ജോർജ് കുര്യന് രാജ്യസഭ സീറ്റില്ല; മന്ത്രിസഭയിൽനിന്ന് പുറത്തേക്ക്
text_fieldsജോർജ് കുര്യൻ
ന്യൂഡൽഹി: രാജ്യസഭ സിറ്റിങ് എം.പി ജോർജ് കുര്യനെ തഴഞ്ഞ് ബി.ജെ.പി. രാജ്യസഭാ തെരഞ്ഞെടുപ്പിനുള്ള ബി.ജെ.പി സ്ഥാനാർഥികളുടെ പട്ടികയിൽ ജോർജ് കുര്യന്‍റെ പേരില്ല. നിലവിൽ മധ്യപ്രദേശിൽനിന്നുള്ള രാജ്യസഭാംഗമാണ് കുര്യൻ.
ഈ മാസത്തോടെ അദ്ദേഹത്തിന്റെ കാലാവധി കഴിയും. ജോർജ് കുര്യന്റേതടക്കം മധ്യപ്രദേശിൽ ഒഴിവുവരുന്ന രണ്ട് രാജ്യസഭാ സീറ്റുകളിലേക്ക് തരുൺ ചുഘ്, രജനീഷ് അഗർവാൾ എന്നിവരെയാണ് ബി.ജെ.പി സ്ഥാനാർഥികളായി പ്രഖ്യാപിച്ചത്.
ഇതോടെ കേന്ദ്ര മന്ത്രി സ്ഥാനത്തുനിന്ന് ജോർജ് കുര്യനെ മാറ്റിയേക്കും. നിലവിൽ ഫിഷറീസ്, മൃഗസംരക്ഷണം, ക്ഷീര, ന്യൂനപക്ഷകാര്യ വകുപ്പുകളുടെ ചുമതലയുള്ള സഹമന്ത്രിയാണ്. ജോർജ് കുര്യന് പകരം കേരളത്തിൽനിന്ന് മറ്റൊരാളെ മന്ത്രിയാക്കാനാണ് തീരുമാനമെങ്കിൽ, രാഷ്ട്രപതിയുടെ നോമിനിയായി രാജ്യസഭയിലെത്തിയ സി. സദാനന്ദന് അവസരം ലഭിച്ചേക്കും. പഞ്ചാബിൽനിന്നുള്ള ഭക്ഷ്യസംസ്കരണ-റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടുവിനും സീറ്റ് നൽകിയിട്ടില്ല.
ജൂൺ പകുതിയോടെ കേന്ദ്രമന്ത്രിസഭയിൽ വലിയ രീതിയിലുള്ള പുനഃസംഘടന ഉണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടയാണ് ജോർജ് കുര്യനും രവ്‌നീത് സിങ് ബിട്ടുവിനും സീറ്റ് ലഭിക്കാതിരുന്നത്. 10 സംസ്ഥാനങ്ങളിലെ 24 രാജ്യസഭാ സീറ്റുകളിലേക്ക് ജൂൺ 18നാണ് വോട്ടെടുപ്പ് നടക്കുന്നത്. ഫലം അന്നേ ദിവസം വൈകിട്ട് അഞ്ചിന് പ്രഖ്യാപിക്കും. നിലവിലെ അംഗങ്ങൾ ജൂൺ 21 മുതൽ ജൂലൈ 19 വരെയുള്ള വിവിധ തീയതികളിൽ വിരമിക്കുന്ന സാഹചര്യത്തിലാണ് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.
ആന്ധ്രാപ്രദേശ്, ഗുജറാത്ത്, കർണാടക എന്നിവിടങ്ങളിൽ നാല് സീറ്റുകളിൽ വീതവും മധ്യപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ മൂന്ന് സീറ്റുകളിൽ വീതവും ജാർഖണ്ഡിൽ രണ്ട് സീറ്റുകളിലും മണിപ്പൂർ, മേഘാലയ, അരുണാചൽ പ്രദേശ്, മിസോറാം എന്നിവിടങ്ങളിൽ ഓരോ സീറ്റുകളിലുമാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

