'ആ ഓർമ്മകളെങ്കിലും തിരികെ വേണം'; കോവിഡ് ബാധിച്ച് മരിച്ച അമ്മയുടെ മൊബൈൽഫോൺ തിരിച്ചുകിട്ടാൻ അഭ്യർഥനയുമായി ഒമ്പതുവയസ്സുകാരി
text_fieldsബംഗളൂരു: ആരുടെയും കരളലിയിപ്പിക്കുന്ന ഒരു അഭ്യർഥനയാണ് ഒമ്പതുവയസ്സുകാരി ഹൃതിക്ഷ സമൂഹമാധ്യമങ്ങളിലൂടെ നടത്തിയത്. കോവിഡ് ബാധിച്ച് മരിച്ച തന്റെ അമ്മയുടെ മൊബൈൽ ഫോൺ തിരികെ ലഭിക്കാൻ സഹായിക്കണം എന്നായിരുന്നു അഭ്യർഥന. അമ്മയുടെ ചിത്രങ്ങളും എല്ലാ ഓർമ്മകളും ആ ഫോണിലാണ് ഉള്ളതെന്ന് ഹൃതിക്ഷ പറയുന്നു.
കർണാടകയിലെ മടിക്കേരിയിലാണ് ഹൃതിക്ഷയും കുടുംബവും കഴിയുന്നത്. പിതാവ് നവീൻ കുമാർ കൂലിപ്പണിയെടുത്താണ് കുടുംബത്തെ മുന്നോട്ടു കൊണ്ടുപോയിരുന്നത്. മകളുടെ പഠനം കൂടി ലക്ഷ്യമിട്ടാണ് അമ്മ പണം കരുതിവെച്ച് ഒരു സ്മാർട്ട്ഫോൺ വാങ്ങിയത്. ഇവരുടെ കുടുംബത്തിലെ ഒരേയൊരു ഫോൺ ആയിരുന്നു അത്. അമ്മയുടെ ഉൾപ്പെടെ എല്ലാ ചിത്രങ്ങളും ആ ഫോണിൽ ആയിരുന്നു ഉള്ളത്.
മടിക്കേരി ആശുപത്രിയിൽ വച്ചാണ് അമ്മ കൊവിഡ് ബാധിച്ച് മരിച്ചത്. മരണശേഷം ഇവരുടെ മൊബൈൽഫോൺ കാണാതാവുകയായിരുന്നു. അമ്മയുടെ ഫോൺ കണ്ടെത്തി തരണമെന്ന് ജില്ലാ അധികൃതരോടാണ് ഹൃതിക്ഷ ആവശ്യപ്പെട്ടിരിക്കുന്നത്.
"എനിക്ക് അമ്മയില്ലാതായിരിക്കുകയാണ്. കൂലിപ്പണിക്കാരനായ അച്ഛനും കോവിഡ് ബാധിച്ച് ആശുപത്രിയിൽ ആണ്. അമ്മയുടെ കാണാതായ ഫോൺ എത്രയുംവേഗം കണ്ടെത്തണമെന്നാണ് അഭ്യർത്ഥിക്കുന്നത്. ഒരുപാട് ഓർമ്മകൾ അതിലുണ്ട് " - ഹൃതിഷ്ക അഭ്യർഥിച്ചു.
അഭ്യർത്ഥന ജില്ലാ അധികൃതരുടെ ശ്രദ്ധയിൽ പെടുകയും ഡെപ്യൂട്ടി കമ്മീഷണർ ചാരുലത സോമൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. തുടർന്ന് മടിക്കേരി ഡിവൈ.എസ്.പി ഇവരുടെ പരാതി രേഖപ്പെടുത്തി അന്വേഷണം തുടങ്ങി.
കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ ഫോണും ആഭരണങ്ങളും ഉൾപ്പെടെ കാണാതാവുന്ന സംഭവം മടിക്കേരിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഐ.സി.യുവിലേക്ക് മാറ്റുമ്പോൾ ആയിരിക്കാം ഒരു പക്ഷേ ഫോൺ മോഷ്ടിക്കപ്പെട്ടിട്ടുണ്ടാവുകയെന്ന് മടിക്കേരി ആശുപത്രി അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

