അയോധ്യയിലെ നാണംകെട്ട തോൽവിക്ക് പിന്നാലെ ഹിന്ദുക്കളെ പച്ചത്തെറി വിളിച്ച് വിഡിയോ; രണ്ട് ഹിന്ദു രക്ഷാ ദൾ നേതാക്കൾ അറസ്റ്റിൽ
text_fieldsഅറസ്റ്റിലായ ഹിന്ദു രക്ഷാ ദൾ പ്രവർത്തകരായ ദക്ഷ് ചൗധരി, അന്നു ചൗധരി
ഗാസിയാബാദ്: ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ രാമക്ഷേത്രം നിലനിൽക്കുന്ന അയോധ്യയിലെ ഹിന്ദുക്കളെ കേട്ടാലറക്കുന്ന പച്ചത്തെറി വിളിച്ച് വിഡിയോ നിർമിച്ച് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച രണ്ടുപേർ അറസ്റ്റിൽ. അയോധ്യ ഉൾപ്പെടുന്ന ഫൈസാബാദ് മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർഥി നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയായിരുന്നു അവിടെയുള്ള ഹിന്ദുക്കളുടെ അമ്മമാരെയും സഹോദരിമാരെയും തെറി വിളിച്ച് ഹിന്ദു രക്ഷാ ദൾ നേതാക്കൾ വിഡിയോ പുറത്തിറക്കിയത്. സംഭവത്തിൽ ദക്ഷ് ചൗധരി, അന്നു ചൗധരി എന്നിവരാണ് അറസ്റ്റിലായത്.
ബി.ജെ.പിക്ക് വോട്ട് ചെയ്യാത്ത അയോധ്യയിലെ ജനങ്ങൾക്കെതിരെയായിരുന്നു ഇരുവരും വിഡിയോ ചെയ്തത്. ബി.ജെ.പിയുടെ തോൽവിക്ക് കാരണക്കാരായ അയോധ്യയിലെ വോട്ടർമാർ രാജ്യത്തുടനീളമുള്ള ഹിന്ദുക്കളെയാണ് അപമാനിച്ചതെന്ന് പറഞ്ഞായിരുന്നു തെറിവിളിയും അസഭ്യവർഷവും. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ റെക്കോഡ് ചെയ്ത വിഡിയോയിൽ അയോധ്യയിലെ ജനങ്ങളെ രാജ്യദ്രോഹികൾ എന്നും വിളിക്കുന്നുണ്ട്. അയോധ്യക്കാർ ഗുരുതരപ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അന്നു ചൗധരി ഭീഷണിപ്പെടുത്തുന്നുണ്ട്.
വിഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതിനെതിരെ പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഇതിന് പിന്നാലെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിന് ദക്ഷ് ചൗധരിയെയും അന്നു ചൗധരിയെയും ഗാസിയാബാദ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ട് പ്രതികളും ഗാസിയാബാദ് നിവാസികളാണ്. ഇരുവർക്കുമെതിരെ ഐ.പി.സി 295 എ, 504 വകുപ്പുകൾ ചുമത്തി കേസെടുത്തു.
മേയ് 17ന് നോർത്ത് ഈസ്റ്റ് ഡൽഹിയിലെ ഇൻഡ്യ മുന്നണി സ്ഥാനാർഥി കനയ്യ കുമാറിനെ മർദിച്ച കേസിൽ പ്രതിയായിരുന്നു ദക്ഷ് ചൗധരി. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആം ആദ്മി പാർട്ടി ഓഫിസിന് പുറത്ത് വെച്ച് കനയ്യയെ ഇയാൾ തല്ലിയത്. എ.എ.പിയുടെ വനിത കൗൺസിലർ ഛായ ഗൗരവ് ശർമ്മയോടും സംഘം മോശമായി പെരുമാറിയിരുന്നു. കനയ്യകുമാറിന് സമീപത്തേക്ക് മാലയിടാൻ എന്ന വ്യാജേന എത്തിയാണ് മർദിച്ചത്. ഇതിന്റെ വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെ, പ്രതികളും കൂട്ടാളികളും ഇത്തരം പ്രവർത്തനങ്ങൾ തുടരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

