വാതിൽക്കൽ കത്തിച്ചുവെച്ച വിളക്കിൽ നിന്നും ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു; ഡെലിവറി ജീവനക്കാരൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
text_fieldsബെംഗളൂരു: മല്ലേശ്വരത്ത് ഗ്യാസ് സിലിണ്ടർ ഡെലിവറി ചെയ്യുന്നതിനിടയിലുണ്ടായ തീപിടുത്തത്തിന്റെ ഭീതിജനകമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. വീടിന്റെ പ്രവേശന വാതിലിന് സമീപം വെച്ച സിലിണ്ടറിലെ ചോർച്ചയാണ് വലിയൊരു അപകടത്തിന് കാരണമായത്. വാതിൽ പടിയിൽ പൂജയുടെ ഭാഗമായി കത്തിച്ചുവെച്ചിരുന്ന നിലവിളക്കിലെ തിരിയിൽ നിന്ന് സിലിണ്ടറിലേക്ക് തീപിടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഭാഗ്യം കൊണ്ടുമാത്രമാണ് ഡെലിവറി ജീവനക്കാരൻ പരിക്കുകളില്ലാതെ രക്ഷപ്പെട്ടത്.
മല്ലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വീടിന് മുന്നിൽ സിലിണ്ടർ ഇറക്കിവെക്കാനെത്തിയതായിരുന്നു ജീവനക്കാരൻ. വീടിന്റെ പടിവാതിലിൽ വീട്ടുകാർ പ്രാർത്ഥനക്കായി വിളക്ക് കൊളുത്തി വെച്ചിട്ടുണ്ടായിരുന്നു. ഭാരമുള്ള സിലിണ്ടർ തോളിൽ ചുമന്ന് എത്തിച്ച ജീവനക്കാരൻ ശ്രദ്ധിക്കാതെ ഇത് വിളക്കിന് സമീപം വെച്ചയുടൻ ചോർന്നൊഴുകിയ ഗ്യാസ് തീപടരുകയായിരുന്നു. സെക്കൻഡുകൾക്കുള്ളിൽ സിലിണ്ടറിന് ചുറ്റും തീ ആളിപ്പടർന്നു.
ഉടൻ തന്നെ ജീവനക്കാരൻ പിന്നിലേക്ക് മാറി രക്ഷപ്പെടുകയായിരുന്നു. പ്രദേശത്ത് വലിയ പരിഭ്രാന്തി പരത്തിയ ഈ സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. വിവരമറിഞ്ഞ് പൊലീസും അഗ്നിശമന സേനയും ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും വീടുകൾക്ക് മുന്നിൽ വിളക്കുകളോ മറ്റ് തീനാളങ്ങളോ ഉള്ളപ്പോൾ സിലിണ്ടറുകൾ കൈകാര്യം ചെയ്യുമ്പോൾ വൻ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പാണ് ഈ സംഭവം നൽകുന്നത്.

