'ഗിഗ് തൊഴിലാളികൾ റോബോട്ടുകളല്ല'; 10 മിനിറ്റ് ഡെലിവറി സേവനങ്ങൾ അവസാനിപ്പിക്കണമെന്ന് രാഘവ് ഛദ്ദ എം.പി
text_fieldsരാഘവ് ഛദ്ദ എം.പി
ന്യൂഡൽഹി: രാജ്യത്തെ ഗിഗ് തൊഴിലാളികൾ റോബോട്ടുകളല്ലയെന്ന് ആം ആദ്മി പാർട്ടി എം.പി രാഘവ് ഛദ്ദ. പാർലമെന്‍റിലെ ശീതകാല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗിംഗ് തൊഴിലാളികളുടെ ജോലിയുടെ വേഗതയെ സ്വേഛാധിപത്യമെന്നാണ് വിശേഷിപ്പിക്കാൻ ആഗ്രഹിക്കുന്നതെന്നും 10 മിനിറ്റ് ഡെലിവറിയെന്നത് അപകടകരമാണെന്നും അദ്ദേഹം പറഞ്ഞു.
'നിങ്ങളുടെ ഓർഡർ വന്നുകൊണ്ടിരിക്കുന്നു എന്ന സന്ദേശം ഫോണിലേക്ക് എത്തുമ്പോൾ ആരും അംഗീകരിക്കാത്ത ചില വ്യക്തികൾ ഇതിന് പിന്നിലുണ്ട്. സൊമാറ്റോയിലെയും സ്വിഗ്ഗിയിലെയും ഡെലിവറി ബോയ്‌സ്, ഓല, ഉബർ എന്നിവയുടെ ഡ്രൈവർമാർ, ബ്ലിങ്കിറ്റിന്റെയും സെപ്‌റ്റോയുടെയും റൈഡർമാർ, അർബൻ കമ്പനിയുടെ പ്ലംബർമാർ, ബ്യൂട്ടീഷ്യൻമാർ എന്നിവരാണ് അത്. ഈ ജോലി ചെയ്യുന്നവരെ ഔദ്യോഗിക ഭാഷയിൽ ഗിഗ് വർക്കർമാർ എന്ന് വിളിക്കുന്നു. പക്ഷേ ഞാൻ അവരെ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ അദൃശ്യ ചക്രങ്ങൾ എന്ന് വിളിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് ചദ്ദ പറഞ്ഞു.
ഈ നിശബ്ദ തൊഴിലാളികളിലൂടെ ഇ-കൊമേഴ്‌സ് കമ്പനികളും ഇൻസ്റ്റന്റ് ഡെലിവറി ആപ്പുകളും ഇന്ന് ബില്യൺ കണക്കിന് ഡോളർ നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. എന്നാൽ ഈ ഗിഗ് തൊഴിലാളികളുടെ അവസ്ഥ ഇപ്പോഴും ഒരു ദിവസ വേതനക്കാരന്റെ അവസ്ഥയേക്കാൾ മോശമാണെന്നും അദ്ദേഹം പറഞ്ഞു.
ഡെലിവറി സമയത്തിന്റെ സമ്മർദ്ദം കാരണം ഡെലിവറി ബോയ് അമിത വേഗതയിൽ വാഹനമോടിക്കുകയും അപകടത്തിൽപ്പെടുകയും ചെയ്യുന്നു. സ്ഥിരം ജോലി അല്ലാത്തതിനാൽ ഇവർക്ക് ആരോഗ്യ, അപകട ഇൻഷുറൻസോ മറ്റ് മാനുഷിക പരിഗണനകളോ ലഭിക്കുന്നില്ല. അതിനാൽ 10 മിനിറ്റ് ഡെലിവറിയെന്ന ദുരന്തം അവസാനിപ്പിക്കണമെന്നും ഇവക്ക് നിയന്ത്രണം ഏർപ്പെടുത്തണമെന്നും ഛദ്ദ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

