കുറഞ്ഞ വിലക്ക് സ്വർണ കട്ടികൾ നൽകുമെന്ന് വാഗ്ദാനം; 189.49 കോടി രൂപയുടെ സൈബർ തട്ടിപ്പ് നടത്തിയ സംഘം അറസ്റ്റിൽ
text_fieldsഅറസ്റ്റിലായവർ
മൈസൂരു:കുറഞ്ഞ വിലക്ക് സ്വർണ്ണക്കട്ടികൾ വാഗ്ദാനം ചെയ്ത് സോഷ്യൽ മീഡിയ നെറ്റ്‌വർക്കുകൾ വഴി ആഭരണ വ്യാപാരികളെ വശീകരിച്ച് രാജ്യത്തുടനീളം 189.49 കോടി രൂപ തട്ടിപ്പ് നടത്തിയ വൻ അന്തർ സംസ്ഥാന സൈബർ തട്ടിപ്പു സംഘത്തെ മൈസൂരു ജില്ല സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. പഞ്ചാബിൽ നിന്നുള്ള അമിത് സിങ് എന്ന അനി, മഹാരാഷ്ട്രയിൽ നിന്നുള്ള യതിൻ രമേശ് ജെയിൻ, മുഹമ്മദ് ഷദാബ് അഞ്ജും എന്നിവരാണ് അറസ്റ്റിലായത്. മൈസൂരു ജില്ലയിൽ കെആർ നഗറിൽ നിന്നുള്ള ജ്വല്ലറി ഉടമ ജിതേന്ദ്ര കുമാർ ഖണ്ഡേൽവാളിന്റെ പരാതിയിൽ അന്വേഷണം നടത്തിയാണ് അറസ്റ്റിലേക്ക് നീങ്ങിയത്.
മുഖ്യപ്രതി അമിത് ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിലായി സംഘം നടത്തിയിരുന്ന 56 ബാങ്ക് അക്കൗണ്ടുകൾക്കെതിരെ ഏകദേശം 196 സൈബർ കുറ്റകൃത്യ പരാതികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും 189 കോടി 48 ലക്ഷം രൂപ തട്ടിപ്പ് നടത്തിയതായും ചൊവ്വാഴ്ച തന്റെ ഓഫീസ് ഓഡിറ്റോറിയത്തിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ പൊലീസ് സൂപ്രണ്ട് മല്ലികാർജുൻ ബാലദണ്ടി പറഞ്ഞു.
ജില്ല പൊലീസ് സൂപ്രണ്ട് വാർത്താസമ്മേളനത്തിൽ
ഈ വർഷം ജനുവരി 27 ന് കെആർ നഗർ ജ്വല്ലറി വ്യാപാരിയായ ഖണ്ഡേൽവാളിന്റെ പരാതിയിൽ സൈബർ പോലീസ് ഐടി ആക്ടിലെ സെക്ഷൻ 66 (ഡി) പ്രകാരവും ബിഎൻഎസ് സെക്ഷൻ 318 (4), 319 (2) പ്രകാരവും മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഇദ്ദേഹം 100 ഗ്രാം സ്വർണത്തിനായി 13.69 ലക്ഷം രൂപ തട്ടിപ്പ് സംഘത്തിന്റെ ബാങ്ക് അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്തിരുന്നു. എന്നാൽ, സ്വർണം നൽകാതെ പ്രതികൾ ഒളിവിൽ പോയതായി പരാതിയിൽ പറയുന്നു.
കർണാടകയിൽ മാത്രം മൈസൂരു ജില്ലയിലെ കേസ് ഉൾപ്പെടെ 12 കേസുകളിൽ പ്രതികൾക്കെതിരെയുണ്ട്. ബിഹാർ, ഒഡീഷ, മഹാരാഷ്ട്ര, മറ്റ് സംസ്ഥാനങ്ങൾ എന്നിവയുൾപ്പെടെ രാജ്യത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെട്ട സമാനമായ തട്ടിപ്പ് കേസുകളിൽ ഇവർ പ്രതികളാണെന്ന് എസ്.പി പറഞ്ഞു.
മല്ലികാർജുൻ ബാലദണ്ടി, അഡീ. എസ്.പി സി. മല്ലിക്, അഡീ. എസ്.പി- എൽ. നാഗേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം പ്രവർത്തിച്ചത്. സി.ഇ.എൻ ഡിവൈ.എസ്പി ആർ. ശ്രീകാന്ത്, സൈബർ ക്രൈം ഇൻസ്പെക്ടർ എസ്.പി സുനിൽ, എസ്.ഐ ആർ. ലക്ഷ്മി, സ്റ്റാഫ് എസ്. മഞ്ജുനാഥ്, എച്ച്.വി രംഗസ്വാമി, ജി. എസ് അഭിഷേക്, സി. എൻ മഹേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

