തമിഴക രാഷ്ട്രീയത്തിൽ തലമുറമാറ്റം; വിജയ്-ഉദയനിധി യുഗപ്പിറവി
text_fieldsഡി.എം.കെ നേതാവും മുൻ മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിനെ കാണാനെത്തിയ തമിഴ്നാട് മുഖ്യമന്ത്രി വിജയിയെ
പൊന്നാടയണിയിച്ച് സ്വീകരിക്കുന്നു
ചെന്നൈ: തമിഴക രാഷ്ട്രീയത്തിൽ തലമുറമാറ്റത്തിന്റെ പുതുക്കം. 1977 മുതൽ എം.ജി.ആർ-കരുണാനിധി, കരുണാനിധി-ജയലളിത, സ്റ്റാലിൻ-എടപ്പാടി പളനിസാമി ദ്വന്തങ്ങൾക്കുശേഷമാണ്, വിജയ്- ഉദയനിധി സ്റ്റാലിൻ യുഗത്തിന് തുടക്കമായിരിക്കുന്നത്. ഡി.എം.കെയുടെ തെരഞ്ഞെടുപ്പ് പരാജയത്തെത്തുടർന്ന്, പരമോന്നത നേതാവ് എം.കെ. സ്റ്റാലിന്റെ പുത്രൻ ഉദയനിധി സ്റ്റാലിൻ പാർട്ടി നിയമസഭ കക്ഷി നേതാവായും പിന്നാലെ പ്രതിപക്ഷ നേതാവായും തെരഞ്ഞെടുക്കപ്പെട്ടതോടെയാണിത്. വിജയ് യെ പോലെ വെള്ളിത്തിരയിലെ താരസിംഹാസനത്തിൽ നിന്നല്ലെങ്കിലും മോശമല്ലാത്ത സിനിമാ ട്രാക്ക് റെക്കോഡ് ഉദയനിധിക്കും ഉണ്ട് എന്നതും ശ്രദ്ധേയം.
അതേസമയം, തിങ്കളാഴ്ച രാവിലെ നിയമസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ്ങിൽ സഭയിൽ നേർക്കുനേർ ഇരുന്ന വിജയ് യും ഉദയനിധിയും പരസ്പരം ആശംസകൾ നേരുകയോ സൗഹൃദം പുതുക്കുകയോ ചെയ്തിരുന്നില്ല. ഇതോടെ, കരുണാനിധി-ജയലളിത കാലത്തെപ്പോലെ പരസ്പര വൈരം നിറഞ്ഞതായിരിക്കുമോ ‘വിജയ്-ഉദയനിധി’ കാലമെന്ന ആശങ്ക രാഷ്ട്രീയവൃത്തങ്ങളിൽ പരന്നു. മുൻകാലങ്ങളിൽ, അന്ത്യോപചാര ചടങ്ങുകളിൽപോലും പരസ്പരം പങ്കെടുക്കാത്തതരം ശത്രുതയായിരുന്നു ഡി.എം.കെയും അണ്ണാ ഡി.എം.കെയും തമ്മിൽ. ഡി.എം.കെ നേതൃരംഗത്ത് എം.കെ. സ്റ്റാലിൻ കടന്നുവന്നതോടെയാണ് ഇതിന് മാറ്റമുണ്ടായത്.
