ഗൗരി ലങ്കേഷ് വധക്കേസിലെ അവസാന പ്രതിക്കും ജാമ്യം; നീണ്ടുനിൽക്കുന്ന മുൻകൂർ തടങ്കൽ നീതിയെ ദുർബലപ്പെടുത്തുമെന്ന് ജഡ്ജി
text_fieldsബംഗളൂരു: ഗൗരി ലങ്കേഷ് വധക്കേസിൽ കസ്റ്റഡിയിലുള്ള അവസാന പ്രതി ശരദ് ഭൗസാഹേബ് കലാസ്‌കറിനും ബംഗളൂരു കോടതി ജാമ്യം അനുവദിച്ചു. പ്രമുഖ മാധ്യമപ്രവർത്തകയും വലതുപക്ഷ ആശയങ്ങളുടെ നിശിത വിമർശകയുമായ ഗൗരി ലങ്കേഷ് 2017 സെപ്റ്റംബർ അഞ്ചിനാണ് ബംഗളൂരുവിലെ വസതിക്ക് പുറത്ത് വെടിയേറ്റു മരിച്ചത്. നിരവധി സാക്ഷികളും വിപുലമായ തെളിവുകളും ഉൾപ്പെടുന്ന ഈ കേസ് രാജ്യവ്യാപകമായ പ്രതിഷേധത്തിനു വഴിവെച്ചു.
പ്രിൻസിപ്പൽ സിറ്റി സിവിൽ ആൻഡ് സെഷൻസ് ജഡ്ജി മുരളീധര പൈ ബി.യാണ് ബുധനാഴ്ച ഏറ്റവും പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. കലാസ്‌കറിന് കർശന വ്യവസ്ഥകളോടെ വ്യക്തിഗത ബോണ്ടിൽ ജാമ്യം അനുവദിക്കുകയായിരുന്നു. 2018 സെപ്റ്റംബർ 4 മുതൽ കസ്റ്റഡിയിലുള്ള പ്രതി ക്രിമിനൽ നടപടി ചട്ടത്തിലെ 439-ാം വകുപ്പ് പ്രകാരം സ്ഥിരം ജാമ്യം ആവശ്യപ്പെട്ട് ഹരജി നൽകിയിരുന്നു. കേസിലെ 16 കൂട്ടുപ്രതികളെ ജാമ്യത്തിൽ വിട്ടയച്ചതിനെ ഉദ്ധരിച്ച് കലാസ്‌കറിന്റെ നീണ്ട തടങ്കൽ ന്യായരഹിതമാണെന്ന് പ്രതിഭാഗം വാദിച്ചു.
ഹിന്ദുത്വ ആശങ്ങൾ പേറുന്ന ഒരു സംഘടനയുടെ ഭാഗമെന്ന് ആരോപിക്കപ്പെടുന്ന 18 പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. മറ്റ് പ്രതികൾക്ക് ആയുധം കൈകാര്യം ചെയ്യുന്നതിനും ബോംബ് തയ്യാറാക്കുന്നതിനും പരിശീലനം നൽകുന്നതിൽ കലാസ്കർ ഉൾപ്പെട്ടിരുന്നുവെന്ന് പ്രോസിക്യൂഷൻ അവകാശപ്പെട്ടു. ജാമ്യം അനുവദിക്കുമ്പോൾ കലാസ്‌കറിന്റെ പങ്ക് കൊലപാതകവുമായി നേരിട്ട് ബന്ധപ്പെടുത്തിയില്ലെന്നും 18 കൂട്ടുപ്രതികളിൽ 16 പേരും ഇതിനകം ജാമ്യത്തിലായിരുന്നതിനാൽ തുല്യതക്ക് ഊന്നൽ നൽകുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി. മറ്റൊരു പ്രതിയായ വികാസ് പാട്ടീൽ ഒളിവിലാണ്. ഇയാളെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.
പ്രതികൾ നേരിടുന്ന ദീർഘനാളത്തെ തടവ് കാലയളവ് എടുത്തുകാണിച്ച കോടതി, വേഗത്തിലുള്ള വിചാരണക്കുള്ള ഭരണഘടനാപരമായ അവകാശത്തിന് ഊന്നൽ നൽകി. നീണ്ടുനിൽക്കുന്ന മുൻകൂർ തടങ്കൽ നീതിയെ ദുർബലപ്പെടുത്തുമെന്ന് പൈ അടിവരയിട്ടു. എന്നാൽ, സാക്ഷികൾക്ക് ഭീഷണിയുണ്ടാകാൻ സാധ്യതയുള്ളതുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷൻ ഉന്നയിച്ച ആശങ്കകൾ കോടതി തള്ളിക്കളഞ്ഞു. സാക്ഷികളുടെ ഐഡന്റിറ്റി മറച്ചുവെച്ചിട്ടുണ്ടെന്നും ഗണ്യമായ എണ്ണം സാക്ഷിമൊഴികൾ ഇതിനകം രേഖപ്പെടുത്തിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
ഏറെ ചോദ്യങ്ങൾ ഉയർത്തുന്നതാണ് ഗൗരി ലങ്കേഷ് വധക്കേസിന്റെ അന്വേഷണം. കൊലപാതകക്കേസിലെ പ്രധാന സാക്ഷികളിലൊരാൾ കുറ്റസമ്മതമൊഴിയെടുക്കാൻ പൊലീസ് നിർബന്ധിച്ചതായി കഴിഞ്ഞ വർഷം കോടതിയെ അറിയിച്ചിരുന്നു. ലങ്കേഷ് വധത്തിന് പിന്നിൽ പ്രവർത്തിച്ച അതേകൂട്ടം ആളുകൾ തന്നെയാണ് യുക്തിവാദികളായ എം.എം. കൽബുർഗിയുടെയും നരേന്ദ്ര ദാബോൽക്കറുടെയും വധത്തിനു പിന്നിലും പ്രവർത്തിച്ചതെന്ന് പുറത്തുവന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.