Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഗോവ കോൺഗ്രസിൽ...

ഗോവ കോൺഗ്രസിൽ പൊട്ടിത്തെറി​? പുതിയ പാർട്ടി രൂപവത്കരണ നീക്കവുമായി വിമതർ; ബി.ജെ.പിയുടെ ‘തിരക്കഥ’യെന്ന് കോൺഗ്രസ്

text_fields
bookmark_border
Goa Congress chief Girish Chodankar
cancel

പനാജി: ഗോവ ​പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ പുതിയ പ്രസിഡന്റായി ഗിരീഷ് ചോദങ്കറിനെ നിയമിച്ചതിന് പിന്നാലെ ആഭ്യന്തര ഭിന്നത രൂക്ഷമാകുന്നതിനിടെ, പാർട്ടി പിളർപ്പിലേക്കെന്ന് നീങ്ങുന്നുവെന്ന് റിപ്പോർട്ട്. ‘ഗോവ കോൺഗ്രസ് പാർട്ടി’ എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ ഒരു വിഭാഗം ആരംഭിച്ചതായാണ് വിവരം.

ഗിരീഷ് ചോദങ്കറുടെ നിയമനത്തിൽ അസന്തുഷ്ടരായ നേതാക്കളാണ് പുതിയ പാർട്ടി രൂപവത്കരണത്തിന് മുൻകൈ എടുത്തിരിക്കുന്നതെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. വിമത അംഗങ്ങൾ പുതിയ പാർട്ടി രൂപവത്കരിക്കുന്നതിന് തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായും അവർ പറയുന്നു.

എന്നാൽ, ഈ നീക്കത്തിന് പിന്നിൽ ബി.ജെ.പിയാണെന്ന് ഗോവ കോൺഗ്രസ് ആരോപിച്ചു. 2027 നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസിന്റെയും മറ്റ് മതനിരപേക്ഷ പാർട്ടികളുടെയും വോട്ടുകൾ ഭിന്നിപ്പിക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നതെന്ന് ഗോവ കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. നേരത്തെയും ‘സേവ് ഗോവ’, ‘ഗോവ വികാസ് പാർട്ടി’ പോലുള്ള പാർട്ടികളെ ഉപയോഗിച്ച് സമാന ശ്രമങ്ങൾ നടത്തിയിരുന്നുവെന്നും, പുതിയ ‘ഗോവ കോൺഗ്രസ് പാർട്ടി’യും അതേ തന്ത്രത്തിന്റെ ഭാഗമാണെന്നും ഗിരീഷ് ചോദങ്കർ പറഞ്ഞു.

‘സാൽസെറ്റ് മേഖലയിലെ മതനിരപേക്ഷ വോട്ടുകൾ വിഭജിക്കാൻ 100 കോടി രൂപ ചെലവിൽ പുതിയ പാർട്ടി രൂപവത്കരിക്കാൻ ബി.ജെ.പി പദ്ധതിയിടുന്നുവെന്ന് താൻ നേരത്തേ മുന്നറിയിപ്പ് നൽകിയിരുന്നു. ഇപ്പോഴത്തെ സംഭവവികാസങ്ങൾ ആ മുന്നറിയിപ്പ് ശരിവെക്കുന്നതാണ്. ഇവ യഥാർഥ പാർട്ടികളല്ല. ബി​.ജെ.പിയുടെ പണവും രാഷ്ട്രീയ സ്വാധീനവും ഉപയോഗിച്ച് രൂപവത്കരിക്കുന്ന താൽക്കാലിക പ്രോക്സി സംഘടനകളാണിവ. അവ കുറഞ്ഞ് സമയത്തേക്ക് മാത്രമേ നിലനിൽക്കൂ. തെരഞ്ഞെടുപ്പ് കഴിയുമ്പോൾ അവരുടെ മുൻഗാമികളെ പോലെ അപ്രത്യക്ഷമാകും’ -ഗിരീഷ് ചോദങ്കർ കൂട്ടിച്ചേർത്തു. ബി.ജെ.പി ഇതുവരെ ആരോപണങ്ങളോട് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

അതേസമയം, പാർട്ടിയിൽ പിളർപ്പില്ലെന്ന് ഗിരീഷ് ചോദങ്കർ ആവർത്തിച്ചു. ‘കോൺഗ്രസ് ഐക്യത്തോടെയാണ് മുന്നോട്ടുപോകുന്നത്. പാർട്ടി ശക്തിപ്പെടുകയാണ്. പിളർപ്പെന്ന പ്രചാരണം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം മാത്രമാണ്. കിംവദന്തികൾ പ്രചരിപ്പിക്കാനും ആശയക്കുഴപ്പം സൃഷ്ടിക്കാനുമുള്ള ശ്രമങ്ങൾ വിജയിക്കില്ല’ എന്നും സമൂഹമാധ്യമത്തിലൂടെ അദ്ദേഹം വ്യക്തമാക്കി.

മേയ് അവസാനമാണ് അമിത് പട്കറിനെ മാറ്റി ഗിരീഷ് ചോദങ്കറിനെ ഗോവ കോൺഗ്രസ് അധ്യക്ഷനാക്കിയതിനെ തുടർന്ന് പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. നിരവധി നേതാക്കൾ രാജിവെക്കുകയും നേതൃത്വമാറ്റത്തിൽ അതൃപ്തി പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Goa congressPoliticsCongressBJP
News Summary - Goa Congress split rumours BJP trying to divide votes
Next Story