ഗൗരവ് ഗൊഗോയി എം.പിക്ക് പാക് ബന്ധമെന്ന് അസം മുഖ്യമന്ത്രി; മൂന്നാംകിട സിനിമക്കഥയേക്കാൾ മോശമെന്ന് ഗൗരവ് ഗൊഗോയി
text_fieldsഗുവാഹതി: കോൺഗ്രസ് നേതാവ് ഗൗരവ് ഗൊഗോയിക്കും ഭാര്യ എലിസബത്ത് കോൾബണിനും പാക് ആസൂത്രണ കമീഷൻ ഉപദേഷ്ടാവ് അലി തൗഖീർ ശൈഖുമായി അടുത്ത ബന്ധമുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആരോപിച്ചു. 2013ൽ ഗൊഗോയി രഹസ്യമായി പാകിസ്താൻ സന്ദർശിച്ചുവെന്നും അവിടെ പരിശീലനം നേടിയെന്നാണ് കരുതുന്നതെന്നും ഹിമന്ത ബിശ്വ ശർമ വാർത്തസമ്മേളനത്തിൽ ആരോപിച്ചു.
ബ്രിട്ടീഷുകാരിയായ എലിസബത്തും അലി തൗഖീർ ശൈഖും അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണെന്നാണ് കരുതുന്നത്. പാകിസ്താനുമായി എലിസബത്ത് രഹസ്യവിവരങ്ങൾ പങ്കുവെച്ചു. എലിസബത്ത് രഹസ്യരേഖകൾ തൗഖീർ ശൈഖിന് പങ്കുവെച്ചതായി 44 പേജുകളുള്ള പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ടിൽ പറയുന്നുണ്ട്. അതി ഗൗരവമുള്ള വിഷയമായതിനാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ഏറ്റെടുക്കാൻ ആവശ്യപ്പെടാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചതായി ഹിമന്ത കൂട്ടിച്ചേർത്തു.
അതേസമയം, മൂന്നാംകിട സിനിമക്കഥയേക്കാൾ മോശമാണ് ഹിമന്ത ബിശ്വ ശർമയുടെ ആരോപണമെന്നും അത് പൊളിഞ്ഞുപോകുമെന്നും ഗൗരവ് ഗൊഗോയി പ്രതികരിച്ചു. ഏപ്രിലിൽ അസമിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

