ഇന്ത്യയുടെ പുതിയ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി ചുമതലയേറ്റു
text_fieldsഎൻ.എസ്. രാജ സുബ്രഹ്മണി
ഇന്ത്യയുടെ ഏറ്റവും മുതിർന്ന സൈനിക ഉദ്യോഗസ്ഥനായ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ആയി ജനറൽ എൻ.എസ്. രാജ സുബ്രഹ്മണി ഇന്ന് ഔദ്യോഗികമായി ചുമതലയേറ്റു. കാലാവധി പൂർത്തിയാക്കി പടിയിറങ്ങിയ ജനറൽ അനിൽ ചൗഹാനിൽ നിന്നാണ് അദ്ദേഹം ഈ സുപ്രധാന ഉത്തരവാദിത്തം ഏറ്റെടുത്തത്. കരസേന, നാവികസേന, വ്യോമസേന എന്നിവയെ ഏകോപിപ്പിക്കുന്നതിലും ഭാവിയിലെ വെല്ലുവിളികൾ നേരിടുന്നതിലും നിർണ്ണായക പങ്ക് വഹിക്കുന്ന ഈ പദവിയിലേക്ക് വലിയ പ്രതീക്ഷകളോടെയാണ് രാജ്യം അദ്ദേഹത്തെ ഉറ്റുനോക്കുന്നത്.
ചുമതലയേറ്റ ശേഷം നടത്തിയ പ്രസ്താവനയിൽ സായുധ സേനയുടെ പരിവർത്തനത്തിന് മുൻഗണന നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സേനകൾ തമ്മിലുള്ള ഏകീകരണവും ഏകോപനവും വർദ്ധിപ്പിക്കുന്നതിനുള്ള സംഘടനാപരമായ പരിഷ്കാരങ്ങൾ നടപ്പിലാക്കുക എന്നതാണ് തന്റെ പ്രധാന ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, തദ്ദേശീയമായി വികസിപ്പിച്ച ആയുധ സംവിധാനങ്ങളുടെ നിർമാണവും സേനയിൽ അവയുടെ ഉൾപ്പെടുത്തലും വേഗത്തിലാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. "നമ്മുടെ രാജ്യത്തിന്റെ പരമാധികാരവും അഖണ്ഡതയും സംരക്ഷിക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. സമർപ്പണത്തോടും ധീരതയോടും കൂടി സേന രാജ്യത്തെ സേവിക്കുന്നത് തുടരുമെന്ന് ഞാൻ പൗരന്മാർക്ക് ഉറപ്പ് നൽകുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.
ജനറൽ ബിപിൻ റാവത്ത്, ജനറൽ അനിൽ ചൗഹാൻ എന്നിവർക്ക് ശേഷം ഈ പദവിയിലെത്തുന്ന മൂന്നാമത്തെ കരസേനാ ഉദ്യോഗസ്ഥനാണ് ജനറൽ രാജ സുബ്രഹ്മണി. ഖഡക്വാസ്‌ലയിലെ നാഷണൽ ഡിഫൻസ് അക്കാദമിയിൽ നിന്നും ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്നും പരിശീലനം നേടിയ അദ്ദേഹം, 1985 ഡിസംബർ 14-നാണ് ഗർവാൾ റൈഫിൾസിന്റെ എട്ടാം ബറ്റാലിയനിൽ കമ്മീഷൻ ചെയ്യപ്പെട്ടത്. കരസേനയിലെയും മറ്റ് സേനാ വിഭാഗങ്ങളിലെയും വിഭവങ്ങളെ ഒരു കുടക്കീഴിൽ കൊണ്ടുവന്ന് 'തിയറ്ററൈസേഷൻ' പദ്ധതി വേഗത്തിലാക്കുക എന്നതാകും അദ്ദേഹത്തിന് മുന്നിലുള്ള ഏറ്റവും വലിയ ദൗത്യം. രാജ്യത്തിന്റെ സുരക്ഷാ സംവിധാനത്തെ കൂടുതൽ ആധുനികവും കാര്യക്ഷമവുമാക്കാനുള്ള നീക്കങ്ങൾക്കാണ് അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തുടക്കം കുറിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

