Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅടിസ്ഥാന...

അടിസ്ഥാന സൗകര്യങ്ങളില്ല, അധ്യാപകരുടെ കുറവും; ലഖ്‌നൗവിൽ ജെൻ സി, ജെൻ ആൽഫ പ്രതിഷേധം

text_fields
bookmark_border
അടിസ്ഥാന സൗകര്യങ്ങളില്ല, അധ്യാപകരുടെ കുറവും; ലഖ്‌നൗവിൽ ജെൻ സി, ജെൻ ആൽഫ പ്രതിഷേധം
cancel

ലഖ്‌നോ: അധ്യാപകരുടെ കുറവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ചൂണ്ടിക്കാട്ടി ലഖ്‌നോവിൽ ജെൻ സി, ജെൻ ആൽഫ വിദ്യാർഥികളുടെ പ്രതിഷേധം. മോഹൻ റോഡിലെ ജയ് പ്രകാശ് നാരായൺ സർവോദയ വിദ്യാലയത്തിലെ 250 പെൺകുട്ടികളാണ് തിങ്കളാഴ്ച തെരുവിലിറങ്ങിയത്. സ്കൂൾ ക്യാമ്പസിൽ നിന്ന് ഏകദേശം 2.5 കിലോമീറ്റർ അകലെയുള്ള ദുബഗ്ഗ-കാൺപൂർ ബൈപാസിലേക്കാണ് അവർ മാർച്ച് നടത്തിയത്. കനത്ത മഴയിലും വിദ്യാർഥികൾ പ്രതിഷേധം തുടർന്നു.

ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലെ വിദ്യാർഥികളാണ് സമരത്തിൽ പങ്കെടുത്തത്. അധ്യാപകരുടെ കുറവ് കാരണം ആവശ്യത്തിന് ക്ലാസുകൾ നടക്കുന്നില്ലെന്ന് അവർ പറഞ്ഞു. വരാനിരിക്കുന്ന ബോർഡ് പരീക്ഷയിലെ പ്രകടനത്തെ ഇത് ബാധിക്കുമെന്ന ആശങ്കയും വിദ്യാർഥികൾ പ്രകടിപ്പിച്ചു.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി തുടങ്ങിയ പ്രധാന വിഷയങ്ങളിലെ ക്ലാസുകളെയാണ് അധ്യാപകരുടെ കുറവ് കൂടുതൽ ബാധിച്ചത്. മാസങ്ങളായി ഈ പ്രശ്നം തുടരുകയാണെന്നും വിദ്യാർഥികൾ പറഞ്ഞു. യോഗ്യരായ അധ്യാപകരെ അടിയന്തരമായി നിയമിക്കണമെന്നാണ് അവരുടെ പ്രധാന ആവശ്യം.

സ്കൂളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെക്കുറിച്ചും മെഡിക്കൽ സൗകര്യങ്ങളുടെ അപര്യാപ്തത ഉൾപ്പെടെയുള്ള മറ്റ് പ്രശ്നങ്ങളും വിദ്യാർഥികൾ ഉന്നയിച്ചു.

പ്രതിഷേധത്തെ തുടർന്ന് ദുബഗ്ഗ-കാൺപൂർ ബൈപാസിൽ ഗതാഗതം തടസ്സപ്പെട്ടു. കനത്ത മഴക്കിടെ വിദ്യാർഥികൾ മനുഷ്യച്ചങ്ങല തീർത്ത് റോഡിൽ ഇരുന്നും പ്രതിഷേധം തുടർന്നു. അധ്യാപകരെ അടിയന്തരമായി നിയമിക്കണമെന്നും ജില്ലാ മജിസ്ട്രേറ്റ് സ്ഥലത്തെത്തി തങ്ങളുടെ പരാതികൾ കേൾക്കണമെന്നും അവർ ആവശ്യപ്പെട്ടു.

സമീപ പൊലീസ് സ്റ്റേഷനുകളിൽ നിന്നും പൊലീസ് സ്ഥലത്തെത്തി വിദ്യാർഥികളെ റോഡിൽനിന്ന് മാറ്റാൻ ശ്രമിച്ചു. എന്നാൽ ജില്ലാ മജിസ്ട്രേറ്റിനെ നേരിട്ട് കാണണമെന്ന ആവശ്യത്തിൽ വിദ്യാർഥികൾ ഉറച്ചുനിന്നു.

ആവശ്യം അംഗീകരിക്കാത്തതിനെ തുടർന്ന് വിദ്യാർഥികൾ ഹസ്രത്ഗഞ്ച് ഭാഗത്തേക്ക് നീങ്ങി ലഖ്‌നൗ-ഹർദോയ് ഹൈവേയിലൂടെ മുന്നോട്ട് പോയി. പൊലീസ് ഉദ്യോഗസ്ഥരും വിദ്യാർഥികളുടെ പിറകെ നടന്നു. ബാലാഗഞ്ച് ജങ്ഷനിലെത്തിയ വിദ്യാർഥികളെ പൊലീസ് ഉദ്യോഗസ്ഥർ അനുനയിപ്പിക്കാൻ ശ്രമിച്ചു.

തുടർന്ന് സാമൂഹ്യക്ഷേമ വകുപ്പിലെയും ജില്ലാ ഭരണകൂടത്തിലെയും മുതിർന്ന ഉദ്യോഗസ്ഥർ ഇടപെടുകയും വിദ്യാർഥികളുമായി സംസാരിക്കുകയും പരാതികൾ കേൾക്കുകയും ചെയ്തു. തുടർന്ന് വിദ്യാർഥികളെ സ്കൂളിലേക്ക് തിരിച്ചുകൊണ്ടുപോയതോടെയാണ് പ്രതിഷേധം അവസാനിച്ചത്.

അധ്യാപകരുടെ കുറവും മറ്റ് പരാതികളും ഉന്നയിച്ച് ആഗസ്റ്റ് 14 ന് ഇതേ സ്കൂളിലെ നൂറിലധികം ആൺകുട്ടികൾ മോഹൻ റോഡ് ഉപരോധിച്ചിരുന്നു. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങൾ പ്രത്യേക ക്യാമ്പസുകളിലാണ് പ്രവർത്തിക്കുന്നത്. ഉത്തർപ്രദേശ് സാമൂഹ്യക്ഷേമ വകുപ്പിന്റെ കീഴിലാണ് സ്കൂൾ പ്രവർത്തിക്കുന്നത്. പ്രതിഷേധത്തോട് പ്രതികരിച്ച് സമാജ്‌വാദി പാർട്ടി എക്സിൽ ജെൻ സിക്ക് പിന്നാലെ ഇപ്പോൾ ജെൻ ആൽഫയും തെരുവിലിറങ്ങിയിരിക്കുന്നു എന്ന് കുറിച്ചു. ഉത്തർപ്രദേശിലെ വിദ്യാഭ്യാസ മേഖലയിലെ അവസ്ഥയാണ് ഇത്തരം പ്രതിഷേധങ്ങളിലൂടെ വ്യക്തമാകുന്നതെന്നും പാർട്ടി ആരോപിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ProtestsGen ZGen Alpha
News Summary - Gen Z, Gen Alpha Protest
Next Story