‘ഹിന്ദി മാത്രം പഠിപ്പിക്കുന്ന സംസ്ഥാനങ്ങളിൽ ജനം അടിമകളായി തുടരും’; വിവാദ പരാമർശവുമായി ദയാനിധി മാരൻ
text_fieldsദയാനിധി മാരൻ
ചെന്നൈ: ഇംഗ്ലിഷ് വിദ്യാഭ്യാസം നിരുത്സാഹപ്പെടുത്തി ഹിന്ദി മാത്രം പഠിക്കാൻ പ്രേരിപ്പിക്കുന്ന സംസ്ഥാനങ്ങളെ രൂക്ഷമായി വിമർശിച്ച് ഡി.എം.കെ എം.പി ദയാനിധി മാരൻ. ഇത്തരം വിദ്യാഭ്യാസ രീതികൾ തൊഴിലവസരങ്ങൾ ഇല്ലാതാക്കുമെന്നും ആളുകളെ അടിമകളായി നിലനിർത്തുമെന്നും അദ്ദേഹം ആരോപിച്ചു. ഒരു പൊതുപരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പരാമർശം.
ചില സംസ്ഥാനങ്ങളിൽ വിദ്യാർഥികളെ ഇംഗ്ലീഷ് പഠിക്കുന്നതിൽനിന്ന് തടയുകയാണെന്നും, ഇംഗ്ലിഷ് പഠിച്ചാൽ നശിച്ചുപോകുമെന്ന് അവരോട് പറയുകയാണെന്നും മാരൻ ആരോപിച്ചു. “നിങ്ങൾ ഇംഗ്ലീഷ് പഠിക്കരുത് എന്ന് അവർ പറയും. ഇംഗ്ലീഷ് പഠിച്ചാൽ നിങ്ങൾ നശിക്കുമെന്ന് അവർ ഭീഷണിപ്പെടുത്തും. നിങ്ങളെ അടിമകളായി നിലനിർത്താനാണ് അവർ ആഗ്രഹിക്കുന്നത്” -അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട്ടിലെ ദ്രാവിഡ മാതൃകയിലുള്ള വിദ്യാഭ്യാസം ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും തുല്യ അവസരങ്ങൾ നൽകുന്നുണ്ടെന്നും, ഇത് ഉയർന്ന സാക്ഷരതയിലേക്കും കൂടുതൽ സ്ത്രീ പങ്കാളിത്തത്തിലേക്കും നയിച്ചതായും അദ്ദേഹം അവകാശപ്പെട്ടു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്ന് ദക്ഷിണേന്ത്യയിലേക്ക് ആളുകൾ ജോലി തേടി വരുന്നത് അവിടെയുള്ള മോശം വിദ്യാഭ്യാസ രീതികൾ കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ മുൻനിര കമ്പനികളെല്ലാം തമിഴ്‌നാട്ടിലേക്ക് വരുന്നത് ഇവിടുത്തെ വിദ്യാസമ്പന്നരായ ജനങ്ങൾ കാരണമാണെന്നും മാരൻ കൂട്ടിചേർത്തു.
അതേസമയം മാരന്റെ പ്രസ്താവനക്കെതിരെ ബി.ജെ.പി രംഗത്തെത്തി. അദ്ദേഹത്തിന് സാമാന്യബുദ്ധി ഇല്ലെന്നും ഹിന്ദി സംസാരിക്കുന്ന ജനങ്ങളോട് മാപ്പ് പറയണമെന്നും ബി.ജെ.പി നേതാവ് തിരുപ്പതി നാരായണൻ ആവശ്യപ്പെട്ടു. എന്നാൽ മാരന് പിന്തുണയുമായി ഡി.എം.കെ രംഗത്തെത്തി. ഉത്തരേന്ത്യയിൽ സ്ത്രീകൾക്കായി പോരാടാൻ ആരുമില്ലെന്നും എന്നാൽ തമിഴ്‌നാട്ടിൽ സ്ത്രീ ശാക്തീകരണത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നും ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവൻ പറഞ്ഞു. ഭാഷാപരമായ ഈ പരാമർശങ്ങൾ ദേശീയതലത്തിൽ വീണ്ടും രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

