ലഖ്നോ: പശ്ചിമ ഉത്തർപ്രദേശിൽ നിന്നുള്ളവർക്ക് ജവഹർലാൽ നെഹ്‌റു സർവകലാശാല, ജാമിയ മില്ലിയ ഇസ്‌ലാമിയ സർവകലാശാല എന്നിവിടങ്ങളിൽ പത്ത് ശതമാനം സംവരണം നൽകിയാൽ പിന്നെ അവിടെ ആർക്കും ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കാൻ കഴിയില്ല െന്ന് കേന്ദ്രമന്ത്രി സഞ്ജീവ് ബാല്യാൻ. പൗരത്വ (ഭേദഗതി) നിയമത്തെ പിന്തുണച്ചുകൊണ്ടുള്ള റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുസാഫർനഗറിലായാലും മീററ്റിലായാലും ബിജ്‌നോറിലായാലും പൗരത്വ ഭേദഗതി നിയമം പാസാക്കിയ ശേഷം പശ്ചിമ ഉത്തർപ്രദേശിൽ അശാന്തി സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. ഈ ആളുകൾ എവിടെ നിന്നാണ് വന്നതെന്നും എന്തിനാണ് അവർ തെരുവിലിറങ്ങിയതെന്നും ബല്യാൻ ചോദിച്ചു. പൗരത്വ ഭേദഗതി നിയമം നിയമം പൗരത്വം നൽകാനുള്ളതാണ് അല്ലാതെ അത് എടുത്തുമാറ്റുന്നതിനല്ല.
ജെ.എൻ.യുവിനെയും ജാമിയയെയും താരതമ്യം ചെയ്യുമ്പോൾ മീററ്റിലെ കോളജിൽ കൂടുതൽ വിദ്യാർത്ഥികളും സി.എ.എയെ പിന്തുണയ്ക്കുന്നവരാണ്. ‘‘ജെ.എൻ.യുവിലും ജാമിയയിലും ദേശവിരുദ്ധ മുദ്രാവാക്യം വിളിക്കുന്നവർക്ക് ഒരു ചികിത്സ മാത്രമേയുള്ളൂ. പശ്ചിമ ഉത്തർപ്രദേശിന് അവിടെ പത്ത് ശതമാനം സംവരണം നൽകണമെന്ന് ഞാൻ രാജ്‌നാഥ് ജിയോട് അഭ്യർഥിക്കുന്നു’’ -ബല്യാൻ പറഞ്ഞു.