പാർട്ടി വിട്ടവരെ തിരികെയെത്തിക്കാൻ ഐ.എൻ.എല്ലിൽ ‘ഘർ വാപസി’
text_fieldsന്യുഡൽഹി: വിവിധ കാരണങ്ങളാൽ പുറത്താക്കപ്പെട്ടവരെയും പുറത്തുപോയവരെയും സംഘടനയിലേക്ക് തിരിച്ചുകൊണ്ടുവരാൻ ‘ഘർ വാപസി’ പ്രഖ്യാപിച്ച് ഇന്ത്യൻ നാഷനൽ ലീഗ്. ‘ബാക് ടു ഹോം’ എന്ന് പേരിട്ട് നടപ്പാക്കുന്ന ഈ പദ്ധതിക്ക് പുറമെ പാർട്ടിയുടെ ജനകീയ അടിത്തറ വികസിപ്പിക്കുന്നതിന് വിവിധ കർമ പദ്ധതികളും ദേശീയ കമ്മിറ്റി ആസൂത്രണം ചെയ്തു.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് നടന്ന സംസ്ഥാനങ്ങളിൽ ഇന്ത്യൻ നാഷനൽ ലീഗിന് നേരിട്ട തിരിച്ചടികളെ കുറിച്ച് പഠിക്കാൻ ദേശീയ കമ്മിറ്റി നിയോഗിച്ച ഉപസമിതികൾ സമർപ്പിച്ച റിപ്പോർട്ടുകൾ യോഗം അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ തുടർ ചർച്ചകൾ നടത്തി പ്രവർത്തനരേഖകൾ രൂപപ്പെടുത്തി ദേശീയ സമിതിയുടെ അംഗീകാരത്തോടെ നടപ്പാക്കമെന്ന് പാർട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു.
രാജ്യത്തിന്‍റെ നിയതമായ എല്ലാ സംവിധാനവും കാവിവത്കരിക്കുന്ന സംഘ്പരിവാർ കുതന്ത്രങ്ങൾക്കെതിരെ കൂട്ടായ്മ ശക്തിപ്പെടുത്തുന്നതിനായി ഐ.എൻ.എൽ ദേശീയ കമ്മിറ്റി ഒക്ടോബർ അവസാനവാരം ഡൽഹിയിൽ ‘ഫ്യൂച്ചർ ഇന്ത്യ; ട്യൂൺ ദ തോട്ട്സ്’ എന്ന പ്രമേയത്തിൽ ദേശീയ സെമിനാർ സംഘടിപ്പിക്കും. ദേശീയ രാഷ്ട്രീയ മാധ്യമ മത സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
ഐ.എൻ.എൽ അഖിലേന്ത്യ പ്രസിഡന്‍റ് പ്രഫ. മുഹമ്മദ് സുലൈമാൻ അധ്യക്ഷത വഹിച്ചു. അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു. അഡ്വ. ഇഖ്‌ബാൽ സഫർ, തസ്നീം ഷാജഹാൻ, സമദ് നരിപ്പറ്റ, അഡ്വ. അൽതാഫ് അഹമ്മദ്, ഷാജഹാൻ, നാഗൂർരാജ, റഫീഅഹമ്മദ്, ഫഹീം സിദ്ധീഖി, സലാഹുദ്ധീൻ എന്നിവർ സംസാരിച്ചു. അഖിലേന്ത്യ ജനറൽ സെക്രട്ടറി മുസമ്മിൽ ഹുസൈൻ സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

