വ്യാജ മരണം ചിത്രീകരിക്കാൻ സ്ത്രീയെ കൊലപ്പെടുത്തിയ കേസിൽ 23കാരിക്ക് കൊലക്കുറ്റം
text_fieldsബെർലിൻ: സ്വന്തം മരണം വ്യാജമായി ചിത്രീകരിക്കാൻ തന്നോട് സാമ്യമുള്ള സ്ത്രീയെ കൊലപ്പെടുത്തിയ സംഭവത്തിൽ ജർമൻ-ഇറാഖ് വംശജ കുറ്റക്കാരിയെന്ന് റിപ്പോർട്ട്. 23കാരിയായ ഷെഹർബാനേയും സുഹൃത്തായ ഷെഖീർ എന്ന യുവാവിനേയും പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
ആഗസ്റ്റ് 2022ലായിരുന്നു കേസിനാസ്പദമായ സംഭവം. തെക്കൻ ജർമനിയിലെ ഇംഗോൾസ്റ്റാഡ് (Ingolstadt) പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന കാറിൽ നിന്നാണ് ഷഹർബാന്‍റേതെന്ന് തോന്നിപ്പിക്കുന്ന മൃതദേഹം കണ്ടെത്തിയത്. ഏതാനും ബന്ധുക്കളും മൃതദേഹം ഷെഹർബാന്‍റേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ നടത്തിയ പോസ്റ്റ്മാർട്ടത്തിനിടെയായിരുന്നു യുവതിയുടെ ശരീരത്തിൽ ചില ടാറ്റൂകൾ കണ്ടെത്തിയത്. ഇത് ഷെഹർബാന്‍റേതല്ലെന്ന വാദം ഉയർന്നതോടെ പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. ഇതിനിടെയാണ് കൊല്ലപ്പെട്ടത് ബാഡൻ-വുർട്ടംബർഗിലെ ഹെയിൽബ്രോണിൽ നിന്നുള്ള ബ്യൂട്ടി ബ്ലോഗറായ ഖദിദിയ (Khadidia) ആണെന്ന് തിരിച്ചറിയുന്നത്. ഒരു വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കേസ് കോടതിയുടെ പരിഗണനയിലേക്കത്തുന്നത്.
ഷെഹർബാൻ തന്നോട് രൂപസാദൃശ്യമുള്ള നിരവധി സ്ത്രീകളെ ഇൻസ്റ്റഗ്രാമിലെ വ്യാജ അക്കൗണ്ടിലൂടെ പരിചയപ്പെട്ടിരുന്നു. മ്യൂസിക് വീഡിയോ ഷൂട്ടിനും സൗന്ദര്യവർധക ചികിത്സയുടെ ഷൂട്ടിനും തനിക്ക് ആളുകളെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഇവർ മറ്റ് സ്ത്രീകളെ സമീപിച്ചത്. ഷൂട്ടിൽ പങ്കെടുത്താൽ പകരമായി ഖദിദിയയുടെ സലൂണിന് സൗജന്യ പരസ്യം നൽകുമെന്ന് വിശ്വസിപ്പിച്ചായിരുന്നു ഷെഹർബാൻ ഇവരെ വിളിച്ചത്. ഷെഹർബാനും സുഹൃത്ത് ഷെഖീറും ചേർന്ന് യുവതിയെ കാറിൽ കയറ്റി കൊണ്ടുപോകുകയും ആളൊഴിഞ്ഞ കാട്ടിൽ വണ്ടി നിർത്തുകയുമായിരുന്നു. കാറിൽ നിന്നിറങ്ങിയ ഖദിദിയയെ പ്രതികൾ തലക്കടിക്കുകയും പിന്നാലെ കത്തിക്കൊണ്ട് ശരീരത്തിൽ 56 തവണ കുത്തുകയുമായിരുന്നു. പിന്നീട് മൃതദേഹം ഷെഹർബാന്‍റെ വീടിനരികിൽ ഉപേക്ഷിക്കുകയായിരുന്നു. ഇരുവർക്കും നീളം കൂടിയ കറുപ്പ് മുടിയും, സമാന രീതിയിലുള്ള നിറവുമായിരുന്നു. ഇരുവരും അമിതമായി മേക്കപ്പ് ധരിക്കുമായിരുന്നുവെന്നതും ഷെഹർബാന്‍റെ കുടുംബത്തെയുൾപ്പെടെ മൃതദേഹം തിരിച്ചറിയുന്നതിന് പിഴവുണ്ടാക്കി.
സമാന രീതിയിൽ ഭർത്താവിന്‍റെ സഹോദരനെ കൊലപ്പെടുത്താനും ഷെഹർബാൻ ശ്രമിച്ചിരുന്നു. ഇതിനായി ഒരാളെ സമീപിക്കുകയും ഇയാൾ കൊലപാതകത്തിനായി എട്ട് ലക്ഷം രൂപയോളം വാഗ്ധാനം ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ ഇയാൾ പകുതി പണം കൈപ്പറ്റിയ ശേഷം കുറ്റകൃത്യത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
താൻ മരിച്ചെന്ന് വരുത്തിതീർത്ത ശേഷം മറ്റൊരു നാട്ടിൽ പോയി പുതിയ ജീവിതം ആരംഭിക്കുക എന്ന ലക്ഷ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്‍റെ നിഗമനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

