
ഗോവ ബി.ജെ.പിയിൽ രാജി; എം.എൽ.എ രാജിവെച്ച് എ.എ.പിയിൽ ചേർന്നു
text_fieldsപനാജി: ഗോവ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിയിൽ രാജി. ഗോവ ബി.ജെ.പി എം.എൽ.എയും മുൻ മന്ത്രിയുമായ അലീന സൽദാൻഹയാണ് രാജിവെച്ചത്. തുടർന്ന് ഡൽഹിയിലെത്തിയ അലീന ആം ആദ്മി പാർട്ടിയിൽ േചരുകയും ചെയ്തു.
2012ൽ മുൻ മന്ത്രി കൂടിയായ ഭർത്താവിന്റെ വിയോഗത്തിന് ശേഷമാണ് അലീന പാർട്ടിയിൽ ചേർന്നത്. തുടർന്ന് രണ്ടുതവണ എം.എൽ.എയുമായി. എന്നാൽ, അന്ന് താൻ ചേർന്ന പാർട്ടിയല്ല ഇപ്പോൾ ബി.ജെ.പിയെന്ന് ആരോപിച്ചാണ് രാജി.
ബി.ജെ.പിയിൽനിന്ന് രാജിവെച്ച് ഉടൻതന്നെ അലീന പ്രദേശിക എ.എ.പി നേതാക്കൾക്കൊപ്പം ഡൽഹിയിലെത്തി. തുടർന്ന് എ.എ.പി അംഗത്വം സ്വീകരിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള അലീനയുടെ രാജി ബി.ജെ.പിക്ക് തിരിച്ചടിയായേക്കും.
എ.എ.പി ദേശീയ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ അലീനയെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. എം.എൽ.എ സ്ഥാനം രാജിവെച്ചുകൊണ്ടുള്ള കത്ത് അലീന സൽദാൻഹ സ്പീക്കർക്ക് കൈമാറിയതോടെ 40 അംഗ നിയമസഭയിലെ അംഗങ്ങളുടെ എണ്ണം 35 ആയി കുറഞ്ഞു.
