കണ്ണടച്ചാൽ രേണുകാസ്വാമിയുടെ പ്രേതം; ജയിലിൽ ഉറക്കമില്ലെന്ന് നടൻ ദർശൻ
text_fieldsനടൻ ദര്ശന്, രേണുകാസ്വാമി
ബംഗളൂരു: കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ പ്രേതം ജയിലില്‍ തന്നെ വേട്ടയാടുന്നുവെന്ന് കന്നട സൂപ്പർ സ്റ്റാർ ദര്ശന്. ജയിൽ അധികൃതരോടാണ് കൊലക്കേസ് പ്രതിയുടെ പരാതി. ജയിലിൽ കഴിയുന്ന നടൻ ദർശൻ സമർപ്പിച്ച ജാമ്യഹരജി കോടതി ശനിയാഴ്ച പരിഗണിക്കാനിരിക്കെയാണ് പരാതിയുമായി ദർശൻ രംഗത്തെത്തിയത്.
സ്വപ്നങ്ങളില്‍ രേണുകാസ്വാമി വരുന്നതിനാൽ ഉറക്കം ഇല്ലാതായി. വല്ലാത്ത വേട്ട തന്നെ. സെല്ലില്‍ തനിച്ചാവുക കൂടി ചെയ്തതോടെ ഭയം മൂടുകയുമാണ്- ദർശൻ പരാതിയിൽ പറഞ്ഞു. രാത്രി ഉറക്കത്തില്‍ ദര്ശന് നിലവിളിക്കുന്നതും ഒച്ചവെക്കുന്നതും കേട്ടതായി ജയില്‍ അധികൃതർ വെളിപ്പെടുത്തി. തന്റെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടുകയാണെങ്കില്‍, തിരികെ ബംഗളൂരു സെൻട്രൽ ജയിലിലേക്ക് മാറ്റണമെന്ന് ദര്ശന് അഭിഭാഷകന് മുഖേന ആവശ്യപ്പെട്ടിട്ടുണ്ട്.
രേണുകാസ്വാമിയുടെ പ്രേതം വേട്ടയാടുന്നുവെന്നതറിഞ്ഞ് ദര്‍ശന്റെ ഭാര്യ വിജയലക്ഷ്മി, ക്ഷേത്രത്തില്‍ പ്രത്യേക പൂജകളും വഴിപാടുകളും നടത്തി.
രേണുകാസ്വാമി കൊലക്കേസില്‍ അറസ്റ്റിലായ ദര്ശന്, ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ കൂട്ടാളികളോടൊപ്പം ആഡംബര ചികിത്സയിലേര്പ്പെടുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നത് വിവാദമായിരുന്നു. ഇതേത്തുടർന്ന് ദർശനെ കോടതി ഉത്തരവ് പ്രകാരം ബെല്ലാരി ജയിലിലേക്ക് മാറ്റുകയായിരുന്നു.

