ന്യൂഡൽഹി: ഇന്ത്യയുടെ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് (68) ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടതോടെ ജ്വലിക്കുന്ന ഓർമ്മയാകുന്നത് ഇന്ത്യയുടെ സേനാചരിത്രത്തിലെ ധീരമായ ഒരേട്. 2020 ജനുവരി ഒന്നിനാണ് ഇന്ത്യയുടെ ആദ്യത്തെ സംയുക്ത സേന മേധാവിയായി അദ്ദേഹം നിയമിക്കപ്പെട്ടത്.
പുതിയ കാലത്തെ വെല്ലുവിളികളെ നേരിടാൻ ഇന്ത്യയുടെ മൂന്നു സേനകളുടെയും പ്രവർത്തനം ഏകോപിപ്പിക്കുന്നതിന് അദ്ദേഹം നൽകിയ സംഭാവനകൾ രാജ്യം എന്നും അഭിമാനത്തോടെ ഓർമ്മിക്കും. ഭാര്യ മധുലിക റാവത്ത് ഉൾപ്പെടെ മറ്റ് 12 പേർ കൂടി മരിച്ചത് ദുരന്തത്തിന്‍റെ ആഘാതം ഇരട്ടിയാക്കി.
ജനറൽ ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും
സൈനിക പാരമ്പര്യമുള്ള കുടുംബത്തിലായിരുന്നു ബിപിൻ റാവത്തിന്‍റെ ജനനം. ഉത്തരാഖണ്ഡിലെ പൗരിയിൽ 1958 മാർച്ച് 16 നാണ് ബിപിൻ റാവത്ത് ജനിച്ചത്. പിതാവ് ലക്ഷ്മൺ സിങ് റാവത്ത് കരസേനയിലെ ലഫ്റ്റനന്‍റ് ജനറലായിരുന്നു.
ഡെറാഡൂണിലെ കാംബ്രിയൻ ഹാൾ സ്കൂളിലും ഷിംലയിലെ സെന്‍റ് എഡ്വേര്‍ഡ് സ്കൂളിലുമായിരുന്നു സ്കൂൾ പഠനം. പിന്നീട് പൂനെ നാഷണൽ ഡിഫൻസ് അക്കാദമി, ഇന്ത്യൻ മിലിറ്ററി അക്കാദമി ഡെറാഡൂൺ എന്നിവിടങ്ങളിലായിരുന്നു തുടർ വിദ്യാഭ്യാസം. കുനൂരിലെ വെല്ലിങ്ടണിലുള്ള ഡിഫൻസ് സർവീസ് സ്റ്റാഫ് കോളജിൽനിന്ന് ബിരുദം നേടിയിട്ടുണ്ട്.
1978 ഡിസംബർ 16നാണ് കാലാൾപ്പടയുടെ പതിനൊന്നാം ഗൂർഖ റൈഫിൾസിന്‍റെ അഞ്ചാമത്തെ ബറ്റാലിയനിലേക്ക് അദ്ദേഹത്തെ നിയോഗിച്ചത്. അദ്ദേഹത്തിന്‍റെ പിതാവ് കമാൻഡർ ആയിരുന്ന ബറ്റാലിയൻ ആയിരുന്നു അത്.
ജനറൽ ബിപിൻ റാവത്ത് രാഷ്ട്രപതി റാം നാഥ് കോവിന്ദിനൊപ്പം
ഗൂര്‍ഖ റെജിമെന്‍റിൽ നിന്നാണ് കരസേന തലപ്പത്തേക്ക് റാവത്ത് എത്തുന്നത്. 2016 ഡിസംബർ 31 മുതൽ 2019 ഡിസംബർ 31 വരെ കരസേനാ മേധാവിയായിരുന്നു. രാജ്യത്തിനകത്തും പുറത്തും നടന്ന സുപ്രധാനമായ നിരവധി സൈനിക നീക്കങ്ങളിൽ നേതൃത്വപരമായ പങ്കുവഹിച്ചിട്ടുണ്ട്. കശ്മീരിൽ കിഴക്കൻ സെക്ടർ നിയന്ത്രണ രേഖയിൽ രാഷ്ട്രീയ റൈഫിൾസ് കമാൻഡർ, കോംഗോയിലെ െഎക്യരാഷ്ട്ര സഭ ചാപ്റ്റർ VII മിഷനിൽ ബ്രിഗേഡ് കമാൻഡർ, ജമ്മു-കശ്മീർ നിയന്ത്രണ രേഖയിൽ ആർമി ഡിവിഷൻ കമാൻഡർ, വടക്ക്-കിഴക്കൻ കോർപ്സ് കമാൻഡർ എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി സീനിയർ ഇൻസ്ട്രക്‌ടർ, മിലിട്ടറി ഒാപ്പറേഷൻസ് ഡയറക്ടറേറ്റിെല ജനറൽ സ്റ്റാഫ് ഒാഫിസർ എന്നീ പദവികളും വഹിച്ചു. മിലിട്ടറി സെക്രട്ടറി ബ്രാഞ്ചിൽ കേണലും ഡെപ്യൂട്ടി മിലിട്ടറി സെക്രട്ടറിയുമായിരുന്നു.
വെല്ലിംഗ്ടൺ ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളേജ് , അമേരിക്കയിലെ ഫോർട്ട് ലിവൻവർത്ത് സൈനിക കേളേജ്, നാഷണൽ ഡിഫൻസ് കോളേജ് ന്യൂഡൽഹി എന്നീ ഉന്നത സൈനിക കലാലയങ്ങളിൽ നിന്ന് ബിരുദങ്ങൾ നേടി. അന്താരാഷ്ട്ര സൈനിക ജേണലുകളിൽ അദ്ദേഹത്തിെൻറ ഗവേഷണ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മീററ്റ് ചൗധരി ചരൻസിങ് സർവകലാശാലയിൽ നിന്ന് മിലിട്ടറി മീഡിയ സ്ട്രാറ്റജിക് സ്റ്റഡീസിൽ ഡോക്ടറേറ്റ് നേടി.
ജനറൽ ബിപിൻ റാവത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം
നാലു പതിറ്റാണ്ടോളം നീണ്ട സൈനിക സേവനത്തിനിടയിൽ വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ നിരവധി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. പരമവിശിഷ്ട സേവാ മെഡൽ, അതിവിശിഷ്ട സേവാ മെഡൽ, വിശിഷ്ട സേവാ മെഡൽ, ഉത്തം യുദ്ധ് സേവാമെഡൽ, യുദ്ധ് സേവാ മെഡൽ, സേനാ മെഡൽ തുടങ്ങിയ സൈനിക ബഹുമതികൾ ഇതിൽപ്പെടും.
സൈന്യത്തിൽ നാലു നക്ഷത്ര പദവി (ഫോർ സ്റ്റാർ റാങ്ക്) അദ്ദേഹത്തിന് അനുവദിച്ചിരുന്നു. പ്രതിരോധ മന്ത്രിയുടെ മുഖ്യ സൈനിക ഉപദേശകനും സൈനികകാര്യ വകുപ്പിെൻറ മേധാവിയുമായിരുന്നു. മൂന്നു സേന മേധാവിമാരുടെയും മുകളിലായിരുന്നു അേദ്ദഹത്തിെൻറ സ്ഥാനം.