്കാനും അതിന്റെ അടിസ്ഥാനത്തിൽ നിയമസഭാ മണ്ഡലങ്ങൾ പുനഃക്രമീകരിച്ച് സമുദായത്തിന് രാഷ്ട്രീയ സംവരണം ഉറപ്പാക്കാനുമാണ് നിയമം ലക്ഷ്യമിടുന്നത്.

ഹൈകോടതി ഉത്തരവോടെ 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് നാല് മണ്ഡലങ്ങൾ പട്ടികവർഗക്കാർക്കായി സംവരണം ചെയ്യാനുള്ള നടപടികളിൽ അനിശ്ചിതത്വം നിലനിൽക്കുകയാണ്. രണ്ട് പതിറ്റാണ്ടിലേറെയായി ഗോവയിലെ പട്ടികവർഗ സംഘടനകളും സമുദായ നേതാക്കളും നിയമസഭയിൽ രാഷ്ട്രീയ പ്രാതിനിധ്യം ആവശ്യപ്പെടുന്നുണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Goa to Move Supreme Court
Next Story