ബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യപ്രതികളിലൊരാളായ ഋഷികേശ് ദിയോദ് കറെയെ (44) പൊലീസ് കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ ദിവസമാണ് ഝാർഖണ്ഡിലെ ധൻബാദ് ജില്ലയിൽനിന്ന് മഹാരാഷ്ട്ര സ്വദേശിയായ ഋഷികേശിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഇവിടെനിന്ന് ട്രെയിൻ മാർഗം ഞായറാഴ്ച പ്രതിയെ ബംഗളൂരുവിലെത്തിച്ച് തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കി. കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന പൊലീസ് വാദം അംഗീകരിച്ച കോടതി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിടുകയായിരുന്നു.
ഗൗരി ലങ്കേഷ് വധക്കേസിലെ മുഖ്യ ആസൂത്രകരിൽ ഒരാളായ ഋഷികേശ് തീവ്ര ഹിന്ദുത്വ സംഘടനയായ സനാതൻ സൻസ്ത ധൻബാദിലെ കത്രാസ്ഗഢിൽ നടത്തുന്ന ധൻബാദ് സെല്ലിങ് പബ്ലിക്കേഷൻ എന്ന പുസ്തകശാലയിൽ ജീവനക്കാരനായി ഒളിച്ചുകഴിയുകയായിരുന്നു.
പ്രത്യേക അന്വേഷണ സംഘം ബംഗളൂരു മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലെ 18ാം പ്രതിയാണ് ഇയാൾ. കേസിലെ മുഖ്യപ്രതി ഹിന്ദു തീവ്രസംഘടന പ്രവര്‍ത്തകനായ അമോല്‍ കലെയുമായി ഇയാൾ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നും പൊലീസ് പറഞ്ഞു. നിലവിൽ കേസിൽ കുറ്റം ചുമത്തപ്പെട്ട 20 പേരിൽ 19 പേരും പിടിയിലായിട്ടുണ്ട്. വികാസ് പാട്ടീൽ മാത്രമാണ് ഇനി പിടിയിലാകാനുള്ളത്.