കുന്നൂർ കോപ്ടർ ദുരന്തം: അട്ടിമറി അല്ല; പൈലറ്റിന്റെ സ്ഥലവിഭ്രാന്തിയെന്ന് അന്വേഷണ സമിതി
text_fieldsന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്ത് അടക്കം 14 പേർ മരിച്ച ഹെലികോപ്ടർ അപകടത്തെപ്പറ്റി പുതിയ വെളിപ്പെടുത്തലുമായി അന്വേഷണ സമിതി. ഡിസംബർ എട്ടിന് ഊട്ടി കുന്നൂരിലുണ്ടായ അപകടത്തിന് പിന്നിൽ യന്ത്രത്തകരാറോ അട്ടിമറിയോ അശ്രദ്ധയോ അല്ലെന്നും പൈലറ്റിനുണ്ടായ സ്ഥലവിഭ്രാന്തിയാണെന്നും പ്രാഥമികാന്വേഷണ റിപ്പോർട്ടിൽ സമിതി വ്യക്തമാക്കുന്നു.
പെട്ടെന്നുണ്ടായ കാലാവസ്ഥ മാറ്റത്തിൽ പൈലറ്റിന് കോപ്ടറിന്റെ ദിശ, ഉയരം, വേഗം എന്നിവ നിർണയിക്കുന്നതിലുണ്ടായ പാളിച്ചയാണ് അപകടത്തിലേക്ക് നയിച്ചത്. 'സ്പേഷ്യൽ ഡിസോറിയന്റേഷൻ' എന്നാണ് സാങ്കേതികമായി ഇതിനെ വിശേഷിപ്പിക്കുന്നത്. രാത്രിയിൽ മിക്കവാറും വൈമാനികർ നേരിടുന്ന പ്രതിസന്ധികൂടിയാണ് 'സ്പേഷ്യൽ ഡിസോറിയന്റേഷൻ'. കുന്നൂരിൽ അപ്രതീക്ഷിത കാലാവസ്ഥ മാറ്റത്തിൽ ഹെലികോപ്ടർ മേഘങ്ങൾക്കിടയിൽപ്പെടുകയായിരുന്നു.
വിമാനം, ഹെലികോപ്ടർ എന്നിവയുടെ ഗതിനിയന്ത്രിക്കുന്നതിൽ ഏറ്റവും പ്രധാനം കാഴ്ചയാണ്. കാലാവസ്ഥ മാറ്റത്തിൽ അത് മറയുമ്പോൾ പൈലറ്റിനുണ്ടാകേണ്ട സ്ഥിരത കൈമോശം വരുന്നത് അപകടത്തിനിടയാക്കാമെന്ന് സമിതി വിശദീകരിക്കുന്നു.ഫ്ലൈറ്റ് ഡാറ്റ റെക്കോഡർ, കോക്പിറ്റ് വോയ്സ് റെക്കോഡർ എന്നിവ പരിശോധിച്ചതിനൊപ്പം ലഭ്യമായ എല്ലാ സാക്ഷികളിൽനിന്നുമെടുത്ത വിവരങ്ങൾകൂടി വിലയിരുത്തിയാണ് ഈ കണ്ടെത്തലെന്ന് വ്യോമസേന പ്രസ്താവനയിൽ അറിയിച്ചു.
ഭാവിയിൽ ഇത്തരം അപകടങ്ങൾ തടയാൻ ആവശ്യമായ ശിപാർശകളും റിപ്പോർട്ടിന്റെ ഭാഗമായി അന്വേഷണ സമിതി സമർപ്പിച്ചിട്ടുണ്ട്. കോയമ്പത്തൂരിലെ സുലൂർ വ്യോമതാവളത്തിൽനിന്ന് ഊട്ടി വെലിങ്ടണിലെ ഡിഫൻസ് സർവിസസ് സ്റ്റാഫ് കോളജിലേക്ക് പറന്നതായിരുന്നു അപകടത്തിൽപ്പെട്ട ഹെലികോപ്ടർ.