നിർത്തിയിട്ട കാറിനുള്ളിൽ കുടുങ്ങി പെൺകുട്ടികൾക്ക് ദാരുണാന്ത്യം; മരിച്ചത് സഹോദരിമാർ
text_fieldsരാജസ്ഥാൻ: അൽവാർ പ്രദേശത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ നിർത്തിയിട്ടിരുന്ന കാറിനുള്ളിൽ അബദ്ധത്തിൽ കുടുങ്ങി സഹോദരിമാർ ശ്വാസം മുട്ടി മരിച്ചു. കടുത്ത ഉഷ്ണതരംഗത്തിൽ രാജസ്ഥാനും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും വെന്തുരുകുന്ന സാഹചര്യത്തിലാണ് ഈ ദരുണ സംഭവം അരങ്ങേറിയത്. വൈശാലി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഖുദൻപുരി പ്രദേശത്ത് നടന്ന ഈ സംഭവം കുടുംബത്തെയും നാട്ടുകാരെയും ഒന്നടങ്കം വിഷമത്തിലാഴിത്തി.
എട്ടും അഞ്ചും വയസ്സുള്ള ടീന, ലക്ഷ്മി എന്നീ രണ്ട് കുട്ടികളാണ് ഈ ദൗർഭാഗ്യകരമായ അപകടത്തിന് ഇരയായത്. ബുധനാഴ്ച ഉച്ചക്ക് വീടിന് സമീപം കളിക്കാൻ പോയതായിരുന്നു ഇരുവരും. കളിച്ചുകൊണ്ടിരിക്കുന്നതിനിടെ അടുത്തുള്ള ഒരു കാർ സർവീസ് സെന്ററിൽ പാർക്ക് ചെയ്തിരുന്ന വാഹനത്തിന് അരികിലേക്ക് ഇവർ എത്തുകയായിരുന്നു. തുടർന്ന് കുട്ടികൾ കളിക്കാനായി കാറിനുള്ളിൽ കയറിയപ്പോൾ അബദ്ധത്തിൽ വാതിലുകൾ ലോക്കാവുകയായിരുന്നു. പുറത്ത് കടുത്ത ചൂടുള്ളതിനാൽ കാറിനുള്ളിലെ താപനില മിനിറ്റുകൾക്കകം കുത്തനെ ഉയരുകയും വാഹനം ഹീറ്റ് ചേംബർ പോലെയായി മാറുകയും ചെയ്തു. കഠിനമായ ചൂടും ശ്വാസം മുട്ടലും കാരണം കുട്ടികൾക്ക് പുറത്തിറങ്ങാൻ കഴിഞ്ഞില്ല.
കുട്ടികളെ ഏറെ നേരമായിട്ടും കാണാതായതിനെ തുടർന്ന് പരിഭ്രാന്തരായ കുടുംബാംഗങ്ങളും അയൽക്കാരും ചേർന്ന് പ്രദേശത്ത് വ്യാപകമായ തിരച്ചിൽ ആരംഭിച്ചു. ഇതിനിടയിലാണ് സർവീസ് സെന്ററിൽ കിടന്നിരുന്ന കാറിനുള്ളിൽ അബോധാവസ്ഥയിൽ കിടക്കുന്ന കുട്ടികളെ കണ്ടെത്തിയത്. ഉടൻ തന്നെ അവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ശ്വാസം മുട്ടി ഇരുവരും മരണത്തിന് കീഴടങ്ങിയിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു. കുട്ടികൾ ഏതാണ്ട് 30 മിനിറ്റോളം കാറിനുള്ളിൽ കുടുങ്ങിക്കിടന്നിട്ടുണ്ടാകാമെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
ഈ ദുരന്തം ആ കുടുംബത്തിന് താങ്ങാനാവുന്നതിലും അപ്പുറമാണ്. കുട്ടികളുടെ അമ്മ നാല് വർഷം മുമ്പ് തന്നെ മരണപ്പെട്ടിരുന്നു. അതിനുശേഷം പിതാവായ രമേശ് തനിച്ചാണ് തന്റെ രണ്ട് പെൺമക്കളെയും വളർത്തിക്കൊണ്ടുവന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏക പ്രതീക്ഷയും വൈകാരികമായ ഏക ആശ്വാസവുമായിരുന്നു ഈ രണ്ട് കുരുന്നുകൾ. ബേഡം സ്വദേശികളായ ഇവർ ഖുദൻപുരിയിൽ വാടകക്ക് താമസിച്ചുവരികയായിരുന്നു. പൊലീസ് നിലവിൽ മൃതദേഹങ്ങൾ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

