ഡെലുലു, ക്ലോക്ക് ഇറ്റ്, ഫോമോ... നീറ്റ് ചോദ്യപേപ്പർ ചോർച്ച ബിൽ ചർച്ചയിൽ ജെൻസി ഭാഷയുമായി ലോക്സഭ; ഭരണ-പ്രതിപക്ഷം നേർക്കുനേർ
text_fieldsന്യൂഡൽഹി: നീറ്റ് യു.ജി 2026 ചോദ്യ പേപ്പർ ചോർച്ച വിവാദത്തിന്റെ പശ്ചാത്തലത്തിൽ പൊതുപരീക്ഷകളിലെ ക്രമക്കേടുകൾ തടയുന്നതിനുള്ള ഭേദഗതി ബില്ലിനെക്കുറിച്ചുള്ള ലോക്സഭാ ചർച്ചയിൽ ഉയർന്നുകേട്ടത് ജെൻസി ഭാഷ. നിയമനിർമാണ ചർച്ചക്കിടെ യുവതലമുറ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഡെലുലു, ക്ലോക്ക് ഇറ്റ്, ഫോമോ, മിയ തുടങ്ങിയ ജെൻസി വാക്കുകളാണ് ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം വിമർശിക്കാൻ ഉപയോഗിച്ചത്.
നീറ്റ് യു.ജി 2026 ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് കേന്ദ്ര സർക്കാർ പൊതു പരീക്ഷകൾ (ക്രമക്കേട് തടയൽ) ഭേദഗതി ബിൽ, 2026 ലോക്സഭയിൽ അവതരിപ്പിച്ചിരുന്നു. പരീക്ഷാ ചോർച്ച, സംഘടിത തട്ടിപ്പ്, ഡിജിറ്റൽ ക്രമക്കേട് എന്നിവക്കെതിരെ കർശന ശിക്ഷയും പിഴയും ഏർപ്പെടുത്തുന്നതാണ് ബില്ലിലെ പ്രധാന നിർദേശങ്ങൾ. എന്നാൽ ലോക്സഭയിൽ ബിൽ ചർച്ച രാഷ്ട്രീയ ഏറ്റുമുട്ടലിനും പരസ്പര വിമർശനങ്ങൾക്കും വഴിവെക്കുകയായിരുന്നു.
ജൂലൈ 20ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിക്ക് പുറത്ത് നടന്ന പ്രതിഷേധത്തിൽ പ്രതിപക്ഷത്തെ ആക്രമിച്ച് ജെൻസി ഭാഷയിൽ ശിവസേന എം.പി ശ്രീകാന്ത് ഷിൻഡെയാണ് ആദ്യം വിമർശനവുമായി എത്തിയത്. ‘പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തെ ജെൻസി ഭാഷയിൽ സംഗ്രഹിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ആദ്യത്തെ 37 ദിവസം അവർ ‘മിയ’ (പ്രവർത്തനത്തിൽ നിന്ന് വിട്ടുനിന്നു) ആയിരുന്നു... പിന്നീട് ‘ഫോമോ’ (നഷ്ടപ്പെടുമോ എന്ന ഭയം) വന്നു... ഒടുവിൽ, പ്രതിഷേധിക്കുന്ന വിദ്യാർഥികൾ തങ്ങളോടൊപ്പം ചേരുമെന്ന് വിശ്വസിച്ച് അവർ ഡെലുലു (ഭ്രമം) ആയി, പക്ഷേ ആരും ചേർന്നില്ല’ -ശ്രീകാന്ത് ഷിൻഡെ പറഞ്ഞു.
