ലൈംഗികാതിക്രമ കേസിൽ തരുൺ തേജ്പാലിന് ജീവപര്യന്തം തടവ് നൽകണം; സുപ്രീം കോടതിയെ സമീപിച്ച് ഗോവ സർക്കാർ
text_fieldsന്യൂഡൽഹി: ലൈംഗികാതിക്രമ കേസിൽ തെഹൽക്ക എഡിറ്റർ ഇൻ ചീഫ് തരുൺ തേജ്പാലിന് ബോംബെ ഹൈകോടതി വിധിച്ച 10 വർഷത്തെ തടവുശിക്ഷ അപര്യാപ്തമാണെന്നും, അത് ജീവപര്യന്തമായി വർധിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ഗോവ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. കുറ്റകൃത്യത്തിന്റെ ഗൗരവം വെച്ചുനോക്കുമ്പോൾ പ്രതിക്ക് ലഭിച്ച ശിക്ഷ വളരെ കുറഞ്ഞുപോയെന്ന് ചൂണ്ടിക്കാണിച്ചാണ് സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തത്.
പരാതിക്കാരിയായ യുവതി തന്റെ ജീവനക്കാരിയും സുഹൃത്തിന്റെ മകളുമാണെന്നും, തന്റെ സ്ഥാപനത്തിൽ നടന്ന ഒരു പരിപാടിക്കിടെ ജോലി നിർവഹിക്കുന്നതിനിടയിലാണ് തേജ്പാൽ തന്റെ അധികാര സ്ഥാനം ദുരുപയോഗം ചെയ്ത് ഈ കുറ്റകൃത്യം ചെയ്തതെന്നും ഗോവ സർക്കാരിന്റെ അപ്പീലിൽ വ്യക്തമാക്കുന്നു. 13 വർഷം മുമ്പാണ് കുറ്റകൃത്യം നടന്നതെന്നും അതിജീവതയും പ്രതിയും അവരുടെ ജീവിതവുമായി മുന്നോട്ട് പോയി എന്നുമുള്ള കാരണത്താൽ ഹൈകോടതി 10 വർഷത്തെ തടവുശിക്ഷ വിധിച്ചതിനെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തു.
‘കാലതാമസം ഒരിക്കലും കുറ്റവാളിക്ക് അനുകൂലമായ ഘടകമാകാനോ, നീതി വൈകുന്നതിന് പ്രതിഫലം നൽകാനോ കാരണമാകരുത്. പ്രത്യേകിച്ച് അത് ഇരയുടെ ചെലവിലാവുമ്പോൾ അംഗീകരിക്കാനാവില്ല. ചുമത്തപ്പെട്ട ശിക്ഷ കുറ്റകൃത്യങ്ങളുടെ ഗൗരവത്തെയോ തെളിയിക്കപ്പെട്ട ഗൗരവമേറിയ സാഹചര്യങ്ങളെയോ പൂർണമായി പ്രതിഫലിപ്പിക്കുന്നില്ല. ഇരയുടെ മേൽ തേജ്പാൽ 'ആധിപത്യം, നിയന്ത്രണം, വിശ്വാസം, അധികാരം' എന്നിവയുടെ സ്വാധീനം ചെലുത്തിയതായി ഹൈകോടതി തന്നെ കണ്ടെത്തിയിട്ടുണ്ടെന്ന് സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിച്ചു. വിചാരണ വേളയിൽ ഇരയോട് പെരുമാറിയ രീതിയും ശിക്ഷാവിധി നിർണ്ണയിക്കുമ്പോൾ ഉചിതമായ പരിഗണന അർഹിക്കുന്ന മറ്റൊരു പ്രധാന സാഹചര്യമാണെന്നും അപ്പീലിൽ കൂട്ടിച്ചേർത്തു. അതേസമയം ഹൈകോടതി വിധിച്ച ശിക്ഷയും കുറ്റവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് തേജ്പാൽ സുപ്രീം കോടതിയെ സമീപിച്ചിട്ടുണ്ട്.
കഴിഞ്ഞ ആഗസ്റ്റ് 6-നാണ് ബോംബെ ഹൈകോടതിയുടെ ഗോവ ബെഞ്ചിലെ ജസ്റ്റിസുമാരായ നീല ഗോഖലെ, അമിത് ജംസന്ദേകർ എന്നിവരടങ്ങിയ ബെഞ്ച് വിചാരണക്കോടതിയുടെ വെറുതെവിടൽ ഉത്തരവ് റദ്ദാക്കുകയും തേജ്പാലിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും ചെയ്തത്. സംഭവം നടന്ന് 13 വർഷം കഴിഞ്ഞിട്ടും തേജ്പാലിന്റെ ഭാഗത്തുനിന്ന് മറ്റ് കുറ്റകൃത്യങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന കാര്യം ചൂണ്ടിക്കാണിച്ചാണ് ഹൈകോടതി അദ്ദേഹത്തിന് പരമാവധി ശിക്ഷയായ ജീവപര്യന്തം ഒഴിവാക്കി നിയമപരമായി നൽകാവുന്ന ഏറ്റവും കുറഞ്ഞ ശിക്ഷയായ 10 വർഷത്തെ തടവ് വിധിച്ചത്.
2013 നവംബറിൽ ഗോവയിലെ ഒരു ആഡംബര ഹോട്ടലിൽ വെച്ച് തെഹൽക്കയുടെ പരിപാടിക്കിടെ ജൂനിയർ സഹപ്രവർത്തകയെ ലിഫ്റ്റിൽ വെച്ച് തരുൺ തേജ്പാൽ ലൈംഗികമായി പീഡിപ്പിച്ചു എന്നാരോപിച്ചാണ് ഈ കേസ് രജിസ്റ്റർ ചെയ്യപ്പെട്ടത്. സുപ്രധാനമായ ഈ കേസിൽ വിചാരണക്ക് ശേഷം 2021ൽ ഗോവ സെഷൻസ് കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയിരുന്നു. എന്നാൽ ഇതിനെതിരെ സംസ്ഥാന സർക്കാർ ബോംബെ ഹൈകോടതിയിൽ അപ്പീൽ നൽകുകയും ഒടുവിൽ കോടതി അദ്ദേഹത്തെ ശിക്ഷിക്കുകയും ചെയ്യുകയായിരുന്നു.
ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം ബലാത്സംഗം, ലൈംഗികാക്രമണം, സ്ത്രീത്വത്തെ അപമാനിക്കാൻ ഉദ്ദേശിച്ചുള്ള കയ്യേറ്റം തുടങ്ങിയ കുറ്റങ്ങളാണ് അദ്ദേഹത്തിനെതിരെ തെളിഞ്ഞത്. ബലാത്സംഗക്കുറ്റത്തിന് കുറഞ്ഞത് 10 വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വ്യവസ്ഥകളാണ് നിലവിലുള്ളത്. കുറ്റകൃത്യത്തിന്റെ ഗൗരവം കണക്കിലെടുക്കുമ്പോൾ ഹൈകോടതി വിധിച്ച ശിക്ഷ പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ഇപ്പോൾ ഗോവ സർക്കാർ സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

