ഗൗരി ലങ്കേഷ് വധം: ആസൂത്രണം ചെയ്തത് പാർക്കിൽ
text_fieldsബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിനെ വധിക്കാനുള്ള ഗൂഢാലോചനയും ആസൂത്രണവും നടന്നത് വിജയനഗറിലെ പാർക്കിൽ. ആദിചുൻചനാഗിരി മഠത്തിലെ രണ്ടുദിവസത്തെ മതപരമായ യോഗത്തിൽ പങ്കെടുത്തശേഷം മഠത്തിന് മുന്നിലെ പാർക്കിൽവെച്ച് പ്രതികളായ കെ.ടി. നവീൻകുമാറും സുജിത്ത് കുമാറെന്ന പ്രവീണും കൊലപാതകം ആസൂത്രണം ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) കഴിഞ്ഞദിവസം കോടതിയിൽ സമർപ്പിച്ച പ്രാഥമിക കുറ്റപത്രത്തിൽ വ്യക്തമാക്കുന്നത്. ഹിന്ദുമത വിരുദ്ധരെ ഇല്ലാതാക്കുന്നതിന് നവീൻകുമാറിെൻറ സഹായം തേടിയത് പ്രവീൺ ആണെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്.
കുറ്റപത്രം സമർപ്പിക്കുന്നതിന് തൊട്ടുമുമ്പാണ് ഉഡുപ്പി സ്വദേശിയായ പ്രവീണിനെ (37) ഗൗരി ലങ്കേഷ് വധത്തിലെ രണ്ടാം പ്രതിയാക്കി അറസ്റ്റ് രേഖപ്പെടുത്തുന്നത്. 2017 ആഗസ്റ്റ് 19,20 തീയതികളിൽ നടന്ന മഠത്തിലെ പരിപാടികൾ പങ്കെടുത്ത നവീനും പ്രവീണും പാർക്കിൽ വെച്ച് ഗൗരി ലങ്കേഷിനെ കൊലപ്പെടുത്താനുള്ള പദ്ധതികൾ തയാറാക്കിയെന്നാണ് നവീൻകുമാറിെൻറ കുറ്റസമ്മതമൊഴി.
നവീൻ കലാശിപാളയത്തുനിന്നും വെടിയുണ്ടകൾ വാങ്ങിയെന്നതിനുള്ള സാക്ഷിമൊഴിയും കുറ്റപത്രത്തിലുണ്ട്. മദ്ദൂരിൽ ഹിന്ദു യുവസേന രൂപവത്കരിച്ച് കൺവീനറായി പ്രവർത്തിച്ചുവരുകയായിരുന്ന നവീന് സനാതൻ സൻസ്തയുമായി അടുത്ത ബന്ധമുള്ളതായും ഭാര്യയുടെ മൊഴിയുണ്ട്. ഹിന്ദുധർമത്തെയും ദൈവങ്ങളെയും വിമർശിക്കുന്ന ഗൗരി ലങ്കേഷിെൻറ ‘ഹിന്ദുവിരുദ്ധ’ നിലപാടുകളാണ് പ്രതികളെ കൊലപാതകത്തിലേക്ക് നയിച്ചതെന്നും കുറ്റപത്രത്തിൽ വ്യക്തമാക്കുന്നുണ്ട്. നവീൻ കുമാറിനെയും പ്രവീണിനെയും കൂടാതെ പ്രത്യേക അന്വേഷണസംഘം മൂന്നുപേരെ കൂടി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
