ഡൽഹിയിൽ ഉത്തരാഖണ്ഡ് ഏക സിവിൽ കോഡ് സമിതിയുടെ അഭിപ്രായ ശേഖരണം
text_fieldsന്യൂഡൽഹി: ഏക സിവിൽ കോഡ് നടപ്പാക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളിൽനിന്നും അംഗീകൃത സമുദായ സംഘടനകളിൽനിന്നും നിയമ കമീഷൻ വീണ്ടും അഭിപ്രായം തേടിയതിനിടയിൽ, ഉത്തരഖണ്ഡിൽ ഏക സിവിൽകോഡ് നടപ്പാക്കുന്ന കാര്യത്തിൽ ഡൽഹിയിൽ വിദഗ്ധ സമിതി തെളിവെടുപ്പ്. ഏക സിവിൽ കോഡ് നടപ്പാക്കാൻ ആദ്യം മുന്നിട്ടിറങ്ങിയ സംസ്ഥാനമാണ് ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡ്. സുപ്രീംകോടതി മുൻജഡ്ജി രഞ്ജന പ്രകാശ് ദേശായിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ നിയോഗിച്ച സമിതിയാണ് ഡൽഹിയിൽ കഴിയുന്ന ഉത്തരാഖണ്ഡ് സ്വദേശികളിൽനിന്ന് നിലപാട് തേടിയത്.
വിദഗ്ധ സമിതി തയാറാക്കുന്ന ഏക സിവിൽ കോഡ് സാമൂഹിക ഘടനയും ലിംഗസമത്വവും മെച്ചപ്പെടുത്തുമെന്നും സാമ്പത്തിക, സാമൂഹിക, സാമുദായിക അസമത്വങ്ങളോട് പൊരുതാൻ സഹായിക്കുമെന്നും രഞ്ജന പ്രകാശ് ദേശായി പറഞ്ഞു. എല്ലാ സമുദായത്തിനും ഇണങ്ങുന്ന കരടു രേഖയാണ് തയാറാക്കുക. വിവാഹം, വിവാഹമോചനം, പിന്തുടർച്ച, രക്ഷാകർതൃത്വം തുടങ്ങിയവ ഏക സിവിൽ കോഡിന്‍റെ ഭാഗമാക്കുകയും കുട്ടികൾ, സ്ത്രീകൾ, ഭിന്നശേഷിക്കാർ എന്നിവരുടെ താൽപര്യങ്ങൾക്ക് ഊന്നൽ നൽകുകയും ചെയ്യും.
മത നേതാക്കൾ അടക്കമുള്ളവരെ അംഗങ്ങൾ കണ്ടു. രാഷ്ട്രീയ പാർട്ടികളും നിലപാട് അറിയിച്ചു. വലിയ പിന്തുണയാണ് കിട്ടുന്നതെന്നാണ് രഞ്ജന ദേശായി വിശദീകരിച്ചത്. വിവിധ സമുദായങ്ങളുടെ പരമ്പരാഗത ആചാരങ്ങളെ ബാധിക്കാത്ത വിധമാണ് ഏക സിവിൽ കോഡ് തയാറാക്കുകയെന്ന് വിദഗ്ധ സമിതി അംഗവും റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥനുമായ ശത്രുഘ്ന സിങ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

