ബിഹാറിലെ സീറ്റ് വിഭജന തർക്കം പരിഹരിക്കാൻ ഗെഹ് ലോട്ട് -ലാലു ചർച്ച
text_fieldsന്യൂഡൽഹി: സീറ്റ് വിഭജന തർക്കം പരിഹരിച്ച് പ്രചാരണം സജീവമാക്കാൻ രാജസ്ഥാൻ മുൻ മുഖ്യമന്ത്രി അശോക് ഗെഹ് ലോട്ടിനെ ബിഹാറിലേക്ക് നിയോഗിച്ച് കോൺഗ്രസ്. സീറ്റ് വിഭജനവും സ്ഥാനാർഥി നിർണയവും പൂർത്തിയായതിനു പിന്നാലെ, എട്ടു സീറ്റുകളിൽ മഹാസഖ്യത്തിലെ സ്ഥാനാർഥികൾ പരസ്പരം മത്സരിക്കുന്ന സ്ഥിതിയായതോടെയാണ് അനുരഞ്ജന ശ്രമങ്ങളുമായി മുതിർന്ന നേതാവിനെ കോൺഗ്രസ് രംഗത്തിറക്കിയത്. ബുധനാഴ്ച പട്നയിലെത്തിയ ഗെഹ് ലോട്ട്, ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ്, ഇടത് പാർട്ടി നേതാക്കളുമായി കൂടിക്കാഴ്ച നടത്തി.
നവംബർ 11ന് നടക്കുന്ന രണ്ടാംഘട്ട വോട്ടെടുപ്പിലേക്കുള്ള പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. ഇതിനു മുമ്പ് പ്രശ്നം പരിഹരിക്കാനാകുമെന്ന് ഗെഹ് ലോട്ട് പ്രതികരിച്ചു. ഇത്രയും വലിയ സഖ്യത്തിൽ അഞ്ച്, പത്ത് സീറ്റുകൾ വരെ ‘ സൗഹൃദ മത്സരങ്ങൾ’ സാധാരണയാണ്.
സഖ്യമുള്ള ഏത് സംസ്ഥാനത്തും തര്‍ക്കമുണ്ടാകാറുണ്ട്. ബിഹാറിൽ മഹാസഖ്യത്തിനെക്കാൾ എൻ.ഡി.എയിലാണ് ഭിന്നത രൂക്ഷം. എന്നാൽ, പക്ഷപാതപരമായി പ്രവർത്തിക്കുന്ന മാധ്യമങ്ങൾ എൻ.ഡി.എയിലെ വാർത്ത പൂഴ്ത്തിവെക്കുകയാണ്. ബിഹാർ തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിൽ ചലനമുണ്ടാക്കും. വിജയിക്കേണ്ടത് കോൺഗ്രസിന് അത്യാവശ്യമാണ്. സമൂഹത്തിൽ ഭിന്നത സൃഷ്ടിക്കുകയും സമ്പദ് വ്യവസ്ഥ താറുമാറാക്കുകയും ചെയ്ത എൻ.ഡി.എക്ക് തിരിച്ചടിയുണ്ടാകുമെന്നും ഗെഹ് ലോട്ട് വ്യക്തമാക്കി. ‘സൗഹൃദ മത്സരം’ നടക്കുന്ന എട്ട് സീറ്റുകളിൽ മൂന്ന് സീറ്റുകൾ നേരത്തെ മഹാസഖ്യത്തിന് നേരിയ ഭൂരിപക്ഷത്തിനാണ് നഷ്ടമായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

