ദുരഭിമാനക്കൊല: എസ്.െഎയും പെൺകുട്ടിയും വെടിയേറ്റ് മരിച്ചു
text_fieldsചണ്ഡിഗഢ്: ഹരിയാനയിൽ പെൺകുട്ടിയും സുരക്ഷ നൽകാനെത്തിയ പൊലീസ് സബ് ഇൻസ്പെക്ടറും ദുരഭിമാനക്കൊലയുടെ ഇരയായി കൊല്ലപ്പെട്ടു. റോത്തക് ജില്ലയിലെ മിനി സെക്രേട്ടറിയറ്റിന് സമീപമാണ് എസ്.െഎ നരേന്ദ്രയും കേസിലെ പ്രതിയായ മമതയും അജ്ഞാതരുടെ വെടിയേറ്റ് മരിച്ചത്. വീട്ടുകാരുടെ ഇഷ്ടത്തിന് വിരുദ്ധമായി വിവാഹം ചെയ്ത മമതയെ ബൈക്കിലെത്തിയ രണ്ട് പേർ വെടിവെച്ചിടുകയായിരുന്നു. കൂടെയുണ്ടായിരുന്ന എസ്.െഎ ആക്രമികൾക്കു നേരെ തിരിച്ച് വെടിയുതിർത്തെങ്കിലും അദ്ദേഹത്തിനും വെടിയേറ്റു. ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ മരിച്ചു.
വെടിവെപ്പിനിടെ കൂടെയുണ്ടായിരുന്ന വനിത കോൺസ്റ്റബിൾ സുശീല പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിൽ മമതയുടെ പിതാവ് രമേഷ് കുമാറിനെതിരെയും മറ്റ് രണ്ടു പേർക്കെതിരെയും കേസെടുത്തതായി റോത്തക് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് പറഞ്ഞു. മമതക്ക് പ്രായപൂർത്തിയായിരുന്നില്ലെന്നും ഇവർ കോടതിയിൽ ഹാജരാക്കാൻ വ്യാജ ജനന സർട്ടിഫിക്കറ്റ് തയാറാക്കിയതുമായി ബന്ധപ്പെട്ട് ഭർത്താവ് ജയിലിലാണെന്നും പൊലീസ് പറഞ്ഞു.
