മറ്റുമതക്കാർ ഹിന്ദുമതം സ്വീകരിക്കുന്നത് മതംമാറ്റമല്ലെന്ന് ആർ.എസ്.എസ്; ‘ഘർ വാപസി എന്നാൽ തെറ്റുതിരുത്തൽ, വിദേശികൾ അടക്കം ഹിന്ദുമതം സ്വീകരിക്കുന്നത് സ്വാഗതാർഹം’
text_fieldsഭുവനേശ്വർ: മതം മാറിയ ഹിന്ദുക്കൾ വീണ്ടും ഹിന്ദുമതം സ്വീകരിക്കുന്നത് മതംമാറ്റത്തിന്റെ ഗണത്തിൽ വരില്ലെന്ന് ആർ.എസ്.എസ് ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ. സംഘ്പരിവാർ കേന്ദ്രങ്ങൾ ‘ഘർ വാപസി’ എന്നു വിളിക്കുന്ന ഈ മതപരിവർത്തനം തിരുത്തൽ നടപടിയാണെന്നും ഹൊസബാലെ പറഞ്ഞു.
‘ഹിന്ദുമതത്തിലേക്കുള്ള തിരിച്ചുവരവ് സ്വമേധയാ ഉള്ളതായിരിക്കണം. ഹിന്ദുക്കളല്ലാത്ത വിദേശികൾ പോലും ഹിന്ദുമതം സ്വീകരിക്കുന്നത് സ്വാഗതാർഹമാണ്. എന്നാൽ നിർബന്ധിത മതപരിവർത്തനത്തെ ആർഎസ്‌എസ് ശക്തമായി എതിർക്കും’ -ആർഎസ്‌എസിന്റെ ശതാബ്ദി വർഷത്തിൽ ബഹുജന സമ്പർക്ക പരിപാടിയുടെ ഭാഗമായി ഒഡീഷ സന്ദർശിച്ച ഹൊസബാലെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
‘ഘർ വാപസി’ ചെയ്യുന്ന ആളുകൾ ഹിന്ദുമതത്തിൽ വിവേചനം നേരിടുന്നുണ്ടെന്ന കാര്യം അദ്ദേഹം അംഗീകരിച്ചു. ‘ഇങ്ങനെ ഹിന്ദുമതം സ്വീകരിക്കുന്നവരെ പ്രാദേശിക സമൂഹങ്ങൾ പെട്ടെന്ന് അംഗീകരിക്കുന്നില്ല. പല ഹിന്ദു സമൂഹങ്ങളും അവരെ സ്വീകരിക്കാൻ വിമുഖത കാണിക്കുന്നു. ക്ഷേത്രങ്ങൾ അവരെ പ്രവേശിക്കാൻ അനുവദിക്കാത്തതും പലപ്പോഴും കാണാം. ഇത് മതപരമായ കാര്യമായതിനാൽ ആർഎസ്‌എസിന് ഒന്നും ചെയ്യാനാവില്ല. ക്ഷേത്ര അധികൃതരും മതമേലധ്യക്ഷന്മാരും തീരുമാനിക്കേണ്ട കാര്യമാണിത്’ -അദ്ദേഹം പറഞ്ഞു.
ഒഡീഷ ഉൾപ്പെടെ രാജ്യത്തുടനീളം മറ്റ് മതക്കാർ മതപരിവർത്തനം തുടരുകയാണെന്നും ഹൊസബാലെ ആരോപിച്ചു. വിഎച്ച്പി നേതാവ് ലക്ഷ്മണാനന്ദ സരസ്വതിയുടെ കൊലപാതകത്തിനുശേഷം ഒഡീഷയിൽ മതപരിവർത്തനം വർധിച്ചതായും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

