രാജ്യം 6.3-6.8 ശതമാനം സാമ്പത്തിക വളർച്ച കൈവരിക്കും; പണപ്പെരുപ്പം നിയന്ത്രണത്തിലാകും -സാമ്പത്തിക സർവേ
text_fieldsന്യൂഡൽഹി: സാമ്പത്തിക വളർച്ചയിലെ മുരടിപ്പ് തുടരുമെന്ന് സൂചന നൽകിയും വികസനത്തിന് ചുവപ്പുനാടകൾ ഇല്ലാതാക്കണമെന്ന് പ്രഖ്യാപിച്ചും സാമ്പത്തിക സർവേ. ശനിയാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിന് മുന്നോടിയായി ധനമന്ത്രി നിർമല സീതാരാമനാണ് നടപ്പുവർഷത്തെ സാമ്പത്തിക സ്ഥിതിയും അടുത്ത വർഷത്തേക്കുള്ള പ്രതീക്ഷകളുംം ആശങ്കകളും പങ്കുവെക്കുന്ന സാമ്പത്തിക സർവേ പാർലമെന്റിൽ അവതരിപ്പിച്ചത്.
2047ഓടെ വികസിത ഭാരതം എന്ന ലക്ഷ്യം കൈവരിക്കണമെങ്കിൽ നിലവിലെ വളർച്ച മതിയാകില്ലെന്ന് സാമ്പത്തിക സർവേ അടിവരയിട്ട് പറയുന്നു. അടുത്ത രണ്ട് ദശാബ്ദങ്ങളിൽ എട്ട് ശതമാനം എന്ന തോതിൽ വളർച്ച കൈവരിച്ചാൽ മാത്രമേ ഈ ലക്ഷ്യത്തിലേക്ക് എത്താനാകൂ. വ്യവസായങ്ങൾ ആരംഭിക്കുന്നതിനുള്ള നിലവിലെ സർക്കാർ നിയന്ത്രണങ്ങളിൽ കാര്യമായ പൊളിച്ചെഴുത്ത് വേണമെന്ന് പറയുന്ന സർവേ, ഭൂമി, തൊഴിൽ എന്നിവയിൽ പരിഷ്കാരങ്ങൾ നിർദേശിക്കുന്നു.
അടുത്ത സാമ്പത്തിക വർഷം മൊത്ത ആഭ്യന്തര ഉൽപാദന (ജി.ഡി.പി) വളർച്ച 6.3 മുതൽ 6.8 ശതമാനംവരെ ആയിരിക്കുമെന്ന് സർവേ കണക്കാക്കുന്നു. അതേസമയം, നടപ്പ് സാമ്പത്തിക വർഷത്തെ വളർച്ച നാലുവർഷത്തെ കുറഞ്ഞ തോതായ 6.4 ശതമാനമായിരിക്കും. ഈ സ്ഥിതിയിൽ, എട്ട് ശതമാനമെന്ന വളർച്ചാ നിരക്ക് കൈവരിക്കണമെങ്കിൽ രാജ്യം ഏറെ പണിപ്പെടേണ്ടിവരും.
ഉയർന്ന വളർച്ചാ നിരക്ക് കൈവരിക്കുന്നതിന് അടിസ്ഥാന സൗകര്യ വികസന മേഖലയിൽ അടുത്ത 20 വർഷം നിക്ഷേപം തുടർച്ചയായി ഉയർത്തണം. നടപ്പ് സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ പൊതുതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലുണ്ടായ സാമ്പത്തിക നിയന്ത്രണങ്ങളും പല മേഖലകളിലെയും കനത്ത മഴയും അടിസ്ഥാന സൗകര്യ മേഖലയുടെ വികസനത്തെ കാര്യമായി ബാധിച്ചതായും സർവേ സമ്മതിക്കുന്നു.
കണ്ടെത്തലുകൾ, നിർദേശങ്ങൾ
പണപ്പെരുപ്പം കഴിഞ്ഞ സാമ്പത്തിക വർഷത്തെ 5.4 ശതമാനത്തിൽനിന്ന് നടപ്പ് സാമ്പത്തിക വർഷത്തിലെ ആദ്യ ഒമ്പത് മാസങ്ങളിൽ 4.9 ശതമാനമായി കുറഞ്ഞു.
നേരിട്ടുള്ള വിദേശനിക്ഷേപം കഴിഞ്ഞ സാമ്പത്തിക വർഷത്തിലെ ആദ്യ എട്ട് മാസത്തെ 4720 കോടി ഡോളറിൽനിന്ന് നടപ്പുവർഷം ഇതേ കാലയളവിൽ 5560 കോടി ഡോളറായി ഉയർന്നു
തൊഴിലില്ലായ്മാ നിരക്കിൽ കുറവ്. 2017-18 കാലത്ത് ആറ് ശതമാനമായിരുന്നത് 2023-24ൽ 3.2 ശതമാനമായി കുറഞ്ഞു.
● കാർബൺ ബഹിർഗമനം പൂജ്യത്തിലെത്തിക്കുകയെന്ന ലക്ഷ്യം കൈവരിക്കാൻ പുനരുപയോഗ ഊർജ ശേഷി വർധിപ്പിക്കണം.
● ഇലക്ട്രിക് വാഹനങ്ങൾക്ക് നികുതി ഇളവ്, പുനരുപയോഗ ഊർജത്തിന് സബ്സിഡി എന്നിവ വേണം
● പദ്ധതി ആസൂത്രണം ഉൾപ്പെടെ വിവിധ മേഖലകളിൽ സ്വകാര്യ മേഖലയെ പങ്കാളികളാക്കണം
● നിർമിത ബുദ്ധി, റോബോട്ടിക്സ്, ബയോടെക്നോളജി തുടങ്ങിയ പുതു സാങ്കേതിക വിദ്യകളിൽ കൂടുതൽ നിക്ഷേപം നടത്തണം.
● രാജ്യത്തെ കാർഷിക മേഖലയുടെ വളർച്ച പൂർണമായി ഉപയോഗിച്ചിട്ടില്ല. ഈ മേഖലയിൽ ഇനിയും അപാരമായ വളർച്ചാ സാധ്യതയാണുള്ളത്.
● ജി.ഡി.പിയുടെ 16 ശതമാനം സംഭാവന ചെയ്യുന്നത് കാർഷിക മേഖല
● ഓഹരി വിപണിയിൽ നിക്ഷേപം നടത്തുന്നവർ കരുതിയിരിക്കണം. അമേരിക്കൻ വിപണിയിലുണ്ടാകുന്ന മാറ്റങ്ങൾ ഇന്ത്യൻ വിപണിയെ പ്രതികൂലമായി ബാധിക്കും.
● സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്കുള്ള നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വേണം. നിയന്ത്രണങ്ങൾ തൊഴിൽ വളർച്ചയെയും സാമ്പത്തിക വളർച്ചയെയും പ്രതികൂലമായി ബാധിക്കുന്നു. കേന്ദ്ര, സംസ്ഥാന സർക്കാറുകൾ ഇത്തരം സംരംഭങ്ങൾക്കായി കൂടുതൽ പരിഷ്കാരങ്ങൾ കൊണ്ടുവരണം.
● നിർമിത ബുദ്ധിക്ക് പ്രത്യാഘാതങ്ങൾ. വിവിധ മേഖലകളിൽ എ.ഐ വ്യാപകമാകുന്നതോടെ കുറഞ്ഞ, ഇടത്തരം വരുമാനക്കാരായ തൊഴിലാളികൾക്ക് വൻതോതിൽ തൊഴിൽ നഷ്ടപ്പെടാൻ സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

