യു.പിയിൽ വീണ്ടും വിനോദ സഞ്ചാരിക്ക് മർദനം
text_fieldsസോൻഭദ്ര (യു.പി): സ്വിറ്റ്സർലൻഡിൽനിന്നുള്ള വിനോദസഞ്ചാരികളെ ക്രൂരമായി മർദിച്ച സംഭവത്തിെൻറ വിവാദം കെട്ടടങ്ങുംമുമ്പ് ഉത്തർപ്രദേശിൽ ജർമൻ പൗരന് റെയിൽവേ സൂപ്പർവൈസറുടെ മർദനം. സോൻഭദ്ര ജില്ലയിലെ റോബർട്സ്ഗഞ്ച് റെയിൽവേ സ്റ്റേഷനിൽ ശനിയാഴ്ചയായിരുന്നു സംഭവം. ബർലിൻ സ്വദേശി ഹോൾഗർ എറീക്കിനാണ് മർദനമേറ്റത്. സംഭവത്തിൽ സൂപ്പർവൈസർ അമൻകുമാറിനെ അറസ്റ്റ് ചെയ്ത് റെയിൽവേ പൊലീസിന് കൈമാറിയതായി സർക്കിൾ ഒാഫിസർ വിവേകാനന്ദ് തിവാരി അറിയിച്ചെങ്കിലും ആരും കസ്റ്റഡിയിലില്ലെന്നാണ് ജി.ആർ.പി സർക്കിൾ ഒാഫിസർ മോണിക്ക ചദ്ധ പറഞ്ഞത്.
ജർമൻ സ്വദേശി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ ‘ഇന്ത്യയിലേക്ക് സ്വാഗതം’ എന്ന് താൻ അഭിവാദ്യം ചെയ്തെന്നും എന്നാൽ, തന്നെ തല്ലുകയായിരുന്നുവെന്നും അമൻകുമാർ പറഞ്ഞു. തുടർന്നാണ് താൻ തിരിച്ചുതല്ലിയതെന്നും അദ്ദേഹം വ്യക്തമാക്കി. സുഖവിവരം അന്വേഷിച്ചപ്പോൾ ക്ഷുഭിതനായ ജർമൻ പൗരൻ അമൻ കുമാറിനെ ഇടിച്ചെന്നാണ് പൊലീസ് റിപ്പോർട്ട്. തുടർന്നാണത്രെ അമൻ കുമാർ തിരിച്ചുതല്ലിയത്. എന്നാൽ, അമൻ കുമാർ മദ്യപിച്ചിരുന്നതായും അതിനാലാണ് അഭിവാദ്യം ചെയ്തപ്പോൾ പ്രതികരിക്കാതിരുന്നതെന്നും ഹോൾഗർ അറിയിച്ചു. പ്രതികരിക്കാത്തതിെൻറ പേരിലാണ് തന്നെ മർദിച്ചതെന്നും ഹോൾഗർ കൂട്ടിച്ചേർത്തു.
ഹോൾഗർ വേഗം ദേഷ്യംപിടിക്കുന്ന സ്വഭാവക്കാരനാണെന്നും അയാളാണ് ആദ്യം അക്രമം നടത്തിയതെന്നും പൊലീസ് പറഞ്ഞു. മുമ്പ് ഹിമാചൽ പ്രദേശിൽവെച്ച് ഹോൾഗർ സമാനരീതിയിൽ പെരുമാറിയതായി വിവരം ലഭിച്ചെന്നും പൊലീസ് അവകാശപ്പെട്ടു.
ദിവസങ്ങൾക്കു മുമ്പ് യു.പിയിലെ ഫേത്തപുർസിക്രി റെയിൽവേ സ്റ്റേഷനിലാണ് സ്വിസ് സ്വദേശികളായ ക്വെൻറിൻ ജെറെമി ക്ലാർക്ക് (24), കാമുകി മരീ ഡ്രോസ് (24) എന്നിവർ ആക്രമണത്തിനിരയായത്. അഞ്ചു യുവാക്കൾ ചേർന്ന് കമ്പും കല്ലുമുപയോചിച്ച് ഇവരെ പിന്തുടർന്ന് മർദിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
