ഗോവ നിശാക്ലബ് തീപിടിത്തം: ഉടമകളായ ലുത്ര സഹോദരങ്ങൾ തായ്‌ലൻഡിൽ കസ്റ്റഡിയിൽ; ഇന്ത്യയിലേക്ക് കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങി
text_fieldsപനാജി: തീപിടിത്തമുണ്ടായ ഗോവ നിശാക്ലബ്ബിന്റെ സഹ ഉടമകളായ സൗരഭ് ലുത്രയെയും സഹോദരൻ ഗൗരവ് ലുത്രയെയും തായ് അധികൃതർ കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഇന്ത്യാ സർക്കാറിന്റെ അഭ്യർഥന മാനിച്ച് ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചതിനെത്തുടർന്ന് ഇരുവരെയും ഫുക്കറ്റിൽ നിന്ന് പിടികൂടി. അവരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു.
ഡിസംബർ 7ന് പുലർച്ചെ 1.17ന് വടക്കൻ ഗോവയിലെ അർപോറയിലുള്ള ‘ബിർച്ച് ബൈ റോമിയോ ലെയ്‌നി’ൽ തീപിടിത്തമുണ്ടായതായി അറിഞ്ഞ് മണിക്കൂറിനകം ഒരു യാത്രാ പോർട്ടൽ വഴി ലുത്രമാർ ഫുക്കറ്റിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തതായി ഉദ്യോഗസ്ഥർ പറഞ്ഞു.
ഞായറാഴ്ച പുലർച്ചെ ഒരു ഇൻഡിഗോ വിമാനത്തിൽ അവർ ഇന്ത്യയിൽ നിന്ന് പുറപ്പെട്ടു. അടിയന്തര രക്ഷാസംഘങ്ങൾ തീ അണക്കാനും രക്ഷാപ്രവർത്തനം നടത്താനും കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കെയായിരുന്നു ഇവരുടെ രക്ഷപ്പെടൽ.
തുടർന്ന് ഗോവ പൊലീസ് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെ സമീപിച്ചു. ക്രിമിനൽ അന്വേഷണങ്ങളുമായി ബന്ധപ്പെട്ട വ്യക്തികളുടെ ഐഡന്റിറ്റിയും സ്ഥലവും കണ്ടെത്തുന്നതിനായി ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. ഗോവ സർക്കാറിൽ നിന്ന് വിദേശകാര്യ മന്ത്രാലയത്തിനും ഒരു അറിയിപ്പ് ലഭിച്ചു. പാസ്‌പോർട്ട് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം ലുത്രമാരുടെ പാസ്‌പോർട്ടുകൾ റദ്ദാക്കണമെന്ന അപേക്ഷ പരിശോധിച്ചുവരികയാണ്.
ഇവരുടെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി കോടതി പരിഗണിച്ചു. ട്രാൻസിറ്റ് ജാമ്യത്തിനായുള്ള അവരുടെ അപേക്ഷയിൽ അഡീഷണൽ സെഷൻസ് ജഡ്ജി വന്ദന ഗോവ പൊലീസിൽ നിന്ന് പ്രതികരണം തേടിയിരിക്കുകയാണ്.
‘ഒളിച്ചോടിയിട്ടില്ല. ഒരു ബിസിനസ്സ് യാത്രക്കായി തായ്‌ലൻഡിലേക്ക് പോയതാണ്’ -എന്ന് ലുത്രമാരുടെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ഇരുവരും നിശാക്ലബ്ബിന്റെ ലൈസൻസുകാർ മാത്രമാണ്. യഥാർഥ ഉടമകളല്ല എന്നും അഭിഭാഷകൻ വാദിച്ചു. ഗോവയിലെ കോടതികളെ സമീപിക്കാൻ അവർ നാല് ആഴ്ചത്തെ ട്രാൻസിറ്റ് മുൻകൂർ ജാമ്യം തേടി. എന്നാൽ, അറസ്റ്റിൽ നിന്ന് ഇടക്കാല സംരക്ഷണം നൽകാൻ ഡൽഹി കോടതി വിസമ്മതിച്ചു.
അതേസമയം, ഡൽഹി പൊലീസിന്റെ ക്രൈംബ്രാഞ്ച് നിശാക്ലബ്ബിന്റെ പങ്കാളിയായ അജയ് ഗുപ്തയെ കസ്റ്റഡിയിലെടുത്തു. സാകേത് കോടതിയിൽ ഹാജരാക്കിയ ഇയാളെ വിമാന സർവിസുകളിലെ തടസ്സങ്ങൾ കാരണം, അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് വിനോദ് ജോഷി ഗോവ പൊലീസിന് 36 മണിക്കൂർ ട്രാൻസിറ്റ് റിമാൻഡ് അനുവദിച്ചു. ഗോവയിലേക്ക് കൊണ്ടുവന്നാലുടൻ ഗുപ്തയെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യുമെന്ന് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞു.
ചീഫ് ജനറൽ മാനേജർ രാജീവ് മോഡക്, ജനറൽ മാനേജർ വിവേക് സിങ്, ബാർ മാനേജർ രാജീവ് സിംഘാനിയ, ഗേറ്റ് മാനേജർ റിയാൻഷു താക്കൂർ, ജീവനക്കാരൻ ഭരത് കോഹ്‌ലി എന്നീ അഞ്ച് ജീവനക്കാരെ ഗോവ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

