കാറിലെ ഉറക്കം ഉണർന്നത് 230 കിലോമീറ്റർ അകലെ; 12കാരിയെ കടത്തിക്കൊണ്ടുപോയ മോഷ്ടാവ് പിടിയിൽ
text_fieldsപ്രതീകാത്മക ചിത്രം
ചെന്നൈ: കാറിൽ ഉറങ്ങുകയായിരുന്ന 12കാരിയുമായി മോഷ്ടാവ് കടന്നുകളഞ്ഞത് 230 കിലോമീറ്റർ ദൂരം. മാതാപിതാക്കൾ ഭക്ഷണം വാങ്ങാൻ പോയ നേരത്തായിരുന്നു സംഭവം. ഒടുവിൽ തമിഴ്‌നാട്ടിലെ സിർക്കാഴിയിൽ നിന്ന് കുട്ടിയെ സുരക്ഷിതയായി കണ്ടെത്തി.
ഞായറാഴ്ച രാത്രി തമിഴ്‌നാട്ടിലെ ഗൂഡുവാഞ്ചേരിയിലായിരുന്നു സംഭവം. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നതിനിടെ ഭക്ഷണം കഴിക്കാനായി ഇവർ ഒരു ഹോട്ടലിന് മുന്നിൽ കാർ നിർത്തിയിരുന്നു. പിൻസീറ്റിൽ മകൾ നല്ല ഉറക്കത്തിലായതിനാൽ കുട്ടിയെ ഉണർത്താതെ മാതാപിതാക്കൾ ഭക്ഷണം വാങ്ങാനായി ഉള്ളിലേക്ക് കയറി. ഈ തക്കം നോക്കി കാറിൽ കയറിയ മോഷ്ടാവ് വാഹനവുമായി കടന്നുകളയുകയായിരുന്നു. തിരികെയെത്തിയ മാതാപിതാക്കൾ കാറും മകളെയും കാണാതായതോടെ പരിഭ്രാന്തരായി ഉടൻ പൊലീസിൽ പരാതി നൽകി.
അതേസമയം, താൻ തട്ടിക്കൊണ്ടുപോകപ്പെട്ട വിവരമൊന്നും അറിയാതെ കുട്ടി കാറിൽ ഉറങ്ങുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെ 4.30ഓടെ കാർ സിർക്കാഴിയിൽ എത്തിയപ്പോഴാണ് പെൺകുട്ടി ഉറക്കമുണർന്നത്. ഡ്രൈവിങ് സീറ്റിൽ അപരിചിതനെ കണ്ട് ഭയന്ന കുട്ടി ഉച്ചത്തിൽ കരയാൻ തുടങ്ങി. ഇതോടെ പരിഭ്രാന്തനായ മോഷ്ടാവ് കാർ വഴിയരികിൽ നിർത്തി പുറത്തിറങ്ങി. ഈ സമയം കാറിൽ നിന്നിറങ്ങി ഓടിയ കുട്ടി അടുത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരുടെ അടുത്തെത്തി വിവരം പറയുകയായിരുന്നു.
ഓട്ടോ ഡ്രൈവർമാർ ഉടൻതന്നെ കുട്ടിയെ അടുത്തുള്ള വനിതാ പൊലീസ് സ്റ്റേഷനിലെത്തിച്ചു. പൊലീസ് വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ മാതാപിതാക്കൾക്കൊപ്പം കുട്ടിയെ വിട്ടയച്ചു. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മോഷണത്തിന് പിന്നിലെ ലക്ഷ്യമെന്താണെന്നും ഇത്രയും ദൂരം കുട്ടിയുമായി ഇയാൾ എന്തിനാണ് സഞ്ചരിച്ചതെന്നും പൊലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.

