കേരളത്തിൽ നിന്നും ‘മിനിസ്റ്റർ’ ആയവർ ‘സിനിസ്റ്റർ’ ആയി പ്രവർത്തിക്കുവെന്ന് സന്തോഷ് കുമാർ എം.പി; വയനാട് ദുരന്തമുണ്ടായപ്പോൾ മുഖ്യമന്ത്രി ഉറങ്ങുകയായിരുന്നുവെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
text_fieldsന്യൂഡൽഹി: കേരളത്തിൽനിന്നും കേന്ദ്രമന്ത്രിസഭയിലെത്തിയവർ ‘മിനിസ്റ്റർ’ ആയി പ്രവർത്തിക്കുന്നതിന് പകരം ’സിനിസ്റ്റർ’(വഞ്ചനാപരം)ആയി പ്രവർത്തിക്കുകയാണെന്ന് സി.പി.ഐ രാജ്യസഭാ കക്ഷി നേതാവ് സന്തോഷ് കുമാർ കുറ്റപ്പെടുത്തി.
ചൊവ്വാഴ്ച രാത്രി നന്ദിപ്രമേയ ചർച്ചക്കിടെ വയനാട് ദുരന്തത്തെ കുറിച്ച് നടത്തിയ ഈ പരാമർശത്തെ ചൊല്ലി ആ സമയത്ത് സഭയിലുണ്ടായിരുന്ന കേന്ദ്ര ന്യൂനപക്ഷ സഹ മന്ത്രി ജോർജ് കുര്യനും ഇടത് എം.പിമാരും തമ്മിൽ കൊമ്പുകോർത്തു. കേരളത്തിലെ ജനങ്ങളുടെ താൽപര്യം സംരക്ഷിക്കുന്ന മന്ത്രിമാരായി അവർ പ്രവർത്തിക്കണമെന്നും വയനാടിനായി ചുരുങ്ങിയത് 2000 കോടി എങ്കിലും അനുവദിച്ച് കേരളത്തോട് നീതി ചെയ്യണമെന്ന് സന്തോഷ് കുമാർ ആവശ്യപ്പെട്ടു.
ഇതിന് മറുപടി പറയാൻ എണിറ്റ് കേന്ദ്ര മന്ത്രി ജൂൺ 30നുണ്ടായ വയനാട് ദുരന്തം എന്ന് പറഞ്ഞപ്പോഴേക്കും ജൂണിലല്ല ജൂലൈ 30നാണെന്ന് പറഞ്ഞ് സി.പി.ഐ, സി.പി.എം എം.പിമാർ ഒന്നടങ്കം ബഹളം വെച്ചു.
മന്ത്രിയുടെ തെറ്റായ പരാമർശം തിരുത്തണമെന്ന് ഡോ. എ ശിവദാസൻ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിൽ ഇടപെടുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയൻ ഉറങ്ങുകയായിരുന്നുവെന്നും ജോർജ് കുര്യൻ ആരോപിച്ചു. പ്രധാനമന്ത്രി ആവശ്യപ്പെട്ടതിനെ തുടർന്ന് താൻ വയനാട്ടിൽ എത്തുമ്പോൾ ഒരു എം.പിയോ എം.എൽ.എയോ മന്ത്രിയോ അവിടെ എത്തിയിരുന്നില്ലെന്നും ജോർജ് കുര്യൻ പറഞ്ഞു.
എവിടെയായിരുന്നു നിങ്ങളെന്ന് കേന്ദ്രമന്ത്രി ചോദിച്ചതോടെ സന്തോഷ് കുമാറും ജോൺ ബ്രിട്ടാസും എ.എ റഹീമും അടക്കമുള്ള ഇടതു അംഗങ്ങൾ പ്രതിഷേധവുമായി എഴുന്നേറ്റു. രാജ്യസഭ ബഹളത്തിൽ മുങ്ങുകയും ചെയ്തു. കേന്ദ്ര മന്ത്രി പറഞ്ഞത് സഭാരേഖകളിൽ നിന്ന് നീക്കണമെന്ന് പ്രമോദ് തിവാരി ആവശ്യപ്പെട്ടുവെങ്കിലും ചെയറിലുണ്ടായിരുന്ന ഗൺശ്യാം തിവാരി അംഗീകരിച്ചില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.