ഇന്നലെ അപ്രതീക്ഷിത സിനിമാറ്റിക് നീക്കത്തിലൂടെ മുൻ മുഖ്യമന്ത്രി സ്റ്റാലിനെ അങ്ങോട്ടുപോയി സന്ദർശിച്ച വിജയ് തന്നെ ആശങ്കകളെ മുളയിലേ നുള്ളുകയായിരുന്നു. നേരിൽ കാണാൻ ആഗ്രഹമുണ്ടെന്നും വീട്ടിലേക്ക് വരട്ടേയെന്നും വിജയ് തന്നെ സ്റ്റാലിനോട് ചോദിക്കുകയായിരുന്നുവത്രെ. അനുവാദം ലഭിച്ചതോടെ, തിങ്കളാഴ്ച ഉച്ചക്കുശേഷം സ്റ്റാലിന്റെ ചിത്തരഞ്ജൻ റോഡിലെ വസതിയിൽ പുതിയ മുഖ്യമന്ത്രിയെത്തി. വീട്ടുമുറ്റത്തുതന്നെ കാത്തുനിന്ന ഉദയനിധി, കാറിൽനിന്ന് ഇറങ്ങിവന്ന വിജയ് യെ ആശ്ലേഷിച്ചാണ് വരവേറ്റത്. സ്വീകരണ മുറിയിൽ സ്റ്റാലിൻ വിജയ് യുടെ കൈകൾ പിടിച്ച് നടന്നുനീങ്ങുന്നതും കാണാമായിരുന്നു. പിന്നീട് ഇരുവരും പരസ്പരം ബൊക്കെകളും ഷാളുകളും കൈമാറി. ഉദയനിധി സ്റ്റാലിനും വിജയ്ക്ക് ഉപഹാരം കൈമാറി. പിന്നീട്, ഉന്നതമായ രാഷ്ട്രീയ സംസ്കാരം കാണിച്ച് വിജയ് തന്നെ സന്ദർശിച്ചുവെന്നും അദ്ദേഹത്തിന് സ്നേഹംനിറഞ്ഞ ആശംസകളും ഉപദേശങ്ങളും നൽകിയതായും സ്റ്റാലിൻ എക്സ് പേജിൽ കുറിക്കുകയും ചെയ്തു. ഇതോടെ, തങ്ങളുടെ രാഷ്ട്രീയ രംഗത്ത് അധികം കാണാത്ത കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ചതിന്റെ കൗതുകത്തിലാണ് തമിഴകമിന്ന്. സ്റ്റാലിനുപുറമെ, എം.ഡി.എം.കെ ജനറൽ സെക്രട്ടറി വൈകോ, പാട്ടാളി മക്കൾ കക്ഷി പ്രസിഡന്റ് ഡോ.അൻപുമണി രാമദാസ്, നാം തമിഴർ കക്ഷി നേതാവ് സീമാൻ എന്നിവരെയും വിജയ് ഇന്നലെ സന്ദർശിച്ചു. വിജയ് യുടെ രാഷ്ട്രീയ വിശാലമനസ്കതയാണ് ഇത് കാണിക്കുന്നതെന്നും വിലയിരുത്തപ്പെടുന്നു.
ജെ.സി.ഡി. പ്രഭാകർ സ്പീക്കർ അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. പ്രോടേം സ്പീക്കർ എം.വി. കറുപ്പയ്യ സത്യവാചകം ചൊല്ലിക്കൊടുത്തു. വിജയ് യും ഉദയനിധി സ്റ്റാലിനും എടപ്പാടി പളനിസാമിയും ഉൾപ്പെടെയുള്ളവർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. വിജയ് ഉൾപ്പെടെ 99 പേർ ആദ്യമായാണ് എം.എൽ.എമാരാവുന്നത്.
സ്പീക്കറായി ടി.വി.കെയിലെ ജെ.സി.ഡി. പ്രഭാകരനും ഡെപ്യൂട്ടി സ്പീക്കറായി രവിശങ്കറും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചൊവ്വാഴ്ച നടക്കുന്ന നിയമസഭ സമ്മേളനത്തിൽ പ്രോടേം സ്പീക്കർ എം.വി. കറുപ്പയ്യ പ്രഖ്യാപനം നടത്തും. തമിഴ്നാട് നിയമസഭയുടെ ചരിത്രത്തിൽ ഇതാദ്യമായാണ് ഡി.എം.കെ-അണ്ണാ ഡി.എം.കെ അംഗങ്ങൾ പ്രതിപക്ഷത്തിരിക്കുന്നത്. അണ്ണാ ഡി.എം.കെ എം.എൽ.എമാർ തുടർച്ചയായി രണ്ടാം തവണ പ്രതിപക്ഷത്തിരിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. മേയ് 13നകം ഭൂരിപക്ഷം തെളിയിക്കാനാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

