ആന്ധ്ര എണ്ണക്കിണറിലെ തീപിടിത്തം രണ്ടാം ദിവസവും അണക്കാനായില്ല; അഞ്ച് കി.മീ ചുറ്റളവിൽനിന്നും ആളുകളെ പൂർണമായി ഒഴിപ്പിച്ചു
text_fieldsഅമരാവതി: ആന്ധ്ര പ്രദേശിലെ എണ്ണക്കിണറിലുണ്ടായ തീപിടിത്തം രണ്ടാം ദിവസവും അണയ്ക്കാനായില്ല. പ്രദേശവാസികളെ പൂർണമായും ഒഴിപ്പിച്ചിരിക്കുകയാണ്. ഡൽഹിയിൽനിന്ന് ഒ.എൻ.ജി.സിയുടെ വിദഗ്ധ സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. തീ പിടിത്തത്തിന്‍റെ രൂക്ഷതയിൽ 20 ശതമാനം മാത്രമാണ് കുറവുണ്ടായത്.
ഡോ. ബി.ആർ. അംബേദ്കർ കൊണസീമ ജില്ലയിലെ മോറി, ഇരുസുമാണ്ട ഗ്രാമങ്ങൾക്ക് സമീപത്തെ എണ്ണക്കിണറിൽ ഇന്നലെ ഉച്ചയ്ക്ക് 12.40ഓടെയാണ് തീപിടിത്തമുണ്ടായത്. ഒ.എൻ.ജി.സിയുടെ മോറി-5 എന്ന കിണറിലാണ് സംഭവം. എണ്ണക്കിണറിൽ അറ്റകുറ്റപ്പണിയുടെ ഭാഗമായി ഡ്രിൽ ചെയ്യുന്നതിനിടെ പൈപ്പ് ലൈനിൽ തകരാർ സംഭവിക്കുകയും ഗ്യാസ് ലീക്കുണ്ടാകുകയുമായിരുന്നു.
20 മീറ്റർ ഉയരവും 25 മീറ്റർ വീതിയുമുള്ള തീയാണ് പടർന്നത്. ആളപായമൊന്നുമുണ്ടായിട്ടില്ല. തീപിടിത്തമുണ്ടായ ഉടൻ ഫയർ എൻജിനുകൾ ചുറ്റിലുംനിന്ന് വെള്ളം ചീറ്റി കുട സൃഷ്ടിച്ച് താപനില കുറയ്ക്കാൻ ശ്രമിച്ചിരുന്നു. ഇത് വലിയ രീതിയിൽ സഹായിച്ചു എന്നാണ് ഒ.എൻ.ജി.സി അധികൃതർ പറയുന്നത്.
അഞ്ച് കി.മീ ചുറ്റളവിൽനിന്നും ആളുകളെ പൂർണമായി ഒഴിപ്പിച്ചിരിക്കുകയാണ്. മൂന്ന് ഗ്രാമങ്ങളിൽനിന്നായി 600ഓളം പേരെ ഒഴിപ്പിച്ചു. ഒരു കിലോമീറ്റർ നോ സോൺ ആയും പ്രഖ്യാപിച്ചിട്ടുണ്ട്.
അഹമ്മദാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ഡീപ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്‍റെ പക്കലാണ് ഇപ്പോൾ മോറി-5 എണ്ണക്കിണറുള്ളത്. 2024 ൽ 1,402 കോടി രൂപയുടെ കരാറിലൂടെയാണ് ഡീപ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ഈ എണ്ണക്കിണർ ഏറ്റെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

