സി.ജെ.പി നേതാക്കൾക്കെതിരെ രണ്ട് കോടിയുടെ മാനനഷ്ടക്കേസുമായി ബി.ജെ.പി വക്താവ്
text_fieldsന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ തനിക്കെതിരെ അപകീർത്തികരമായ ഉള്ളടക്കം പ്രചരിപ്പിച്ചെന്നാരോപിച്ച് ‘കോക്രോച്ച് ജനതാ പാർട്ടി’ (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദിപ്‌കെ, സഹ കൺവീനർമാരായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവർക്കെതിരെ ബി.ജെ.പി ദേശീയ വക്താവും മുതിർന്ന അഭിഭാഷകനുമായ ഗൗരവ് ഭാട്ടിയ ഡൽഹി ഹൈകോടതിയിൽ മാനനഷ്ടക്കേസ് നൽകി. രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട ഹരജിയിൽ സി.ജെ.പിയെയും കക്ഷിയാക്കിയിട്ടുണ്ട്.
കേസ് ബുധനാഴ്ച ഹൈകോടതി പരിഗണിക്കും. കോടതിയിൽ ശക്തമായ വാദങ്ങൾ ഉയരുമെന്നും ‘കള്ളങ്ങളുടെ ശവപ്പെട്ടിയിൽ അവസാന ആണി തറക്കുമെന്നും’ ഭാട്ടിയ ചൊവ്വാഴ്ച എക്സിൽ കുറിച്ചു.
‘ഹിൽതേ ദുൽതേ ഗ്രേറ്റർ നോയിഡ കോടതിയിൽ എത്തിപ്പെടരുത്’ എന്നായിരുന്നു സൗരവ് ദാസിന്റെ പ്രതികരണം.
ഗൗരവ് ഭാട്ടിയ പറയാത്ത പ്രസ്താവന അദ്ദേഹത്തിന്റേതെന്ന തരത്തിൽ ചിത്രീകരിച്ച ഗ്രാഫിക് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് ഹരജിയിലെ പ്രധാന ആരോപണം. സെപ്റ്റംബർ അഞ്ചിന് പങ്കുവെച്ച പോസ്റ്റ് പിന്നീട് നീക്കം ചെയ്യുകയും എ.ഐ ഉപയോഗിച്ച് സൃഷ്ടിച്ചതാണെന്നുമായിരുന്നു സൗരവ് ദാസിന്റെ വിശദീകരണം. എന്നാൽ സംഭവത്തിൽ നിരുപാധികം മാപ്പുപറയണമെന്ന് ഭാട്ടിയ ആവശ്യപ്പെട്ടു.
ആരോപണങ്ങൾ പരിധി കടക്കുമ്പോൾ നിയമം അതിന് പരിധിവരക്കുമെന്ന് മറ്റൊരു എക്സ് പോസ്റ്റിൽ ഭാട്ടിയ പറഞ്ഞു. വസ്തുതകളും തെളിവുകളും നിയമവാഴ്ചയും അടിസ്ഥാനമാക്കി വിഷയം ഇനി കോടതിയിൽ പരിശോധിക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.
സമൂഹമാധ്യമങ്ങളിലൂടെ വ്യക്തികളെ ലക്ഷ്യമിട്ട് അപകീർത്തിപ്പെടുത്തുന്ന സി.ജെ.പി നേതാക്കളുടെ സമീപനം സ്വീകരിക്കുന്നതായും ജുഡീഷ്യറിയുടെ അന്തസ്സിനെയും അധികാരത്തെയും ബാധിക്കുന്ന പരാമർശങ്ങൾ നടത്തിയതായും ഹരജിയിൽ ആരോപിക്കുന്നു. ഇത്തരം ഉള്ളടക്കങ്ങൾ ഭാവിയിൽ പ്രചരിപ്പിക്കുന്നത് തടയാൻ സ്ഥിരമായ വിലക്ക് ഏർപ്പെടുത്തണമെന്നും രണ്ട് കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഓൺലൈൻ പ്രചാരണമായി ആരംഭിച്ച സി.ജെ.പി പിന്നീട് നീറ്റ് ചോദ്യപേപ്പർ ചോർച്ചക്കെതിരെ ഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന പ്രക്ഷോഭത്തിനും നേതൃത്വം നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