വിദ്യാർഥികളുടെ ശക്തമായ പ്രതിഷേധമാണ് കേന്ദ്ര സർക്കാരിനെ നടപടിയെടുക്കാൻ നിർബന്ധിതമാക്കിയതെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. പരീക്ഷാ ക്രമക്കേടുകൾ തടയുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നും വിദ്യാർഥികളുടെ ഭാവി അപകടത്തിലാക്കിയെന്നും അദ്ദേഹം വിമർശിച്ചു. ധർമേന്ദ്ര പ്രധാൻ മന്ത്രിസഭയിൽ നിന്ന് പുറത്തായത് സർക്കാരിന്റെ വീഴ്ചയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ വിദ്യാർഥി പ്രതിഷേധത്തിനിടെ ഉയർത്തിയ ‘ഝുകനേ വാലാ ചാഹിയേ, സർക്കാർ ഭീ ജുക്തി ഹേ’ എന്ന മുദ്രാവാക്യവും അഖിലേഷ് യാദവ് വിളിച്ചു.
കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും യുവതലമുറയുടെ ഭാഷ ഉപയോഗിച്ചാണ് സർക്കാരിനെ വിമർശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച അവർ ജെൻസിയുടെ വിശ്വാസം നേടണമെങ്കിൽ കാമറ ആംഗിൾ മാറുന്ന വീഡിയോകൾ മാത്രം പോരാ, വിദ്യാർഥികളുടെ യഥാർഥ ആശങ്കകൾക്കും മറുപടി നൽകണമെന്ന് പറഞ്ഞു.
ഇതിന് മറുപടിയായി ബി.ജെ.പി എം.പിമാരും അതേ ശൈലി സ്വീകരിച്ചു. പരീക്ഷാ ക്രമക്കേടിന്റെ ഗൗരവം പ്രധാനമന്ത്രി മോദി നേരത്തേ തന്നെ ‘ക്ലോക്ക് ഇറ്റ്’ (കൃത്യമായി തിരിച്ചറിഞ്ഞു) എന്നും അതുകൊണ്ടാണ് സർക്കാർ ശക്തമായ നിയമ ഭേദഗതി കൊണ്ടുവന്നതെന്നും ബി.ജെ.പി എം.പി ബൻസുരി സ്വരാജ് പറഞ്ഞു. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ചില ഭരണപക്ഷ എം.പിമാർ ‘ഡെലുലു’ (യാഥാർഥ്യ ബോധമില്ലാത്തത്) എന്നാണ് വിശേഷിപ്പിച്ചത്. ചർച്ചക്കിടെ ഫേമോ (FOMO -Fear of Missing Out – എന്തെങ്കിലും നഷ്ടമാകുമോ എന്ന ഭയം), മിയ (MIA -Missing in Action – രംഗത്തില്ലാത്തത്) തുടങ്ങിയ പ്രയോഗങ്ങളും എം.പിമാർ ഉപയോഗിച്ചു.
അതേസമയം, ജെൻസി ഭാഷയിൽ മാരത്തൺ ചർച്ച നടന്നതും പാർലമെന്റിൽ ഒരു ചർച്ചാ വിഷയമായി മാറി. ഇത് ‘ഓക്സ്ഫോർഡ് ഓൺലൈൻ നിഘണ്ടുവി’നെക്കുറിച്ചല്ല മറിച്ച് വിദ്യാഭ്യാസ പ്രതിസന്ധിയെക്കുറിച്ചാണ് ചർച്ച ചെയ്യുന്നതെന്ന് എൻ.സി.പി (എസ്.പി) നേതാവ് സുപ്രിയ സുലെ പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്തു. ബില്ലിനെ വിദ്യാർഥികളുടെ ഭാവി സംരക്ഷിക്കുന്ന നിർണായക നിയമമെന്നാണ് സർക്കാർ വിശേഷിപ്പിച്ചത്. എന്നാൽ പരീക്ഷാ സംവിധാനത്തിലെ അടിസ്ഥാനപരമായ വീഴ്ചകൾ പരിഹരിക്കാതെ ശിക്ഷ കർശനമാക്കുന്നതുകൊണ്ട് മാത്രം പ്രശ്നം പരിഹരിക്കാനാകില്ലെന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

