ഗൗരി ലങ്കേഷ് വധക്കേസ്: കൊലപാതകികളുടെ ബൈക്ക് അയൽവാസി തിരിച്ചറിഞ്ഞു
text_fieldsബംഗളൂരു: മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താൻ പ്രതികൾ സഞ്ചരിച്ച ബൈക്ക് ഗൗരിയുടെ അയൽവാസി തിരിച്ചറിഞ്ഞു. ആർ.ആർ നഗറിലെ ഗൗരിയുടെ വീടിന് എതിർവശത്ത് താമസിക്കുന്ന വടക്കൻ കർണാടകയിലെ റായ്ച്ചൂർ സ്വദേശിയായ വെങ്കണ്ണയാണ് ബൈക്ക് തിരിച്ചറിഞ്ഞത്. വെടിയൊച്ച കേൾക്കുമ്പോൾ താൻ വീട്ടിൽ പാചകം ചെയ്യുകയായിരുന്നെന്നും അദ്ദേഹം കോടതിയിൽ പറഞ്ഞു. കർണാടക കൺട്രോൾ ഓഫ് ഓർഗനൈസ്ഡ് ക്രൈം ആക്ടിനായുള്ള പ്രത്യേക കോടതിയിലായിരുന്നു കേസ് പരിഗണിച്ചത്.
വെടിയൊച്ച കേട്ടതോടെ ഓടിച്ചെന്ന് മുൻ വാതിൽതുറന്നു. ഗേറ്റിലെത്തിയപ്പോൾ കറുത്ത പാഷൻ പ്രോ ബൈക്കിൽ രണ്ടുപേർ സുഭാഷ് പാർക്ക് ഭാഗത്തേക്ക് പോകുന്നത് കണ്ടു. ഇരുവരും പൂർണമായും മുഖം മൂടുന്ന വിധത്തിൽ ഹെൽമറ്റ് ധരിച്ചിരുന്നു. ഗൗരിയുടെ വീടിനുമുന്നിൽ ഡ്രൈവിങ് ഡോർ തുറന്നനിലയിൽ എൻജിൻ സ്റ്റാർട്ട് ചെയ്ത കാർ നിർത്തിയിട്ടതും കണ്ടു. എന്റെ റൂംമേറ്റായിരുന്ന തായപ്പയും അപ്പോൾ എന്റെയടുത്തേക്ക് വന്നു.
എന്തോ ഭീകരമായത് സംഭവിച്ചു എന്നുതോന്നിയതോടെ ഞങ്ങൾ വീട്ടിലേക്ക് തിരിച്ചുപോയെന്നും അയാൾ പറഞ്ഞു. ആ സമയം മറ്റൊരു മോട്ടോർ ബൈക്കിൽ രണ്ടുപേർ വന്ന് ഗൗരിയുടെ വീടിനുമുന്നിൽ നിന്നു. ഒരു ലോക്കൽ കേബിൾ ഓപറേറ്ററുടെ ബൈക്കായിരുന്നു അത്. കേബിൾ ടിവിയുമായി ബന്ധപ്പെട്ട് ഗൗരി പരാതിപ്പെട്ടതു പ്രകാരം വന്നതായിരുന്നു അവരെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പ്രതിഭാഗം അഭിഭാഷകൻ ക്രോസ് വിസ്താരം നടത്തിയപ്പോൾ തായപ്പക്ക് കേബിൾ ടി.വി ഓപറേറ്ററുടെ ബൈക്കിന്റെ നിറം ഓർമിച്ചെടുക്കാനായില്ല.
പൊലീസിന് സി.സി.ടി.വി ദൃശ്യങ്ങൾ പകർത്തി നൽകിയ ശാന്തിനഗറിലെ ലാബിലെ ജീവനക്കാരിയെയും കേസിൽ വിസ്തരിച്ചു. സെപ്റ്റംബർ ആറിന് സി.സി.ടി.വി ദൃശ്യങ്ങൾ അടങ്ങിയ ഡി.വി.ആർ പൊലീസ് കൊണ്ടുവന്നെന്നും അന്നുതന്നെ ദൃശ്യങ്ങൾ പെൻഡ്രൈവിലാക്കി പൊലീസിന് നൽകിയെന്നും അവർ വെളിപ്പെടുത്തി. കേസിൽ സെപ്റ്റംബർ അഞ്ചുമുതൽ വിചാരണ തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

