ജനറൽ എം.എം. നരവനെയുടെ പുസ്തക വിവാദം; ഡൽഹി പൊലീസ് കേസെടുത്തു
text_fieldsന്യൂഡൽഹി: മുൻ കരസേനാ മേധാവി ജനറൽ എം.എം. നരവനെയുടെ പ്രസിദ്ധീകരിക്കാത്ത ആത്മകഥ ‘ഫോർ സ്റ്റാർസ് ഓഫ് ഡെസ്റ്റിനി’ (Four Stars of Destiny) ഇന്റർനെറ്റിലൂടെ പ്രചരിക്കുന്ന സംഭവത്തിൽ ഡൽഹി പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. പുസ്തകത്തിന് ഔദ്യോഗിക അനുമതി ലഭിക്കുന്നതിന് മുൻപ് തന്നെ പി.ഡി.എഫ് രൂപത്തിലും മറ്റും പ്രചരിക്കുന്നു എന്ന വിവരത്തെത്തുടർന്നാണ് നടപടി. കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം ഡൽഹി പൊലീസിന്റെ പ്രത്യേക വിഭാഗമായ സ്പെഷ്യൽ സെല്ലിന് കൈമാറി.
അംഗീകൃത അതോറിറ്റികളിൽ നിന്ന് ആവശ്യമായ ക്ലിയറൻസ് ലഭിക്കാതെയാണ് പുസ്തകം പ്രചരിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. പുസ്തകത്തിന്റെ പി.ഡി.എഫ് പകർപ്പുകൾ ചില വെബ്സൈറ്റുകളിൽ ലഭ്യമാണെന്ന് പൊലീസ് കണ്ടെത്തി. പെൻഗ്വിൻ റാൻഡം ഹൗസ് തയ്യാറാക്കിയ ടൈപ്പ്സെറ്റ് പതിപ്പിനോട് സാമ്യമുള്ളതാണ് ഈ രേഖകൾ. പുസ്തകം വിപണിയിൽ ലഭ്യമാണെന്ന രീതിയിൽ ചില ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകളിൽ കവർ പേജ് ഉൾപ്പെടെയുള്ള വിവരങ്ങൾ പ്രദർശിപ്പിച്ചിരുന്നു.
സൈനിക രഹസ്യങ്ങളോ സെൻസിറ്റീവായ വിവരങ്ങളോ അനുമതിയില്ലാതെ പുറത്തു വന്നിട്ടുണ്ടോ എന്നും പകർപ്പവകാശ ലംഘനം നടന്നിട്ടുണ്ടോ എന്നും സ്പെഷ്യൽ സെൽ പരിശോധിക്കും. പുസ്തകത്തെ ചൊല്ലി പാർലമെന്റിൽ ഭരണ-പ്രതിപക്ഷ തർക്കം രൂക്ഷമായതിന് പിന്നാലെയാണ് പൊലീസിന്റെ നടപടി. കഴിഞ്ഞാഴ്ച ലോക്സഭയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പുസ്തകത്തിന്റെ പകർപ്പ് ഉയർത്തിക്കാട്ടിയത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
2020ലെ ഇന്ത്യ-ചൈന അതിർത്തി സംഘർഷത്തെക്കുറിച്ച് പുസ്തകത്തിലുള്ള പരാമർശങ്ങൾ ഉദ്ധരിക്കാൻ രാഹുൽ ഗാന്ധി ശ്രമിച്ചെങ്കിലും സ്പീക്കർ അനുമതി നൽകിയില്ല. പ്രസിദ്ധീകരിക്കാത്ത പുസ്തകം സഭയിൽ ഉദ്ധരിക്കാനാവില്ലെന്നായിരുന്നു നിലപാട്. ഇതേത്തുടർന്നുണ്ടായ ബഹളത്തിൽ എട്ട് എം.പിമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
'സർക്കാരിന് ഈ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ താല്പര്യമില്ല, അതുകൊണ്ടാണ് സഭാനടപടികൾ തടസ്സപ്പെടുത്തുന്നത്. സത്യം പുറത്തുവരുന്നത് അവർ ഭയപ്പെടുന്നു,' എന്ന് രാഹുൽ ഗാന്ധി പ്രതികരിച്ചു. പുസ്തകത്തിന്റെ കൈയെഴുത്തുപ്രതി എങ്ങനെ പുറത്തായെന്നും ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരെന്നും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

