'മനുഷ്യരാശിയെ ബാധിക്കുന്നതെല്ലാം എന്നെ ആശങ്കപ്പെടുത്തുന്നു'; ഭഗത് സിങ്ങിനെ ഉദ്ധരിച്ച് ഗൗതം ഗംഭീർ
text_fieldsന്യൂഡൽഹി: കോവിഡ് മരുന്നിെൻറ അനധികൃത സംഭരണവുമായി ബന്ധപ്പെട്ട് ഡ്രഗ് കൺട്രോളർ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് പിന്നാലെ ഒറ്റവരി ട്വീറ്റുമായി ഗൗതം ഗംഭീർ.
സ്വാതന്ത്ര്യ സമര സേനാനിയായ ഭഗത് സിങ്ങിെൻറ വാക്കുകളാണ് തെൻറ ഫൗണ്ടേഷൻ മരുന്ന് സംഭരിച്ച നടപടിയെ ന്യായീകരിക്കുന്ന തരത്തിൽ ഗൗതം ഗംഭീർ ട്വീറ്റ് ചെയ്തത്.
''ഞാൻ ഒരു മനുഷ്യനാണ്, മനുഷ്യരാശിയെ ബാധിക്കുന്നതെല്ലാം എന്നെ ആശങ്കപ്പെടുത്തുന്നു - സർദാർ ഭഗത് സിങ്!'' എന്നാണ് ഗംഭീറിെൻറ ട്വീറ്റ്.
കോവിഡ് രോഗികൾക്കായുള്ള ഫാബിഫ്ലു മരുന്ന് അനധികൃതമായി സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്ത സംഭവത്തിൽ ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരാണെന്ന് റിപ്പോർട്ട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) ഡൽഹി ഹൈകോടതിയിൽ സമർപ്പിച്ചിരുന്നു.
നേരത്തെ ഗൗതം ഗംഭീർ ഫൗണ്ടേഷന് ക്ലീൻ ചിറ്റ് നൽകിയ നടപടിയെ കോടതി ശാസിച്ചതിനെത്തുടർന്ന് ഡി.സി.ജി.ഐ പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയായിരുന്നു. ഓർഗനൈസേഷൻ, മരുന്ന് ഡീലർമാർ എന്നിവർക്കെതിരെ കാലതാമസമില്ലാതെ നടപടിയെടുക്കുമെന്നും ഡ്രഗ്സ് കൺട്രോളർ കോടതിയെ അറിയിച്ചു.