ഗോവയിൽ നടപ്പാലം തകർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി
text_fieldsപനാജി: തെക്കൻ ഗോവയിൽ നടപ്പാലം തകർന്ന് മരിച്ചവരുടെ എണ്ണം മൂന്നായി. 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പോർചുഗീസുകാരുടെ കാലത്ത് നിർമിച്ച പഴക്കമേറിയ പാലത്തിനോട് ചേർന്നുള്ള നടപ്പാലമാണ് വ്യാഴാഴ്ച സന്ധ്യക്ക് 6.40 ഒാടെ തകർന്നത്. നാട്ടുകാർ നൽകുന്ന വിവരമനുസരിച്ച് ഏകദേശം 30 പേരെ കാണാതായതായി സംശയിക്കുന്നുണ്ടെന്ന് സൗത്ത് േഗാവ കലക്ടർ സ്വപ്നിൽ നായിക് അറിയിച്ചു. ഇവർക്കുവേണ്ടി വ്യാപകമായ തിരച്ചിൽ തുടരുകയാണ്.
പുഴയിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ച യുവാവിനെ രക്ഷിക്കാൻ ഫയർഫോഴ്സ് ജീവനക്കാർ ശ്രമിക്കുന്നത് കാണാനെത്തിയ ആൾക്കൂട്ടമാണ് അപകടത്തിൽപെട്ടത്. 50ഒാളം പേർ തിങ്ങിനിറഞ്ഞതിനെ തുടർന്ന് നടപ്പാലം അമിതഭാരംമൂലം തകരുകയായിരുന്നു.
അപകടത്തിലായതിനെ തുടർന്ന് കഴിഞ്ഞ നാലു വർഷമായി നടപ്പാലത്തിനോട് ചേർന്നുള്ള പ്രധാന പാലത്തിലൂടെയുള്ള ഗതാഗതം നിരോധിച്ചിരിക്കുകയാണ്.
ഝാർഖണ്ഡിൽനിന്നുള്ള തൊഴിലാളികളാണ് അപകടത്തിൽപെട്ടവരിൽ അധികവും. മരിച്ചവരിൽ ബാസവരാജ് മലനവാർ (30) എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. നദിയിൽ പതിച്ച നടപ്പാലത്തിെൻറ അവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടന്ന നിലയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
അതേസമയം, നദിയിൽ മുതലകളുടെ സാന്നിധ്യമുള്ളതിനാൽ തിരച്ചിലിന് തടസ്സം നേരിടുന്നതായി ഗോവ ഡി.ജി.പി മുക്തേഷ് ചന്ദ്രർ പറഞ്ഞു. രക്ഷാപ്രവർത്തനങ്ങളെ സഹായിക്കുന്നതിനായി തീരരക്ഷാ സേനയുടെയും നാവിക സേനയുടെയും മുങ്ങൽ വിദഗ്ധരുടെ സഹായം തേടിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രിയോടെ നിർത്തിവെച്ച രക്ഷാപ്രവർത്തനങ്ങൾ വെള്ളിയാഴ്ച രാവിലെ ഏേഴാടെ പുനരാരംഭിച്ചിട്ടുണ്ട്. നാവികസേനയുടെ ചേതക് ഹെലികോപ്ടറുകളും തിരച്ചിലിന് സഹായിക്കുന്നുണ്ട്. സുഹാരി നദിയുടെ കൈവഴിയായ സാൻവോർദം നദിക്ക് കുറുകെയുള്ള നടപ്പാലമാണ് തകർന്നത്. പാനാജിയിൽനിന്ന് 45 കിലോ മീറ്റർ അകലെയാണ് അപകടസ്ഥലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
