ഗോവ: പരീകറില്ലാതെ പടയൊരുക്കം
text_fieldsമുംബൈ: മനോഹർ പരീകറെന്ന സർവസമ്മതനായ നേതാവില്ലാതെയാണ് ബി.ജെ.പി ഇത്തവണ ഗോവ നിയമസഭ തെരഞ്ഞെടുപ്പ് നേരിടുക. പരീകറുടെ നിര്യാണശേഷം മുഖ്യമന്ത്രിയായ പ്രമോദ് സാവന്ത് പാർട്ടിയിൽ സർവസമ്മതനല്ല. ബി.ജെ.പി ടിക്കറ്റ് നൽകിയാലുമില്ലെങ്കിലും പരീകറുടെ മണ്ഡലമായ പാഞ്ചിമിൽ മകൻ ഉത്പൽ പരീകർ മത്സരിക്കാനൊരുങ്ങുന്നതും ബി.ജെ.പിയെ വെട്ടിലാക്കി. പരീകർ പക്ഷക്കാരായ രണ്ടു ക്രിസ്ത്യൻ എം.എൽ.എമാർ സാവന്തുമായി ഉടക്കി രാജിവെച്ചതും മറ്റ് രണ്ടുപേരുടെ രാജിസാധ്യതയും ബി.ജെപിക്ക് പ്രതികൂലമാണ്. ഭരണവിരുദ്ധ വികാരം മുന്നിൽക്കണ്ട് വർഗീയ കാർഡിറക്കുകയാണ് സാവന്ത്. പോർചുഗീസുകാർ തകർത്ത ക്ഷേത്രങ്ങൾ പുനർനിർമിക്കുമെന ആഹ്വാനത്തിലൂടെ സാവന്ത് വർഗീയ കാർഡാണ് ലക്ഷ്യമിടുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
മമതയുടെ തൃണമൂലിന്റെ നീക്കങ്ങളാണ് ശ്രദ്ധേയം. ടെന്നിസ് താരം ലിയാൻഡർ പേസിനെ മുൻനിർത്തിയാണ് തൃണമൂലിന്റെ നീക്കങ്ങൾ. പ്രശാന്ത് കിഷോറിന്റെ സംഘമാണ് ഇതിനു പിന്നിൽ. മുൻ കോൺഗ്രസ് മുഖ്യമന്ത്രി ലൂയിസിന്യോ ഫലേരിയോവും തൃണമൂലിനൊപ്പമാണ്. ആദ്യകാലത്ത് ഗോവ ഭരിക്കുകയും പിന്നീട് ബി.ജെ.പിയുമായി സഖ്യമായതോടെ ക്ഷയിക്കുകയും ചെയ്ത മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടിയുമായി സഖ്യത്തിലാണ് തൃണമൂൽ. ഗോവ ഫോർവേഡ് പാർട്ടിയുമായി സഖ്യത്തിനാണ് കോൺഗ്രസ് നീക്കം. ബി.ജെ.പിയെ തടയാൻ മറ്റുള്ള പാർട്ടികൾ ഒന്നിക്കണമെന്ന നിലപാടിലാണ് തൃണമൂലും ഗോവ ഫോർവേഡ് പാർട്ടിയും. 2017ൽ 40 അംഗ സഭയിൽ 17 അംഗങ്ങളുമായി കോൺഗ്രസിന് ഭരണസാധ്യതയുണ്ടായിട്ടും പരീകറുടെ മിടുക്കിൽ ബി.ജെ.പി ഭരണം പിടിക്കുകയായിരുന്നു. ഭൂരിപക്ഷമായ 21 തികക്കാൻ ഗോവ ഫോർവേഡ് പാർട്ടിയും സ്വതന്ത്രനും പിന്തുണക്കാൻ തയാറായിട്ടും കോൺഗ്രസ് അവസരം നഷ്ടപ്പെടുത്തുകയായിരുന്നു. ഒടുവിൽ 15 എം.എൽ.എമാരും പാർട്ടി വിട്ടതോടെ നിലവിൽ രണ്ടുപേർ മാത്രമേ കോൺഗ്രസിൽ ബാക്കിയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

