ഗ്ലാസ്‌ഗോയിലെ റെസ്റ്റോറന്റിൽ ഇന്ത്യയുടെ തെറ്റായ മാപ്പ് പ്രദർശിപ്പിച്ചതിൽ ആശങ്ക രേഖപ്പെടുത്തി ഇന്ത്യൻ എംബസി
text_fieldsഗ്ലാസ്‌ഗോ: സ്കോട്ട്‌ലൻഡിലെ പ്രമുഖ റസ്റ്ററന്റിൽ നൽകിയ നാപ്കിനിൽ ഇന്ത്യയുടെ അപൂർണമായ ഭൂപടം നൽകിയതിൽ ഇന്ത്യൻ എംബസി ആശങ്ക രേഖപ്പെടുത്തി. കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാനെത്തിയ ഇന്ത്യൻ ബോക്സിങ് താരം ലവ്‌ലിന ബോർഗോഹെയ്ൻ ഈ വിഷയം ചൂണ്ടിക്കാണിച്ചതിനെത്തുടർന്നാണ് എംബസിയുടെ ഇടപെടൽ. റെസ്റ്റോറന്റിലെ ബ്രാൻഡിങ്ങിന്റെ ഭാഗമായി ഉപയോഗിച്ചിരുന്ന ലോഗോയിൽ ഇന്ത്യയുടെ ഭൂപടത്തിൽ നിന്ന് വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ ഒഴിവാക്കിയതാണ് വിവാദത്തിന് കാരണമായത്.
ഇന്ത്യൻ സ്പോർട്സ് സംഘത്തിന് ആതിഥേയത്വം വഹിച്ച റെസ്റ്റോറന്റിൽ ഇന്ത്യയുടെ തെറ്റായ മാപ്പ് പ്രദർശിപ്പിച്ചത് ഗൗരവത്തോടെ കാണുന്നതായി സ്കോട്ട്ലൻഡിലെ ഇന്ത്യൻ എംബസി പ്രസ്താവനയിൽ വ്യക്തമാക്കി. വിഷയം ബന്ധപ്പെട്ട സ്ഥാപനത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും, തെറ്റായ മാപ്പുകൾ പ്രദർശിപ്പിച്ച വസ്തുക്കൾ ഉടൻ പിൻവലിക്കുമെന്ന് അവർ ഉറപ്പുനൽകിയിട്ടുണ്ടെന്നും എംബസി അറിയിച്ചു.
2026 കോമൺവെൽത്ത് ഗെയിംസിലെ ഇന്ത്യൻ ബോക്സിങ് ടീമിന്റെ ചരിത്ര നേട്ടം ആഘോഷിക്കാൻ ഒരുക്കിയ വിരുന്നിനിടെയായിരുന്നു സംഭവം. ഗ്ലാസ്‌ഗോയിലെ 'മിസ്റ്റർ സിങ്സ് ഇന്ത്യ' എന്ന റസ്റ്ററന്റിലായിരുന്നു ഇന്ത്യൻ സംഘത്തിന് വിരുന്നൊരുക്കിയിരുന്നത്. കോമൺവെൽത്ത് ഗെയിംസിൽ ഏഴ് സ്വർണ്ണവും മൂന്ന് വെള്ളിയുമടക്കം 10 മെഡലുകൾ വാരിക്കൂട്ടിയതിന്റെ ആഘോഷത്തിലായിരുന്നു ഇന്ത്യൻ താരങ്ങൾ. ഭക്ഷണം കഴിക്കുന്നതിനിടെയാണ് മേശപ്പുറത്തുണ്ടായിരുന്ന നാപ്കിനിലെ റസ്റ്ററന്റിന്റെ ലോഗോ ലവ്‌ലിനയുടെ ശ്രദ്ധയിൽപ്പെട്ടത്. ഈ ലോഗോയിലുണ്ടായിരുന്ന ഇന്ത്യൻ ഭൂപടത്തിൽ വടക്കു കിഴക്കൻ ഭാഗങ്ങൾ പൂർണമായും ഒഴിവാക്കപ്പെട്ടിരുന്നു. ഇതിന് പുറമെ ഹോട്ടലിന്റെ ബോർഡിലും ഇതേ തെറ്റായ ഭൂപടം തന്നെയായിരുന്നു പ്രദർശിപ്പിച്ചിരുന്നത്.
മാപ്പിൽ നിന്ന് ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗം വെട്ടിമാറ്റിയ നിലയിലാണെന്ന് ശ്രദ്ധയിൽപ്പെട്ട ലവ്‌ലിന, ഉടൻതന്നെ റെസ്റ്റോറന്റ് മാനേജ്മെന്റിനെ വിഷയം നേരിട്ട് അറിയിക്കുകയായിരുന്നു. തങ്ങൾ വടക്കുകിഴക്കൻ മേഖലയിൽ നിന്നുള്ളവരാണെന്നും ഇന്ത്യയുടെ മാപ്പിൽ നിന്ന് ഈ പ്രദേശം ഒഴിവാക്കപ്പെട്ടത് തങ്ങളെ ഏറെ വേദനിപ്പിച്ചുവെന്നും അവർ റെസ്റ്റോറന്റ് അധികൃതരോട് പറഞ്ഞു.
സംഭവം നടക്കുമ്പോൾ ബോക്സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് അജയ് സിങ്ങും ലവ്‌ലിനക്കൊപ്പം ഉണ്ടായിരുന്നു. ഇതൊരു അബദ്ധമാണെന്ന് മനസ്സിലാക്കിയ റെസ്റ്റോറന്റ് അധികൃതർ തങ്ങളുടെ തെറ്റ് സമ്മതിക്കുകയും ഉടൻ തന്നെ അത് തിരുത്താമെന്ന് ഉറപ്പ് നൽകുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. വിഷയം സമൂഹമാധ്യമങ്ങളിൽ വൈറലായതിനെത്തുടർന്ന് 'മിസ്റ്റർ സിങ്സ് ഇന്ത്യ' എന്ന റെസ്റ്റോറന്റ് ഇന്ത്യയുടെ മാപ്പ് പിൻവലിക്കുന്നതായും ക്ഷമ ചോദിച്ചുകൊണ്ടുള്ള പ്രസ്താവനയും പുറത്തിറക്കി. ഇന്ത്യൻ സംഘത്തെ ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ടെന്നും, തെറ്റായ മാപ്പുള്ള ലോഗോ ഉടൻ മാറ്റുമെന്നും അധികൃതർ അറിയിച്ചു.
പഴയ ഒരു 'ബ്രിട്ടീഷ് മാപ്പ്' അടിസ്ഥാനമാക്കിയാണ് ലോഗോ ഡിസൈൻ ചെയ്തതെന്നാണ് ഹോട്ടൽ അധികൃതർ ഇന്ത്യൻ സംഘത്തിന് നൽകിയ പ്രാഥമിക വിശദീകരണം. എന്നാൽ, ക്ഷമാപണം നടത്തി പ്രസ്താവന ഇറക്കിയതിന് തൊട്ടുപിന്നാലെ റസ്റ്ററന്റിനെതിരെ സൈബർ ആക്രമണം ശക്തമായി. ഇതോടെ മിനിറ്റുകൾക്കകം 'മിസ്റ്റർ സിങ്സ് ഇന്ത്യ' തങ്ങളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് തന്നെ ഡിലീറ്റ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

