ജാമ്യം കിട്ടി ഒരാഴ്ചയായിട്ടും നവലഖ ജയിലിൽ തന്നെ; ഫ്ലാറ്റ് മാനേജർ കമ്യൂണിസ്റ്റ് പാർട്ടി സെക്രട്ടറി, സുരക്ഷ പോരെന്ന് എൻ.ഐ.എ
text_fieldsമുംബൈ: ഭീമ കൊറേഗാവ് കേസിൽ വീട്ടുതടങ്കലിൽ കഴിയാൻ സുപ്രീംകോടതി അനുവദിച്ച ഗൗതം നവലഖ ഒരാഴ്ച പിന്നിട്ടിട്ടും ജയിലിൽ തന്നെ തുടരുന്നു. എൻ.ഐ.എയുടെ തടസ്സവാദങ്ങളാണ് 70 കാരനായ ഇദ്ദേഹത്തിന്റെ മോചനത്തിന് വിലങ്ങുതടിയാകുന്നത്. 2020 ഏപ്രിൽ മുതൽ ജയിലിൽ കഴിയുകയാണ് നവലഖ.
ബോളിവുഡ് നടി സുഹാസിനി മൂലേയാണ് നവലഖക്ക് ജാമ്യം നിന്നത്. ബുധനാഴ്ച മുംബൈയിലെ പ്രത്യേക എൻ.ഐ.എ കോടതിയിൽ നേരിട്ട് ഹാജരായ സുഹാസിനി 30 വർഷമായി നവലഖയെ അറിയാമെന്ന് അറിയിച്ചിരുന്നു. ആരോഗ്യാവസ്ഥയും ചികിത്സയും പരിഗണിച്ച് നവംബർ 10നാണ് നവലഖക്ക് അനുകൂലമായി സുപ്രീംകോടതി വിധിച്ചത്. ഡിസംബർ 13വരെയാണ് വീട്ടുതടങ്കൽ. മോചന ഉത്തരവ് 48 മണിക്കൂറിനുള്ളിൽ നടപ്പാക്കണമെന്നായിരുന്നു ഉത്തരവ്.
എന്നാൽ, വീട്ടുതടങ്കലിനായി നവി മുംബൈയിൽ കണ്ടെത്തിയ വാടക വീട് സുരക്ഷിതമല്ലെന്ന് എൻ.ഐ.എ കോടതിയിൽ റിപ്പോർട്ട് നൽകുകയായിരുന്നു. ഫ്ലാറ്റും പരിസരവും പരിശോധിച്ച എൻ.ഐ.എ ബുധനാഴ്ച വൈകീട്ടാണ് സുരക്ഷിതമല്ലെന്ന റിപ്പോർട്ട് കോടതിക്ക് നൽകിയത്. ഇതോടെ നവലഖ ജയിലിൽ തന്നെ തുടരുകയാണ്.
നവ്‌ലഖ താമസിക്കാൻ തിരഞ്ഞെടുത്ത കെട്ടിടത്തിന്റെ മാനേജർ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സെക്രട്ടറിയായ ആളാണെന്നാണ് എൻ.ഐ.എ റിപ്പോർട്ടിൽ പറയുന്നത്. കെട്ടിടത്തിന് മൂന്ന് പ്രവേശന കവാടങ്ങൾ ഉണ്ടെന്നും പുറകുവശത്തുള്ള വാതിലിന് മുകളിൽ സിസിടിവി ക്യാമറ ഇല്ലെന്നും എൻ.ഐ.എ അഭിഭാഷകൻ പ്രകാഷ് ഷെട്ടി കോടതിയെ അറിയിച്ചു. കവാടങ്ങളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുക എന്നത് സുപ്രീം കോടതിയുടെ വ്യവസ്ഥകളിൽ ഒന്നാണെന്നും എൻ.ഐ.എ പറഞ്ഞു. കെട്ടിടത്തിന്റെ താഴത്തെ നിലയിൽ വായനശാല ഉള്ളതിനാൽ പ്രതിയെ നിരീക്ഷിക്കുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും എൻ.ഐ.എ കോടതിയെ അറിയിച്ചു.
ഇത് പരിഗണിച്ച കോടതി, നവ്ലഖയെ പ്രസ്തുത ഫ്ലാറ്റിൽ വീട്ടുതടങ്കലിൽ പാർപ്പിക്കാനാവില്ലെന്ന് ഉത്തരവിട്ടു. വിഷയത്തിൽ തുടർവാദം കേൾക്കുന്നതിനായി കേസ് നവംബർ 25 ലേക്ക് മാറ്റി.
എന്നാൽ, സുപ്രീം കോടതി ഉത്തരവിന്റെ അന്തസ്സത്ത തകർകുന്നതാണ് എൻ.ഐ.എ നീക്കമെന്ന് നവ്ലഖയുടെ അഭിഭാഷകരായ യുഗ് ചൗധരി, വഹാബ് ഖാൻ, ചാന്ദ്‌നി ചൗള എന്നിവർ പറഞ്ഞു. എൻ.ഐ.എ കോടതി വിധിക്കെതിരെ പ്രതിഭാഗം സുപ്രീം കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്. സാമ്പത്തിക ഭദ്രത വ്യക്തമാക്കുന്ന സോൾവൻസി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന വ്യവസ്ഥ വീട്ടുതടങ്കലിലേക്ക് മാറ്റാനുള്ള നടപടി വൈകുന്നതിനാൽ കഴിഞ്ഞ ദിവസം സുപ്രീംകോടതി ഒഴിവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

