കുടുംബത്തിന് ഭാരം, രണ്ട് കോടിയുടെ സ്വത്ത് കല്യാണത്തിന് ചെലവാകും; തെലങ്കാനയിൽ ഇരട്ടപെൺകുട്ടികളെ പിതാവും കുടുംബവും കൊലപ്പെടുത്തിയതിങ്ങനെ...
text_fieldsകരിംനഗർ (തെലങ്കാന): തെലങ്കാനയിലെ കരിംനഗറിൽ നാല് വയസായ ഇരട്ടപെൺകുട്ടികളുടെ കൊലപാതകത്തിന് പിന്നിൽ ഒരാൺകുട്ടി വേണമെന്ന കുടുംബത്തിന്റെ ഭ്രാന്തമായ ചിന്തയെന്ന് പൊലീസ്. മാസങ്ങൾ നീണ്ട ഗൂഢാലോചനക്ക് ശേഷമാണ് കുട്ടികളുടെ പിതാവ് ശ്രീശൈലം, ഇയാളുടെ മാതാപിതാക്കളായ അശോക്, ലാവണ‍്യ, സഹോദരന്‍ രകേഷ് എന്നിവർ ചേർന്ന് ക്രൂരമായി കൊലപാതകം നടത്തിയത്. പെൺകുട്ടികൾ കുടുംബത്തിന് ഭാരമാകുമെന്ന് ഇവർ വിശ്വസിച്ചിരുന്നതായി കരിംനഗർ റൂറൽ സർക്കിൾ ഇൻസ്പെക്ടർ എ. നിരഞ്ജൻ റെഡ്ഡി അറിയിച്ചു. `ശ്രീശൈലത്തിന് ഒരിക്കലും പെൺകുട്ടികളെ വേണ്ടായിരുന്നു. അവന്‍ എപ്പോഴും ഒരു മകനെയായിരുന്നു ആഗ്രഹിച്ചത്. ഭാര്യ ഗർഭിണിയായിരുന്നപ്പോൾ ഇരട്ടപ്പെൺകുട്ടികളാണെന്ന് അറിഞ്ഞതോടെ ഗർഭച്ഛിദ്രം നടത്താൻ അവൻ നിർബന്ധിച്ചിരുന്നു' സി.ഐ നിരഞ്ജന്‍ റെഡ്ഡി കൂട്ടിചേർത്തു.
2022 ലായിരുന്നു പ്രതിമ മെഡിക്കൽ കോളേജിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായ എം.കോം ബിരുദധാരി ശ്രീശൈലവും മൗനികയുമായുള്ള വിവാഹം. വിവാഹശേഷം ഇവർക്ക് ഇരട്ടപെൺകുട്ടികൾ ജനിച്ചപ്പോൾ മൗനികയെ സ്വീകരിക്കാന്‍ ശ്രീശൈലം തയ്യാറായില്ല. ആശുപത്രിയിൽ വെച്ച് കുട്ടികളെ ഒന്ന് കാണാൻ പോലും ഇയാൾ കൂട്ടാക്കിയില്ലെന്ന് പൊലീസ് അറിയിച്ചു. ശ്രീശൈലത്തിന്റെ മാതാപിതാക്കളും സഹോദരനും പെൺകുട്ടികളുടെ ജനനത്തിൽ അതൃപ്തരായിരുന്നു. തന്‍റെ രണ്ട് കോടി വിലമതിക്കുന്ന സ്വത്തുക്കൾ പെൺകുട്ടികളുടെ വിവാഹത്തിനായി ചിലവാകുമെന്ന ഭയത്താലാണ് കുരുന്നുകളെ കൊല്ലാന്‍ കുടുംബത്തോടൊപ്പം ഇയാൾ ഗൂഢാലോചന നടത്തിയത്.
ഏപ്രിൽ 3 ന് ഉച്ചയ്ക്ക് ഭാര്യയോട് ഭക്ഷണം തയ്യാറാക്കാന്‍ ആവശ്യപ്പെട്ട ശേഷം കുട്ടികളുമായി ഇയാൾ കൃഷിയിടത്തിലേക്ക് പോകുകയായിരുന്നു. പിന്നാലെ ആരും ഇല്ലാത്ത സമയം നോക്കിയാണ് ശ്രീശൈലം കൃത്യം നിർവഹിച്ചത്. ആദ്യം ഗീതാൻവിക എന്ന ഇരട്ടകളിലൊരാളെ കിണറിലേക്ക് തള്ളിയിടുകയായിരുന്നു.കിണറിൽ വീണ ഉടനെ ഗീതാംഗിക മരിച്ചു. രണ്ടാമത്തെ കുട്ടിയായ ഗീതാംശിയെ കിണറിൽ തള്ളിയിട്ടെങ്കിലും കുട്ടി വെള്ളത്തിൽ നിന്ന് രക്ഷപ്പെടാന്‍ ശ്രമങ്ങൾ നടത്തി. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ട ശ്രീശൈലം കിണറിലിറങ്ങി സ്വന്തം കൈകൊണ്ട് ഗീതാംശിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തുകയായിരുന്നു.
കൊലപാതകത്തിന് ശേഷം ഇതൊരു അപകടമാണെന്ന് വരുത്തിത്തീർക്കാനായി ഇയാൾ രക്ഷാപ്രവർത്തനത്തിനായി ആളുകളെ വിളിച്ചുകൊണ്ടിരുന്നു. പിന്നീട് നാട്ടുകാരുടെ ചോദ്യത്തിനുള്ള പരസ്പരവിരുദ്ധമായ മറുപടി ശ്രീശൈലത്തിനെതിരെ സംശയം ഉളവാക്കി. രോഷാകുലരായ നാട്ടുകാർ ഇയാളെ മർദിക്കുകയും ചെയ്തു. എന്നാൽ അവിടെനിന്ന് രക്ഷപ്പെട്ട ശ്രീശൈലം ഒളിവിൽ കഴിയുന്നതിനിടെയാണ് കുടുംബാംഗങ്ങൾക്കൊപ്പം പിടിയിലായത്. `ഇത് ഞങ്ങൾ അന്വേഷിച്ചതിൽ വെച്ച് ഏറ്റവും ക്രൂരവും മനുഷ്യത്വരഹിതവുമായ കുറ്റകൃത്യമാണ്. പെൺകുട്ടികളായതുകൊണ്ട് മാത്രം നിരപരാധികളായ കുരുന്നുകൾ കൊല്ലപ്പെട്ടു. കുറ്റവാളികൾക്ക് കഠിനമായ ശിക്ഷ ഉറപ്പാക്കും' സി.ഐ നിരഞ്ജൻ റെഡ്ഡി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

