ബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിെൻറ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കസ്റ്റഡിയിലെടുത്തു. ഇദ്ദേഹത്തിെൻറ പേരോ, മറ്റു വിശദാംശങ്ങളോ പുറത്തുവിട്ടിട്ടില്ല. യുക്തിവാദികളായ എം.എം. കൽബുർഗി, നരേന്ദ്ര ദാഭോൽകർ എന്നിവരുടെ കൊലപാതകത്തിലും ഇയാൾക്ക് പങ്കുള്ളതായി സംശയിക്കുന്നു.
ഹൈദരാബാദ് കർണാടക മേഖലയിലെ പ്രമുഖ രാഷ്ട്രീയ നേതാവിനെ കൊലപ്പെടുത്താനുള്ള പദ്ധതി തയാറാക്കുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. മാർച്ച് ഒമ്പതിന് കേസുമായി ബന്ധപ്പെട്ട് കെ.ടി. നവീൻ കുമാറിനെ എസ്.ഐ.ടി അറസ്റ്റ് ചെയ്തിരുന്നു. 2017 സെപ്റ്റംബർ അഞ്ചിന് രാജരാജേശ്വരി നഗറിലെ വീടിനുമുന്നിൽ വെടിയേറ്റാണ് ഗൗരി കൊല്ലപ്പെട്ടത്. ആദ്യം കസ്റ്റഡിയിലെടുത്ത നവീനിനെ വിശദമായി ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
ഇദ്ദേഹത്തിന് കൊലപാതകവുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് എസ്.ഐ.ടി വാദം. ഗൗരിയെ കൊലപ്പെടുത്തിയ സംഘത്തിന് ആയുധ പരിശീലനം നൽകിയതും ഇയാളാണെന്ന് പറയുന്നു. നവീൻ വിസ്സമതിച്ചതിനെ തുടർന്ന് നുണ പരിശോധന നടത്താനുള്ള നീക്കം പരാജയപ്പെട്ടിരുന്നു.