ഗൗരി ലങ്കേഷ് വധം: ഘാതകർ പുറത്തുനിന്നാകാമെന്ന് നിഗമനം
text_fieldsബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷിെൻറ ഘാതകർ പുറത്തുനിന്നുള്ളവരാകാമെന്ന നിഗമനത്തിൽ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി). ഇവർക്ക് കൊലനടത്താൻ പ്രാദേശിക സഹായം ഉണ്ടായിട്ടുണ്ടാകാമെന്നും പൊലീസ് സംശയിക്കുന്നു.
ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിെൻറ വെടിയേറ്റാണ് ഗൗരി മരിച്ചത്. ഇവർക്ക് സഞ്ചരിക്കാനുള്ള ബൈക്കും താമസവും ഭക്ഷണവും ഒരുക്കിനൽകിയതിനു പിന്നിൽ പ്രാദേശിക സഹായമുണ്ടാകുമെന്ന് പൊലീസ് ഉറച്ചുവിശ്വസിക്കുന്നു. ഇതിനകം ഗൗരിയുടെ ഫോണിലേക്ക് വന്ന 680 കാളുകളും വാട്സ്ആപ് സന്ദേശങ്ങളും പൊലീസ് പരിശോധിച്ചിട്ടുണ്ട്.
പ്രാദേശിക സഹായമില്ലാതെ വിദഗ്ധ കൊലയാളികൾക്കുപോലും ഇത്തരത്തിൽ കൊല നടത്തൽ അസാധ്യമാണെന്ന് എസ്.ഐ.ടിയിലെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി.
പ്രതികളെ തിരിച്ചറിയാതിരിക്കാനും പരമാവധി തെളിവുകൾ ഇല്ലാതാക്കാനുമാണ് പുറത്തുനിന്ന് പ്രഫഷനൽ കൊലയാളികളെ എത്തിച്ച് ഗൗരിയെ കൊലപ്പെടുത്തിയത്.
എന്നാൽ, കേസുമായി ബന്ധപ്പെട്ട ചില നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് അന്വേഷണ സംഘം വെളിപ്പെടുത്തി. കൊലപാതകം എങ്ങനെ നടത്തി, പങ്കാളികളായവർ എത്രപേർ എന്നതുമായി ബന്ധപ്പെട്ട വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. യഥാർഥ പ്രതികളെ തിരിച്ചറിയാനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
അതേസമയം, ഗൗരിയുടെ വീട്ടിലേക്കുള്ള വഴി അന്വേഷിച്ച് രണ്ടുപേർ തന്നെ സമീപിച്ചിരുന്നതായി ഒരാൾ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. ഗൗരി കൊല്ലപ്പെടുന്ന രാത്രി രാജരാജേശ്വരിനഗറിലെ വീടിനു മുന്നിൽ അസ്വാഭാവികമായി ചില കാര്യങ്ങൾ കണ്ടെന്ന് അയൽവാസികളും പൊലീസിനെ അറിയിച്ചിട്ടുണ്ട്.
ആന്ധ്രപ്രദേശിലെ മാവോവാദി വിരുദ്ധ സേനയിലെയും കേന്ദ്ര അന്വേഷണ ഏജൻസിയിലെയും ഉദ്യോഗസ്ഥർ എസ്.ഐ.ടിയോടൊപ്പം ചേർന്നിട്ടുണ്ട്. കൊലക്കു പിന്നിൽ മാവോവാദികൾക്ക് പങ്കുണ്ടെന്ന തരത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലാണിത്. അന്വേഷണം വേഗത്തിലാക്കാൻ എസ്.ഐ.ടിയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തി വിപുലീകരിച്ചിട്ടുണ്ട്.
അതിനിടെ നവമാധ്യമങ്ങളിൽ ഗൗരിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ യുവാവിനെ പൊലീസ് ചോദ്യംചെയ്തു. യാദ്ഗിർ സ്വദേശിയായ മല്ലനഗൗഡ എന്ന മല്ലി അർജുനെ വെള്ളിയാഴ്ചയാണ് സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്. കേസിനെ സഹായിക്കുന്ന നിർണായക വിവരങ്ങൾ ഇദ്ദേഹം പൊലീസിനോട് വെളിപ്പെടുത്തിയതായാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
